കൊച്ചി: ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് തെറ്റുകള്‍ മനസിലാക്കി കൊടുക്കാന്‍ കൗണ്‍സലിംഗ്. മോട്ടോര്‍ വാഹന വകുപ്പിന്റെ കാക്കനാടുള്ള ഡ്രൈവേഴ്സ് കൗണ്‍സലിംഗ് സെന്ററിലാണ് വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്കായി കൗണ്‍സലിംഗ് സംഘടിപ്പിച്ചത്. പിഴവുകളുടെ ആഴം മനസിലാക്കി കൊടുക്കുന്നതു വഴി ഭാവിയില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രേരണ ചെലുത്തുകയാണ് കൗണ്‍സലിംഗിന്റെ ലക്ഷ്യമെന്ന് ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എ. സൈനുദ്ദീന്‍ പറഞ്ഞു.
നാല്പത് ഡ്രൈവര്‍മാരെയാണ് ഇന്നലെ നടന്ന കൗണ്‍സലിംഗില്‍ പങ്കെടുപ്പിച്ചത്. മൊബെയില്‍ ഫോണ്‍ ഉപയോഗം, ലൈന്‍ മര്യാദ പാലിക്കാതിരിക്കല്‍, അമിതവേഗം തുടങ്ങിയ കേസുകള്‍ ചുമത്തപ്പെട്ടവരാണ് പങ്കെടുത്തവരിലേറെയും. ട്രാഫിക് സൈക്കോളജിസ്റ്റ് പി.എം. മുഹമ്മദ് നജീബ്, കൗണ്‍സലിംഗ് സെന്റര്‍ കോ ഓഡിനേറ്റര്‍ ആദര്‍ശ് കുമാര്‍.ജി. നായര്‍, ഫ്ലയിംസ് സ്ക്വാഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു ജയിംസ്, വിനോദ് കുമാര്‍, നൗഫല്‍ എന്നിവര്‍ കൗണ്‍സലിംഗിന് നേതൃത്വം നല്കി.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന വാഹനപരിശോധനയില്‍ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലാകുന്നവരെയാണ് കൗണ്‍ലിംഗിന് വിധേയമാക്കുന്നത്. ഒരു ദിവസം മുഴുവന്‍ നീളുന്ന കൗണ്‍സലിംഗില്‍ ഡ്രൈവര്‍മാരുടെ സ്വഭാവരീതിയിലും ഡ്രൈവിംഗ് ശൈലികളിലും മാറ്റം വരുത്തുന്നതിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് കൗണ്‍സലിംഗ് നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: