തൃശൂര്‍ : ശക്തന്റെ തട്ടകത്തില്‍ ആവേശം വിതറി കലയുടെ മാമാങ്കം മൂന്ന് നാള് പിന്നിട്ടപ്പോള്‍ കിരീടത്തിനായുള്ള പോരാട്ടം ഇഞ്ചോടിഞ്ചാകുന്നു. കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് ഓവറോള്‍ കിരീടത്തിനായുള്ള പോരാട്ടത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇതില്‍ 53 മത്സരങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 217 പോയിന്റോടെ കോഴിക്കോടാണ് മുന്നിട്ട് നില്‍ക്കുന്നത്. 216 പോയിന്റുകള്‍ നേടി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 215 പോയിന്റോടെ ആതിഥേയരായ തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
സംസ്കൃതോത്സവത്തില്‍ കൊല്ലവും മലപ്പുറവും അമ്പത് പോയിന്റുകള്‍ വീതം നേടി ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് 48 പോയിന്റുകളോടെ കണ്ണൂരും തൃശൂരുമാണ് രണ്ടാം സ്ഥാനത്ത്. അറബി സാഹിത്യോത്സവത്തില്‍ എറണാകുളം 18 പോയിന്റോടെയും കോട്ടയം 16 പോയിന്റോടെയും ഇടുക്കി 6 പോയിന്റോടെയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുന്നു. മൂന്നാം ദിനത്തിലും മത്സരങ്ങള്‍ വൈകിത്തന്നെയാണ് തുടങ്ങിയത്.
ഓരോ ദിവസം ചെല്ലുന്തോറും അപ്പീലുകളുടെ കുത്തൊഴുക്ക് ഏറിവരികയാണ്. ഇതിനിടയില്‍ ജഡ്ജസ്സിനെ സ്വാധീനിച്ചുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്. പ്രധാന വേദിയായ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ കേരള നടനം രാവിലെ ഒമ്പതരക്ക് ആരംഭിച്ച് വൈകിട്ട് നാലരക്കാണ് അവസാനിച്ചത്. ഒമ്പത് പേരാണ് ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കേരള നടനത്തിന് അപ്പീലുമായെത്തിയത്. മത്സരിച്ച 23 പേര്‍ക്കും എഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ അപ്പീലുമായെത്തിയവര് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളില്‍ അപ്പീലുമായെത്തി വിദ്യാര്‍ത്ഥിയാണ് ഒന്നാം സ്ഥാനം നേടിയത്.
നാടകവും ഒരു മണിക്കൂര്‍ വൈകിയാണ് ഇന്നലെ തുടങ്ങിയത്. പലവേദികളിലും സദസ്യര്‍ നിറഞ്ഞ് കവിഞ്ഞു.കലോത്സവ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്കാന് സംവിധായകനായ സത്യന് അന്തിക്കാട്, നടന് ഹരിശ്രീ അശോകന് തുടങ്ങിയവര്‍ തൃശൂരിലെത്തിയിരുന്നു. നൃത്തവേദികളില്‍ ആസ്വാദകരുടെ എണ്ണം ഏറെയാണ്. ഇന്ന് ഏറെ ശ്രദ്ധേയമായ തിരുവാതിരക്കളി, പഞ്ചവാദ്യം, തായമ്പക, ഓട്ടംതുള്ളല്‍, കഥകളി എന്നിവ പ്രധാന വേദികളില്‍ നടക്കും. ഞായറാഴ്ചയാണ് കലോത്സവം സമാപിക്കുന്നത്. അടുത്ത വര്‍ഷം മലപ്പുറമാണ് കലോത്സവത്തിന്റെ വേദി.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: