തൃശൂര്‍: ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തിനെതിരെ തൃശൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മൂന്നു സ്വകാര്യ ബസുകള്‍ക്കു നേരെ കല്ലെറിഞ്ഞു. രണ്ടു ഡ്രൈവര്‍മാര്‍ക്കു പരുക്ക്. ഒരു കാറിനു നേരെയും കല്ലേറുണ്ടായി.
ടോള്‍ വിരുദ്ധ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇവരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവച്ച ടോള്‍ പിരിവ് ഇന്ന് രാത്രി മുതല്‍ തുടരാനാണ് അധികൃതരുടെ തീരുമാനം. കലോത്സവം നടക്കുന്നതിനാല്‍ തൃശൂര്‍ നഗരത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന് അറിയിച്ചു. പോലീസ് സഹായത്തിനായി 98475 00009 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. കെഎസ്ആര്‍ടിസി ബസുകള്‍ പതിവു പോലെ സര്‍വീസ് നടത്തുമെന്നു സോണല്‍ ഓഫിസര്‍ ജി.ആര്. പ്രദീപ് കുമാര്‍ അറിയിച്ചു. ദീര്‍ഘദൂര ബസുകളുടെ സര്‍വീസിലും മാറ്റമില്ല.
ജില്ലയിലെ സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്നു ജില്ലാ മോട്ടൊര്‍ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: