കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്നും കോണ്‍ഗ്രസിന് സഖ്യം വിട്ടു പോകണമെങ്കില്‍ പോകാമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. പശ്ചിമബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും മമത ആരോപിച്ചു.
മമതയുടെ പ്രഖ്യാപനത്തോടെ കേന്ദ്രസര്‍ക്കാരിന്റെ ഭാവിതന്നെ അപകടത്തിലാണെന്നാണ് വിലയിരുത്തല്‍. കൊല്‍ക്കത്തയിലെ ഇന്ദിര ഭവന് എന്ന പേര് മാറ്റി പകരം ബംഗാള്‍ വിപ്ലവ കവി കാസി നസ്റുള്‍ ഇസ്ലാമിന്റെ പേര് നല്‍കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ്-തൃണമൂല്‍ ബന്ധം കൂടുതല്‍ വഷളാക്കിയത്.
തൃണമൂലിന്റെ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്ത കോണ്‍ഗ്രസ്, ന്യൂനപക്ഷത്തെ തൃപ്തിപ്പെടുത്താനുള്ള തൃണമൂലിന്റെ ശ്രമമാണിതെന്ന് ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ ചെറുതും വലുതുമായ പ്രശ്നങ്ങളുടെ പേരില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് യു.പി.എ സഖ്യം വിടാനുള്ള സാധ്യത ഇരട്ടിയായിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്കുന്ന യുപിഎ സഖ്യത്തിലെ മുഖ്യഘടകകക്ഷിയാണ് തൃണമൂല്‍. 12 അംഗങ്ങളുള്ള തൃണമൂല്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലാവും. പശ്ചിമ ബംഗാള്‍ മുഖ്യന്ത്രിയായി മമത ബാനര്‍ജി അധികാരമേറ്റത് ഏഴ് മാസം മുമ്പാണ്. യുപിഎ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഭരണത്തില്‍ കോണ്‍ഗ്രസ് കൈക്കൊള്ളുന്ന നയങ്ങളെ നിരന്തരം ചോദ്യം ചെയ്ത് മമത യുപിഎ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്.
ബംഗ്ലാദേശുമായി ടീസ്റ്റ നദീ ജലം പങ്കുവയ്ക്കല്‍, പെട്രോള്‍ വില വര്‍ധനവ്, ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപം, ഇന്ദിരാ ഭവന്റെ പേര് മാറ്റം തുടങ്ങി നിരവധി പ്രശ്നത്തില്‍ കോണ്‍ഗ്രസിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് തൃണമൂല്‍ പരസ്യമാക്കിയിട്ടുണ്ട്. ലോക്പാല്‍ ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയ തൃണമൂല്‍ രാജ്യസഭയിലും ബില്ലിനെ എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: