ന്യൂദല്‍ഹി : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ചയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.
കോടതി നേരത്തെ നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെയും ക്ഷേത്ര ഭരണസമിതിയെയും കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
നിലവറകള്‍ക്ക് സുരക്ഷാകവചം ഒരുക്കണമെന്നും വിദ്ഗ്ധ സമിതിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഓഫീസ് നല്‍കണമെന്നും സുരക്ഷാ ആവശ്യങ്ങള്‍ക്കായി 25 ലക്ഷം രൂപ അനുവദിക്കണമെന്നും സെപ്റ്റംബര്‍ 22ന് കോടതി ഉത്തരവിട്ടതാണ്. ഇതൊന്നും നടപ്പാക്കിയിട്ടില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും സുപ്രീം കോടതി വിലയിരുത്തി. ഫെബ്രുവരി 15നകം ഇക്കാര്യത്തില്‍ വേണ്ട വിശദീകരണം നല്കാന് സര്‍ക്കാരിനോടും ക്ഷേത്രഭരണ സമിതിയോടും കോടതി ആവശ്യപ്പെടുകയും ചെയ്തു.
സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കെല്‍ട്രോണുമായി ചര്‍ച്ച നടത്തുകയാണെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണുമായി എന്തിനാണ് ചര്‍ച്ച നടത്തുന്നതെന്നും കോടതി ചോദിച്ചു.
സ്വത്ത് വിവരങ്ങള്‍ പരിശോധിക്കുന്ന വിദഗ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് സി.വി. ആനന്ദബോസിനെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും ക്ഷേത്ര ഭരണസമിതിയുടെയും അഭിപ്രായം സുപ്രീംകോടതി അംഗീകരിച്ചു. സമിതി അംഗമായ എം.വി. നായര്‍ പുതിയ അധ്യക്ഷനാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നോഡല്‍ ഓഫീസറായി നിയമിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.
ക്ഷേത്ര പരിസരത്തെ അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചതിനുശേഷവും നിരവധി തവണ സുരക്ഷാവീഴ്ച ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ക്ഷേത്രനടയടച്ചശേഷം ഗ്യാസ് കട്ടറുമായി ജീവനക്കാരന് ക്ഷേത്രത്തിനുള്ളില്‍ കടന്നു. തൃത്താല സുരക്ഷാസംവിധാനമുള്ള ക്ഷേത്രത്തിനുള്ളില്‍ ഗ്യാസ് കട്ടറുമായി കടന്നത് കണ്ടെത്തിയത് ഏറ്റവും അകത്തെ സുരക്ഷാസംവിധാനത്തിലായിരുന്നു. ക്യാമറയില്‍ പതിഞ്ഞ ചിത്രം നോക്കി അകത്തുനിന്നാണ് ഗ്യാസ് കട്ടറുമായി ജീവനക്കാരനെ പോലീസ് പിടിച്ചത്. പുറത്തുള്ള രണ്ട് സുരക്ഷാ വലയങ്ങളും ഇയാള്‍ അനായാസമായി കടന്നുവന്നത് സുരക്ഷാവീഴ്ചയായിട്ടാണ് പോലീസ് വിലയിരുത്തുന്നത്. നേരത്തെ ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് തോക്ക് കണ്ടെടുത്തിരുന്നു. പാക് നയതന്ത്ര ഉദ്യോഗസ്ഥന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതും വാര്‍ത്തയായിരുന്നു. ചെറുതും വലുതുമായ നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ക്ഷേത്രത്തില്‍ ഉണ്ടാകുന്നുണ്ട്. സുരക്ഷാചുമതലയുള്ള പോലീസ് മേധാവിയും ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറും യോജിപ്പിലല്ലായെന്നതും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയുടെ സുരക്ഷ സംബന്ധിച്ച നിഗമനം ആശങ്കയാണ് ഭക്തരില്‍ ജനിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: