അച്യുതമേനോന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ആറ് വര്‍ഷത്തിലേറെക്കാലം നീണ്ടുനിന്ന ഭരണം ആത്മാര്‍ത്ഥമായ ചര്‍ച്ചയ്ക്ക് വിധേയമായാല്‍, അത് അസ്വസ്ഥത വിതയ്ക്കുക ഇടതു-ജനാധിപത്യ മുന്നണിയിലായിരിക്കും. മുന്നണിയിലെ ഇരു കമ്മ്യൂണിസ്റ്റ് കക്ഷികളും തമ്മിലുള്ള ബന്ധത്തെയാവും അത് ദോഷകരമായി ബാധിക്കുക. അതുകൊണ്ട് അത്തരത്തിലുള്ള ഒരു ചര്‍ച്ചയോ ചിന്തയോ മുന്നണി നയിക്കുന്ന സിപിഎം എല്ലായ്പ്പോഴും ഒഴിവാക്കുകയാണ് പതിവ്. അച്യുതമേനോന് ഭരണകാലത്തെ കുറിച്ച് അഭിമാനം കൊള്ളുമ്പോഴും അക്കാലത്തെ സിപിഎം നിലപാടിനെപ്പറ്റി ഓര്‍ക്കാന്‍ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാഘോഷ വേളയില്‍ പോലും സിപിഐ നേതൃത്വം ഇഷ്ടപ്പെടില്ല. അത്രയേറെ ശത്രുതയിലായിരുന്നു ഇപ്പോള്‍ ഒരു മുന്നണിയില്‍ കഴിയുന്ന ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അക്കാലത്ത്. കെ.കരുണാകരനെപ്പോലെയോ, ഒരുപക്ഷെ അദ്ദേഹത്തെക്കാളേറെയോ കേരളത്തില്‍ മാര്‍ക്സിസ്റ്റുകാരുടെ ഉറക്കം കെടുത്തിയ നേതാവായിരുന്നു സി.അച്യുതമേനോന്. എത്രയെത്ര സമരങ്ങളാണ് അച്യുതമേനോന് സര്‍ക്കാരിനെതിരെ സിപിഎം നടത്തിയത്. ആ സമരങ്ങളെ നേരിടാന്‍ അച്യുതമേനോന് എന്തൊക്കെ നടപടികളാണ് ആവിഷ്ക്കരിച്ചത്. അതൊക്കെ കൊണ്ടാണ് ഏതോ ഒരു സോപ്പ് പൊടിയുടെ പരസ്യവാചകത്തിലെപോലെ ‘അതെല്ലാം മറന്നേക്കൂ’ എന്ന മട്ടില്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതാക്കളും ഇന്ന് മുന്നോട്ട് പോവുന്നത്.
രണ്ടാം ഇഎംഎസ് മന്ത്രിസഭയെ അട്ടിമറിച്ച് കോണ്‍ഗ്രസിന്റെ പിന്തുണയോടെയും പിന്നീട് പങ്കാളിത്തത്തോടെയും ഉള്ള ഭരണത്തിന് നേതൃത്വം നല്‍കിയെന്നതായിരുന്നു അച്യുതമേനോനോട് സിപിഎമ്മിന്റെ യുദ്ധപ്രഖ്യാപനത്തിനുള്ള ആദ്യ പ്രകോപനം. ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിനെക്കാള്‍ കഴിവുറ്റ ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടാവരുതെന്ന വാശിയിലും ഇഎംഎസാണ് കമ്മ്യൂണിസത്തിന്റെ അവസാന വാക്കെന്ന വിശ്വാസത്തിലും ആയിരുന്നു അന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. കോണ്‍ഗ്രസിന്റെ അധികാര കുത്തക കേരളത്തില്‍ അവസാനിപ്പിച്ചു എന്ന് ഇഎംഎസും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അഹങ്കരിച്ചിരുന്നപ്പോഴാണ് അച്യുതമേനോന്റെ പാര്‍ട്ടി കോണ്‍ഗ്രസിന് അധികാരം വീണ്ടും ഒരു വെള്ളിത്തളികയില്‍ വെച്ച് നീട്ടിയത്. അതിലുപരി, ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത തരത്തില്‍ ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനുള്ള തന്ത്രങ്ങളാണ് അച്യുതമേനോന് കോണ്‍ഗ്രസിന്റെ സഹകരണത്തോടെ കേരളത്തില്‍ സ്വീകരിച്ചതെന്ന് സിപിഎം നേതാക്കള്‍ അന്നും ഇന്നും വിശ്വസിക്കുന്നു. ഇഎംഎസിന്റെയും പാര്‍ട്ടിയുടേയും പ്രത്യയശാസ്ത്രപരമായ പിടിവാശികളോട് അച്യുതമേനോന് എന്ന മുഖ്യമന്ത്രി വിട പറഞ്ഞു. നയപരിപാടികളില്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സമീപനത്തെക്കാള്‍ ഒരു നെഹ്റുവിയന്‍ മാര്‍ഗമാണ് അദ്ദേഹം പിന്തുടര്ന്നത്. തുടക്കം തൊട്ടെ ഒരു ‘ജെന്റില്മാന് കമ്മ്യൂണിസ്റ്റ്’ എന്നറിയപ്പെട്ടിരുന്ന അച്യുതമേനോന്റെ ഭരണകാലം അദ്ദേഹത്തെ ഒരു നെഹ്റുവിയന്‍ കമ്മ്യൂണിസ്റ്റാക്കി വരച്ചു കാട്ടി. ഇടതുപക്ഷാഭിമുഖ്യം പുലര്‍ത്തിയിരുന്നതായി ആരോപിക്കപ്പെട്ട കെ.എന്‍.രാജിനെപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധര്‍പോലും ‘ഇങ്ങനെയുള്ള കുറെ അച്യുതമേനോന്മാരെ കൊണ്ടേ കേരളം കര കയറൂ’ എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചു.
അച്യുതമേനോന്റെ ഭരണകാലത്ത് തകര്‍ന്നുവീണത് ഇഎംഎസിന്റെ ‘ഇമേജാ’ണ്. തുറന്നു കാട്ടപ്പെട്ടത് സിപിഎമ്മിന്റെ സമരാഭാസ പരമ്പരകളാണ്.
അച്യുതമേനോനും അദ്ദേഹത്തിന്റെ ഭരണത്തിനും അവസാന കാലത്ത് അപവാദമായത് അടിയന്തരാവസ്ഥയാണ്. അത് പക്ഷെ സിപിഎമ്മിന് ഫലത്തില്‍ ഉര്‍വശീശാപം ഉപകാരമെന്നപോലെയായി. അച്യുതമേനോന് സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞ് അണികളുടെ ആത്മവീര്യവും ആവേശവും നഷ്ടപ്പെട്ട്, സിപിഎം നേതൃത്വം ഇനിയെങ്ങനെ മുന്നോട്ട് പോകണമെന്നറിയാതെ ഇരിക്കവെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതൊരു അനുഗ്രഹമായി കരുതിയതിനാലാവാം അന്നുവരെ അച്യുതമേനോന്റെ ഭരണത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് സിപിഎം കാട്ടിയ ആര്‍ജ്ജവവും ആവേശവും അതോടെ അപ്രത്യക്ഷമായി. പിന്നീടുള്ള കാലം ഒരു സമാധാനപര്വ്വമായിരുന്നു സിപിഎമ്മിന് കേരളത്തില്‍. അടിയന്തരാവസ്ഥയ്ക്ക് എതിരെയും അത് കേരളത്തില്‍ നടപ്പിലാക്കിയ അച്യുതമേനോന് ഭരണത്തിനെതിരെയും നടന്ന സമരങ്ങളിലൊന്നും സിപിഎം പങ്കാളിത്തം ഉണ്ടായിരുന്നില്ല. ആര്‍എസ്എസുകാര്‍ക്കും പിന്നെ കുറെ ഗാന്ധിയന്‍ സര്‍വോദയ പ്രവര്‍ത്തകര്‍ക്കും നക്സലൈറ്റുകള്ക്കുമായി സിപിഎം രംഗമൊഴിഞ്ഞു കൊടുക്കുന്നതാണ് പിന്നെ കേരളം അടിയന്തരാവസ്ഥക്കാലത്ത് കണ്ടത്.
അച്യുതമേനോന്റെ വ്യക്തിത്വത്തില്‍ കരിനിഴല്‍ വീഴ്ത്തിയതും അടിയന്തരാവസ്ഥ തന്നെ. അതെക്കുറിച്ച് അക്കാലത്ത് കൊല്ലപ്പെട്ട രാജന്റെ അച്ഛന് ഈച്ചരവാരിയര്‍ എഴുതിയിട്ടുള്ള വരികള്‍ അച്യുതമേനോന് ഒരു തീരാ കളങ്കമാണ്. ആ സംഭവത്തെപ്പറ്റി അസ്വസ്ഥതയും അതിലേറെ ദുരൂഹതയും ഉളവാക്കുന്ന മൗനമാണ് അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളിലും. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ നടന്നതൊന്നും അച്യുതമേനോന് എന്ന മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല എന്ന് വിശ്വസിക്കാനാവില്ല. അപ്പോള്‍ പിന്നെ അറിഞ്ഞിട്ടും അദ്ദേഹം എന്തിന്, എന്തുകൊണ്ട് അധികാരത്തില്‍ തുടര്‍ന്നു? പാര്‍ട്ടിയുടെ തീരുമാനം അതായിരുന്നു എന്നതുകൊണ്ടോ? പാര്‍ട്ടി തീരുമാനം അച്ചടക്കത്തോടെ നടപ്പിലാക്കാന്‍ ബാധ്യസ്ഥനായതുകൊണ്ടോ? അത്തരം അച്ചടക്കം അങ്ങനെ പാലിക്കാന്‍ അദ്ദേഹത്തിനാവില്ലെന്നതാണ് മുന്‍കാല ചരിത്രം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലത്ത്, പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ച് കുറെക്കാലം വീട്ടില്‍പോയി ഇരുന്ന മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റായിരുന്നു അച്യുതമേനോന്. കമ്മ്യൂണിസ്റ്റുകാരുടെ പിതൃരാജ്യമായ സോവിയറ്റ് യൂണിയന് മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്ന ഹംഗറിയെ ആക്രമിച്ചപ്പോള്‍ അതില്‍ മനംനൊന്ത് പാര്‍ട്ടി പ്രവര്‍ത്തനം താല്‍ക്കാലികമായെങ്കിലും മതിയാക്കിയിരുന്നു അദ്ദേഹം. പക്ഷെ, അടിയന്തരാവസ്ഥ യെ പിന്തുണക്കാന്‍ നിര്‍ബന്ധിതനായ അച്യുതമേനോന്, അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ, സജീവരാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ കണ്ടിരുന്നത് മുണ്ടും മടക്കി കുത്തി തൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനത്ത് സായാഹ്ന സവാരിക്കിറങ്ങുമ്പോഴും ഇടയ്ക്കിടെ തീവണ്ടിയുടെ തേര്‍ഡ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി യാത്ര ചെയ്യുമ്പോഴും മാത്രമാണ്. അധികാരമൊഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരത്ത് നിന്ന് ഒരു കെഎസ്ആര്‍ടിസി ബസില്‍ ഒറ്റയ്ക്ക് സ്വന്തം നാട്ടിലേക്ക് നിസംഗനായി മടങ്ങിയ ഒരേ ഒരു മുഖ്യമന്ത്രിയും അച്യുതമേനോനാണ്.
തൃശ്ശൂരിലെ ‘സാകേത’ത്തില്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ച് വിശ്രമിക്കുന്ന കാലത്താണ് അച്യുതമേനോനെ ഞാന്‍ അവസാനമായി കാണുന്നത്. എന്റെ അക്കാലത്തെ റസിഡന്റ് എഡിറ്റര്‍ എം.കെ.ദാസുമായി ആസൂത്രണ രംഗത്തെ കുറിച്ച് ഞങ്ങളുടെ പത്രത്തില്‍ എഴുതണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് അന്ന് അവിടെയെത്തിയത്. വളരെനേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. ആസൂത്രണത്തില്‍ തുടങ്ങി, രാഷ്ട്രീയം, സാമൂഹ്യം, സാമ്പത്തികം എന്നീ മേഖലകളൊക്കെ ചര്‍ച്ചാ വിഷയമായി. ആ കൂടിക്കാഴ്ചയെ കുറിച്ച് അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈനംദിന കാര്യങ്ങള്‍ ഒന്നോ രണ്ടോ വാചകങ്ങളിലൊതുക്കിക്കൊണ്ടുള്ള ഡയറിക്കുറിപ്പില്‍ അദ്ദേഹം ആ കൂടിക്കാഴ്ച രേഖപ്പെടുത്താന്‍ മറന്നില്ലെന്നത് ഒരു വലിയ നേട്ടമായി എനിക്ക് തോന്നി പില്ക്കാലത്ത് അവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത് വായിച്ചപ്പോള്‍. അതിനെക്കാളേറെ എന്നെ സന്തോഷിപ്പിച്ചത്, ‘മിടുക്കനായൊരു ചെറുപ്പക്കാരന്’ എന്ന് അദ്ദേഹം എന്നെക്കുറിച്ച് ഡയറിയില്‍ എഴുതിച്ചേര്ത്തിരുന്നതാണ്.
മുഖ്യമന്ത്രി ആയിരിക്കെ അച്യുതമേനോനെ ഞാന്‍ കണ്ടിട്ടില്ല. അതിനുമുമ്പ്, അതും ആദ്യമായി, അദ്ദേഹത്തെ കാണുന്നത് തിരുവനന്തപുരത്ത് ജഗതിയിലെ കുക്കിലിയാ ലെയിനില്‍ അച്യുതമേനോന് താമസിച്ചിരുന്ന ചെറിയ വാടകവീട്ടില്‍ വെച്ചാണ്. അദ്ദേഹത്തിന്റെ മകന് രാമന്കുട്ടിയോടൊപ്പമാണ് ഞാനവിടെ പോയത്. അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെ ഞാനും രാമന്‍കുട്ടിയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. സ്വന്തം മകനോട് പോലും വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ഒരു ഗൗരവക്കാരന്‍ എന്നാണ് അന്നെനിക്ക് അദ്ദേഹത്തെക്കുറിച്ച് തോന്നിയത്. ആ ഭയം കാരണം പിന്നീട് ഞാന്‍ രാമന്‍കുട്ടിയുടെ വീട്ടിലേക്ക് പോയിട്ടേയില്ല.
അടിയന്തരാവസ്ഥപോലെ തന്നെ അടുത്തകാലത്ത് അച്യുതമേനോന്റെ മുഖ്യമന്ത്രി പദത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് മുല്ലപ്പെരിയാര്‍ വിവാദമാണ്. അതും പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടിനേതാവിന് ഒരു രാജ്യസഭാംഗത്വത്തിനുവേണ്ടി ചെയ്ത ഒരു വിട്ടുവീഴ്ചയത്രെ. മുല്ലപ്പെരിയാറിലെ ജലം കേരള മുഖ്യമന്ത്രി ആയിരിക്കെ അച്യുതമേനോന് തമിഴ്നാടിന് വീണ്ടും തൊളളായിരത്തി തൊണ്ണൂറ്റിയൊമ്പതുവര്ഷത്തേക്ക് തീറെഴുതി എന്നതാണ് ആരോപണം. ഒപ്പം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള അവകാശവും. മുല്ലപ്പെരിയാറിന്റെ കാര്യത്തിലും രാജന് സംഭവത്തിലും അദ്ദേഹത്തിന് വീഴ്ചപറ്റി എന്നത് സത്യമാണെങ്കില്‍ കൂടി, അച്യുതമേനോന്റെ ഭരണകാലത്ത് കേരളത്തിനുണ്ടായ അനുപമമായ നേട്ടങ്ങള്‍ ആര്‍ക്കും അവഗണിക്കാനാവില്ല. പ്രത്യയശാസ്ത്രപരമായ പിടിവാശികളില്ലാത്ത ഒരു വികസന മാതൃക അദ്ദേഹം കാഴ്ചവെച്ചു. അതാവിഷ്ക്കരിക്കാനായി നിരവധി പ്രതിഭകളെ അദ്ദേഹം കേരളത്തിലേക്ക് ആനയിച്ചു. കെ.എന്‍.രാജ്, എം.എസ്.വല്ല്യത്താന്, ഹര്‍ഷ് കെ.ഗുപ്ത, വി.കെ.എസ്.മേനോന്, കെ.പി.പി.നമ്പ്യാര്‍ എന്നിങ്ങനെ പോവുന്നു ആ പ്രതിഭകളുടെ പട്ടിക. അവരുടെ നേതൃത്വത്തില്‍ അദ്ദേഹം അരഡസന്‍ മികവിന്റെ കേന്ദ്രങ്ങള്‍ (സെന്റേഴ്സ് ഓഫ് എക്സലന്‍സ്) ഇവിടെ ആരംഭിച്ചു. ഇലക്ട്രോണിക്സും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും കേരളത്തിന് പരിചയപ്പെടുത്തിയത് അച്യുതമേനോന്റെ ഭരണകാലത്താണ്. ഒപ്പം സമരപ്രിയരായ സര്‍ക്കാര്‍ ജീവനക്കാരെ നിലയ്ക്കു നിര്‍ത്താന്‍ ‘ഡൈസ് നോണ്‍’ പരീക്ഷിച്ചതും അദ്ദേഹമാണ്. അതൊക്കെ കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഭരണത്തെ ഇന്ന് വാഴ്ത്തുന്നവരെ പോലെ തന്നെ അന്ന് വിമര്‍ശിക്കുന്നവരും ഏറെ ഉണ്ടായിരുന്നു.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: