ചെന്നൈ: സുപ്രസിദ്ധ ചലച്ചിത്ര നടന് യശഃശരീരനായ എം.എന്‍.നമ്പ്യാരുടെ പുത്രനും ശബരിമല അയ്യപ്പസേവാസമാജം ദേശീയ അധ്യക്ഷനും പ്രമുഖ ബിജെപി നേതാവുമായ എം.എന്‍.സുകുമാരന്‍ നമ്പ്യാര്‍ (64) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഹൃദയാഘാതംമൂലമാണ് ഗോപാലപുരത്തുള്ള വസതിയില്‍ അന്ത്യം സംഭവിച്ചത്.സംസ്കാരം ഇന്ന് രാവിലെ 11 ന് ചെന്നൈയിലെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും. രാവിലെ 10ന് വസതിയില്‍നിന്നും വിലാപയാത്രയായിട്ടായിരിക്കും മൃതദേഹം കൊണ്ടുപോകുക. ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി അംഗമാണ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നോര്‍ത്ത് മദ്രാസ്, ട്രിച്ചി എന്നീ മണ്ഡലങ്ങളില്‍ നിന്നായി രണ്ടു തവണ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
അമ്മ: ചെറുകുന്നം ഒദയമ്മാടം പണ്ടാരത്തില്‍ കുടുംബാംഗം രുഗ്മിണി നമ്പ്യാര്‍ (85). ഭാര്യ: ലക്ഷ്മി. മക്കള്‍ : സിദ്ധാര്‍ഥ്, ഭരത്. സഹോദരങ്ങള്‍: മോഹന്‍ നമ്പ്യാര്‍, സ്നേഹലത. അച്ഛന് എം.എന്‍.നമ്പ്യാരുടെ നിര്യാണശേഷം തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ അയ്യപ്പതീര്ഥാടക സംഘത്തിന്റെ മഹാഗുരുസ്വാമി സ്ഥാനം ഏറ്റെടുത്ത് കഴിഞ്ഞ നാല് വര്‍ഷമായി അയ്യപ്പസംഘങ്ങളെ നയിച്ചുവരികയായിരുന്നു. രണ്ടാഴ്ച മുമ്പ് അഞ്ഞൂറോളം അയ്യപ്പന്മാരുമായി ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയിരുന്നു. മകരവിളക്കിന് തമിഴ്നാട്ടില്‍നിന്ന് വലിയൊരു സംഘം അയ്യപ്പന്മാരുമായി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഒരുക്കങ്ങള്‍ നടക്കവേയാണ് അന്ത്യം സംഭവിച്ചത്.
അയ്യപ്പതീര്‍ഥാടകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അയ്യപ്പധര്‍മ പ്രചാരണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് സുകുമാരന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ശബരിമല അയ്യപ്പസേവാസമാജം രൂപീകൃതമായത്. തമിഴ്നാട്, കേരളം, ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുടെ യോഗം ചെന്നൈയില്‍ വിളിച്ചുകൂട്ടുകയും അഖിലഭാരതാടിസ്ഥാനത്തില്‍ അദ്ദേഹം പ്രസിഡന്റായി സമാജം രൂപീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: