മട്ടാഞ്ചേരി: പ്ലാസ്റ്റിക് ശേഖരിച്ച് നല്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാരിതോഷികം നല്കുന്ന പദ്ധതി നടപ്പിലാക്കാന്‍ കൊച്ചിന് കോര്പ്പറേഷന് തയ്യാറാകുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് പാരിതോഷികം പദ്ധതിയില്‍ ആദ്യം ഉള്‍പ്പെടുത്തുക. പ്ലാസ്റ്റിക് ബാഗുകള്‍, സഞ്ചികള്‍ എന്നിവ ശേഖരിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നല്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കിലോ ഒന്നിന് നിശ്ചിത സമ്മാനം പാരിതോഷികമായി നല്കുവാനാണ് കോര്പ്പറേഷന് ആലോചിക്കുന്നത്. പുസ്തകങ്ങള്‍ മുതല്‍ വിവിധയിനം ഉല്‍പ്പന്നങ്ങള്‍ വരെ നല്കുവാനുള്ള കൂടിയാലോചനയിലാണ് നഗരസഭാ അധികൃതര്‍.
2012 ജൂണില്‍ തുടങ്ങുന്ന അധ്യയനവര്‍ഷത്തില്‍ പാരിതോഷികം നല്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് കൊച്ചി കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ടി.കെ.അഷറഫ് പറഞ്ഞു. കൊച്ചിയിലെ വിവിധ കോളേജുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി ഒന്നിന് എറണാകുളം ടൗണ്‍ഹാളില്‍ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ക്ലാസ്സെടുക്കും. തുടര്‍ന്ന് ഇവരെ സൂപ്പര്‍ ഫാക്കല്റ്റീസാക്കി നഗരത്തിലെ 50 വിദ്യാലയങ്ങളിലേക്ക് ക്ലാസുകളെടുക്കുവാന് പറഞ്ഞയക്കും. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്ലാസ്റ്റിക് വിരുദ്ധ മനോഭാവവും ബോധവല്‍ക്കരണവും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
16 മുതല്‍ കൊച്ചി കോര്പ്പറേഷന് 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കുകയും ഉപഭോഗനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന നടപടി പ്രാബല്യത്തില്‍ വരുത്തുകയാണെന്ന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പറഞ്ഞു.
ഇന്ത്യന്‍ വാണിജ്യ-വ്യവസായ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് നിരോധന ബോധവല്‍ക്കരണ പരിപാടി ചെയര്മാന് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് കൊച്ചിന് കോര്പ്പറേഷന് നടപടികള്‍ തുടങ്ങിയതെന്ന് കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. സി.ശാന്ത പറഞ്ഞു. കോര്പ്പറേഷന് അതിര്‍ത്തിയില്‍ ഇതിനായി രണ്ട് മേഖലയില്‍ രണ്ട് സ്ക്വാഡുകളെ നിയമിച്ചിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ വരവോടെയാണ് പ്ലാസ്റ്റിക് ബാഗ് ഉപയോഗം വ്യാപകമായതെന്നും ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും ശാന്ത കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ വാണിജ്യമണ്ഡലം പ്രസിഡന്റ് പി.എല്‍.പ്രകാശ് ജയിംസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ റജൂള്ള, അഡ്വ. ആന്റണി കുരീത്തറ, വാണിജ്യമണ്ഡലം വൈസ് പ്രസിഡന്റ് നിശേഷ് ഷാ, സെക്രട്ടറി രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: