ന്യൂദല്‍ഹി: കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുന്നു. തങ്ങളുമായുള്ള സഖ്യം വിടാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിനുണ്ടെന്ന് തൃണമൂല്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടിയെയും ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു. വിവിധ പ്രശ്നങ്ങളുടെ പേരില്‍ ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ ഇതോടെ യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പ് വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങളെ എതിര്‍ക്കുന്നതിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് കുപ്രചരണം നടത്തുകയാണെന്ന് ആരോപിച്ചാണ് വേണമെങ്കില്‍ സഖ്യം വിട്ടുകൊള്ളാന് തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപം, പെട്രോള്‍ വിലവര്‍ധന, രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തില്‍ ഇടപെടാനുള്ള നീക്കങ്ങള്‍ തുടങ്ങിയവക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയതിന്റെ പേരിലാണ് കോണ്‍ഗ്രസ് കുപ്രചരണം അഴിച്ചുവിട്ടിരിക്കുന്നതെന്ന് തൃണമൂല്‍ ആരോപിക്കുന്നു. ഇതേസമയം, മുന്നണി മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും തങ്ങള്‍ ഒരു പാര്‍ട്ടിയെയും ഭയക്കുന്നില്ലെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്കി.
അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ധന, വിദേശനിക്ഷേപപ്രശ്നം, ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയവയെ എതിര്‍ത്തതിന്റെ പേരിലാണ് കഴിഞ്ഞ അഞ്ചാം തീയതി രാജ്ഗഞ്ച് സര്‍വകലാശാലാ കോളേജ് പ്രിന്‍സിപ്പലിന് നേരെയുണ്ടായ അതിക്രമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് തങ്ങള്‍ക്കെതിരെ കുപ്രചരണം അഴിച്ചുവിട്ടിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.
തൃണമൂല്‍ ഛാത്രപരിഷത്തും കോണ്‍ഗ്രസ് ഛാത്രപരിഷത്തും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനെത്തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലായ ദിലീപ് സര്‍ക്കാരിന് നേരെ അതിക്രമം നടന്ന ‘നിസ്സാര സംഭവം’ ഊതിപ്പെരുപ്പിച്ച് തന്റെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കുകയാണെന്ന് മമത തുറന്നടിച്ചു. “സംഭവം നിര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ യുവാക്കള്‍ക്ക് തെറ്റുപറ്റും. പ്രിന്‍സിപ്പലിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യും”, അവര്‍ അവകാശപ്പെട്ടു. സിപിഎമ്മിനെ സഹായിക്കാന്‍ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞദിവസം തൃണമൂല്‍ ആരോപിച്ചിരുന്നു. സര്‍ക്കാരും പാര്‍ട്ടിയും ഇത്തരം നടപടികള്‍ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ മമതാ ബാനര്‍ജി കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ലോക്പാല്‍ ബില്ലില്‍ തന്നിഷ്ടപ്രകാരമാണ് കോണ്‍ഗ്രസ് ലോകായുക്തയെ ഉള്‍പ്പെടുത്തിയത്. തങ്ങളുടെ വാക്കുകള്‍ അവര്‍ (കോണ്‍ഗ്രസ്) കേട്ടില്ല. വോട്ടെടുപ്പും ഉണ്ടായില്ല. സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.
സിപിഎമ്മിനൊപ്പം പോകാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെങ്കില്‍ അങ്ങനെയാവാം. വാതില്‍ അവര്‍ക്കായി തുറന്നുകിടക്കുന്നു. സിപിഎമ്മിനൊപ്പമാണ് കോണ്‍ഗ്രസെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കിട്ടില്ല. തങ്ങള്‍ ഒറ്റക്ക് നില്ക്കും. ഉത്തര്‍പ്രദേശിലും മണിപ്പൂരിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിന്റെ പേരിലും കോണ്‍ഗ്രസ് പ്രതികാരം ചെയ്യുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയ്ക്കാണ് താന്‍ സംസാരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നെല്ലിന് സര്‍ക്കാര്‍ മതിയായ താങ്ങുവില നല്‍കിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ പ്രകടനം നടത്തിയിരുന്നു. മമതാ സര്‍ക്കാരിലെ കോണ്‍ഗ്രസ് മന്ത്രിയായ മനസ് ഭൂനിയ, ദീപാദാസ് മുന്‍ഷി എംപി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ എന്നിവര്‍ പ്രകടനത്തിനിടെ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. താങ്ങുവില കൂട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടത്തിവരുന്നതിനിടെ കോണ്‍ഗ്രസും രംഗത്തിറങ്ങിയതാണ് മമതയെ ചൊടിപ്പിച്ചത്. വിവിധ പ്രശ്നങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയ തൃണമൂലിന് സിപിഎമ്മിനൊപ്പം കൈകോര്‍ത്ത് ബംഗാളില്‍ തിരിച്ചടി നല്‍കുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു പ്രകടനം.
എന്നാല്‍ 125 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന് ഒരു പാര്‍ട്ടിയെയും പേടിയില്ലെന്ന് വക്താവ് മനു അഭിഷേക് സിംഗ്വി അവകാശപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മുഖ്യമന്ത്രിയുടെ രൂക്ഷമായ പ്രതികരണം അവഗണിച്ചും സംസ്ഥാന മന്ത്രിസഭയില്‍ തുടരാനാണ് പശ്ചിമബംഗാള്‍ കോണ്‍ഗ്രസിന്റെ തീരുമാനം. തങ്ങള്‍ ആരെയും തൃപ്തിപ്പെടുത്താനല്ല മന്ത്രിസഭയില്‍ തുടരുന്നതെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം സര്‍ക്കാരില്‍ ഉണ്ടാകുമെന്നും പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സഖ്യം വിട്ടുപോകാന്‍ കോണ്‍ഗ്രസിന് സ്വാതന്ത്ര്യമുണ്ടെന്ന മമതയുടെ പ്രഖ്യാപനം പരാമര്‍ശിക്കവെ, അവര്‍ പറഞ്ഞത് വളരെ വ്യക്തമാണെങ്കിലും തങ്ങള്‍ ആരുടെയും ഔദാര്യത്തിലല്ല സര്‍ക്കാരില്‍ തുടരുന്നതെന്നായിരുന്നു ഭട്ടാചാര്യയുടെ പ്രതികരണം. കോണ്‍ഗ്രസും തൃണമൂലും ഒരുമിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ പ്രയോജനവും അവര്‍ക്ക് കിട്ടി. ജയിച്ച സീറ്റുകളിലെല്ലാം കോണ്‍ഗ്രസിന്റെ ആയിരക്കണക്കിന് വോട്ടുകളും അവര്‍ക്ക് കിട്ടിയിട്ടുണ്ട്. വോട്ടുതന്ന ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചും പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്ദേശപ്രകാരവുമാണ് കോണ്‍ഗ്രസ് സംസ്ഥാന മന്ത്രിസഭയില്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: