തൃശ്ശൂര്‍: സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി എട്ടാംവര്‍ഷവും സെന്‍ മാഷിന്റെ കുട്ടികള്‍ക്ക് എ ഗ്രേഡ്. ഇരുകാലുകളും തളര്‍ന്ന്, തമാശയൊട്ടുമില്ലാത്ത ജീവിതത്തില്‍ വൈകല്യത്തെ പൊരുതിതോല്‍പിച്ച ബി.കെ.സെന്‍ എന്ന അധ്യാപകന് ജീവിതത്തിലും സമൂഹത്തിന് മാതൃകയാണ്.
ഇരുപത്തിയൊന്ന് വര്‍ഷമായി മിമിക്രിരംഗത്തുള്ള സെന്‍ മാഷിന്റെ 12 കുട്ടികള്‍ സംസ്ഥാന കലോത്സവങ്ങളിലെത്തി നേട്ടം കൊയ്തിട്ടുണ്ട്. കേരള സര്‍വകലാശാല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള കെ.ആര്.ലക്ഷ്മിയും മൂന്നാം സ്ഥാനം നേടിയിട്ടുള്ള എസ്.നൗഫലും സെന്മാഷിന്റെ ശിഷ്യരാണ്. സെന്‍ മാഷിന്റെ തിരുവനന്തപുരം വെഞ്ഞാറമൂട് ഗുരുകുലം വീട്ടില്‍ നിന്നും പരിശീലനം നേടി ഇത്തവണ കലോത്സവവേദിയില്‍ എഗ്രേഡ് സ്വന്തമാക്കിയവര്‍ ഹയര്‍സെക്കന്‍ഡറി ആണ്‍കുട്ടികളില്‍ ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്സ് ഹൈസ്കൂളിലെ നിതിന്‍ എസും പെണ്‍കുട്ടികളില്‍ ചിറയന്‍കീഴ് ശാരദാവിലാസം എച്ച്.എസ്.എസിലെ മാളവിക എം.എസ്സുമാണ്. നാളെ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രിയില്‍ മത്സരത്തിനിറങ്ങുന്ന തേമ്പാമൂട് ജനതാ ഹൈസ്കൂളിലെ അശ്വിന് ബി.യും മാഷിന്റെ ശിഷ്യനാണ്.
വെഞ്ഞാറമൂട് ഗവ.എല്‍.പി. സ്കൂള്‍ അധ്യാപകനായ സെന്മാഷിന്റെ വീട്ടില്‍ ഒരു വര്‍ഷം സ്കൂള്‍ കലോത്സവ പരിശീലനത്തിനായി നാല് ശിഷ്യര്ക്കുമാത്രമെ അവസരം നല്‍കുകയുള്ളൂ. എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളില്‍നിന്നും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും മാത്രം. പഠിപ്പിക്കുന്ന കുട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് കാണാന്‍ തനിക്കാവാത്തതുകൊണ്ടാണ് ഈ രീതി സ്വീകരിച്ചതെന്നും മാഷ് പറയുന്നു. സര്‍വകലാശാല തലത്തിലാണെങ്കില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും മാത്രം.
കഴിഞ്ഞ കലോത്സവത്തിലും മാഷിന്റെ കുട്ടികള്‍ നേട്ടം കൊയ്തിരുന്നു. മാളവികയും അമല്ബാബുവുമായിരുന്നു ഇവര്‍. മാളവികയും നിതിനും ഇപ്പോള്‍ നേട്ടം കൊയ്തപ്പോഴും തൊട്ടടുത്ത് മാഷ് ഇല്ലാത്തതിന്റെ സങ്കടം അവര്‍ക്ക് ബാക്കിയാണ്.
ഇടുപ്പെല്ലിന് സ്ഥാനം തെറ്റിയതുമൂലം ജന്മനാ വൈകല്യമുള്ള സെന്‍ മാഷിന് 2005 മുതലാണ് പൂര്‍ണ്ണമായും ചലനശേഷി നഷ്ടപ്പെട്ടത്. വെഞ്ഞാറമൂട്ടില്‍ നടന് സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരന് സജിയുമായി ചേര്‍ന്ന് രൂപീകരിച്ച സംഘമായിരുന്നു വെഞ്ഞാറമൂട്ടിലെ ആദ്യ മിമിക്രി ട്രൂപ്പ്. അതിനുശേഷം സുരാജ് വെഞ്ഞാറമൂടിനൊപ്പവും മാഷ് മിമിക്രി വേദിയിലെത്തി.
വീല്‍ ചെയറിലാണെങ്കിലും വിധിക്കുമുമ്പില്‍ മുട്ടുമടക്കാന്‍ മാഷ് തയ്യാറല്ല. മിമിക്രി അധ്യാപനവും പരിസ്ഥിതിപ്രവര്‍ത്തനവും മാഷിന്റെ ജീവവായുവാണ്. സ്കൂളില്‍ മാഷ് നടപ്പിലാക്കിയ മഴവെള്ള സംഭരണം, വൃക്ഷത്തൈ നടല്‍, പൂന്തോട്ടമൊരുക്കല്‍, മഴ മ്യൂസിയം, വേനല്‍ ആല്‍ബം, പരിസ്ഥിതി നാടകങ്ങള്‍ എന്നിവ ബയോ ഡൈവേഴ്സിറ്റി ബോര്‍ഡിന്റെ ഹരിത അധ്യാപകനുള്ള പുരസ്കാരം നേടിക്കൊടുത്തു. ഗാന്ധിദര്‍ശന്‍ പുരസ്കാരം, പലതുള്ളിയുടെ അധ്യാപക പുരസ്കാരം എന്നിവയും സെന്‍ മാഷിനെ തേടിയെത്തിയിട്ടുണ്ട്. ലേഖയാണ് ഭാര്യ. ഇമേജ് സെന്‍, മാക്സിമാ സെന്‍ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: