കാലടി : നടതുറപ്പ് മഹോത്സവത്തിനായി തിരുവൈരാണിക്കുളം അണിഞ്ഞൊരുങ്ങി. പൂത്തിരുവാതിരയുടെ നിറപുണ്യത്തില് വ്രതശുദ്ധിയോടെയുള്ള കാത്തിരിപ്പിന് വിരാമമായി, അനുഗ്രഹപുണ്യം ചൊരിഞ്ഞ് ഇന്ന് രാത്രി 8നാണ് ശ്രീപാര്‍വ്വതീദേവിയുടെ നട തുറക്കുക.
ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന തിരുവൈരാണിക്കുളം ശ്രീമഹാദേവക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന് ദര്‍ശനം ലഭിക്കുകയുള്ളുവെന്നത് ഇവിടത്തെ മാത്രം പ്രത്യേകതയാണ്. നടതുറപ്പ് മഹോത്സവ വേളയില്‍ ശ്രീ മഹാദേവനേയും ശ്രീപാര്‍വതീദേവിയേയും ദര്‍ശനം നടത്തുന്ന ഭക്തജനങ്ങള്‍ക്ക് മംഗല്യ സൗഭാഗ്യവും ഇഷ്ടസന്താന ലബ്ധിയും ദീര്‍ഘ മംഗല്യവും അഭീഷ്ടവരസിദ്ധിയും കൈവരുമെന്നാണ് വിശ്വാസം. ഈ വേളയില്‍ ദര്‍ശനം നടത്തുന്നത് ഏറിയ പങ്കും സ്ത്രീകളായതിനാല്‍ പെരിയാറിന്റെ തീരത്തെ ഈ പുണ്യക്ഷേത്രത്തെ ‘സ്ത്രീകളുടെ ശബരിമല’ എന്ന് വിശേഷിപ്പിക്കുന്നു.
നടതുറപ്പ് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം 50,000 പേര്‍ക്ക് ക്യൂ നില്ക്കാവുന്ന തരത്തില്‍ 15000 ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്. ദര്‍ശനത്തിനായി ക്യൂ നില്ക്കുന്ന ഭക്തജനങ്ങള്‍ക്ക് മെഡിക്കേറ്റഡ് വാട്ടര്‍ നല്‍കുന്നതിന് 150 ഓളം വാളന്റിയര്‍മാര്‍ എപ്പോഴുമുണ്ടാകും. ഒരേ സമയം 1500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന തരത്തില്‍ 5 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മെയിന്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് കൈലാസം ഗ്രൗണ്ടില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റ് പ്രവര്‍ത്തിക്കും. സൗപര്‍ണ്ണിക, കൃഷ്ണഗിരി തുടങ്ങിയ പാര്‍ക്കിംഗ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. വാഴക്കുളത്ത് രണ്ടര ഏക്കര്‍ സ്ഥലത്ത് പാര്‍ക്കിംഗ് സൗകര്യം, കെഎസ്ആര്‍ടിസി പാര്‍ക്കു ചെയ്യാന്‍ ഇരവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപവും, ഇരുചക്രവാഹനങ്ങള്‍ക്കായി ഗൗരീശങ്കരം പാര്‍ക്കിംഗ് കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രമതിലിനകത്ത് 26000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സ്ഥിരം നടപ്പന്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഒരേ സമയം 1500 പേര്‍ക്ക് അന്നദാനം കഴിക്കാവുന്ന തരത്തില്‍ നലാന്റ അന്നദാന മണ്ഡപം സ്കൂളിന് മുന്‍വശത്ത് ഒരുക്കിയിട്ടുണ്ട്. തിരുവാതിരയുടെ പ്രാധാന്യത്തില്‍ നടതുറപ്പ് ദിനമായ ഇന്ന് ഉച്ചക്ക് എല്ലാ ഭക്തജനങ്ങള്‍ക്കും ഭഗവത്പ്രസാദമായി ഗോതമ്പ് കഞ്ഞിയും പുഴുക്കും നല്‍കും. ക്ഷേത്ര ട്രസ്റ്റ് തയ്യാറാക്കിയ ഉമാമഹേശ്വര സ്വര്‍ണലോക്കറ്റ് നടതുറന്നതിനുശേഷം പൂജിച്ച് ഭക്തജനങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി എല്ലാദിവസവും അന്നദാനം ക്ഷേത്രം വകയായി നല്കുന്നു. ഭക്തജനങ്ങളുടെ തിരക്കൊഴിവാക്കുന്നതിനായി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലുവ, പെരുമ്പാവൂര്‍ മേഖലയില്‍ നിന്ന് വരുന്നവര്‍ക്ക് മാറമ്പിള്ളിയില്‍ നിന്നും ശ്രീമൂലം പാലം വഴി എളുപ്പത്തില്‍ ക്ഷേത്രത്തിലെത്തിച്ചേരാവുന്നതാണ്.
ആഘോഷങ്ങള്‍ക്ക് പ്രസിഡന്റ് ആര്. ശരത്ചന്ദ്രന് നായര്‍, സെക്രട്ടറി കെ.ജി. ദിലീപ്കുമാര്, പബ്ലിസിറ്റി കണ്‍വീനര്‍ പി. നാരായണന് എന്നിവര്‍ നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: