മഞ്ചേരി: പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നല്കിയ സ്വീകണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് അക്രമിച്ച 16 മുസ്ലിംലീഗ് പ്രവര്‍ത്തകരെ കോടതി ഒരുവര്‍ഷം തടവിന് ശിക്ഷിച്ചു. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി. ദിലീപാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്. ആകെയുള്ള 23 പ്രതികളില്‍ രണ്ട് പേരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതെ വിട്ടു. മറ്റുള്ള 21 പേരില്‍ അഞ്ച് പ്രതികളെ ഇനിയും പിടികൂടാന്‍ പോലീസിനായിട്ടില്ല. സംഭവത്തിനുശേഷം വിദേശത്തേക്കു കടന്ന അഞ്ച് പ്രതികള്‍ക്കുവേണ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
ഇന്ത്യാവിഷന് ചാനലിന്റെ വാഹനത്തിന് കേടുവരുത്തിയതിന് 3500 രൂപ നല്‍കാനും കോടതി ഉത്തരവായിട്ടുണ്ട്. അല്ലാത്തപക്ഷം മുന്നുമാസം കൂടി പ്രതികള്‍ തടവ് അനുഭവിക്കണം. തടവ് ശിക്ഷ വിധിച്ച പ്രതികള്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള കേസ്സുകളില്‍ കേരളത്തിലുണ്ടായ ആദ്യവിധിയാണിത്.
ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ പുറത്തുവിട്ട വിവരങ്ങളുടെ പശ്ചാത്തലത്തില്‍ വിവാദം പുകഞ്ഞു നില്‍ക്കേ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സ്വീകരണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. 2004 നവംബര്‍ ഒന്നിനാണ് അക്രമം നടന്നത്. മാദ്ധ്യമപ്രവര്‍ത്തകരായ കെ.പി. രമേഷ്, ദീപക് ധര്‍മ്മടം, ദീപ വരിക്കശേരി, പ്രദീപ് ഉഷസ്, ശൈലേഷ്, എം. സജീവ്, ബിജുമുരളീധരന്‍, എന്‍.പി. ജോണ്‍, മുത്താട്ടില്‍ സുരേഷ് എന്നിവരെയാണ് ആക്രമിച്ചത്. 143, 147,148 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കേസ്സില്‍ 23 സാക്ഷികളെ വിസ്തരിച്ചു. എസ് ടി യു നേതാവും മുസ്ലീംലീഗിന്റെ മഞ്ചേരി മുന്‍സിപ്പല്‍ കമ്മറ്റി ഭാരവാഹിയുമായ മഞ്ചേരി വല്ലാഞ്ചിറ അബ്ദുള്‍ മജീദ്, കരിമരക്കാട് കളത്തിങ്ങല്‍ സക്കീര്‍, മഞ്ചേരി പെരുമ്പള്ളി മുനീര്‍, മഞ്ചേരി മുള്ളമ്പാറ പൊട്ടിത്തൊടി അന്‍വര്‍ സാദത്ത്, മഞ്ചേരി പുതുശേരി പി.എം. അബ്ദുള്‍ റസാഖ്, തുറക്കല്‍ പൊറ്റമ്മല്‍ അഷറഫ്, തുറക്കല്‍ താന്നാരി സുള്‍ഫിക്കര്‍, തുറക്കല്‍ സുരയ്യ, എം.പി.അബ്ദുള്‍ നാസര്‍, മഞ്ചേരി മുള്ളമ്പാറ പ്ലാക്കോട് കുത്തബുദ്ധീന്‍, മേലാറ്റൂര്‍ ചാത്തോളി ഇച്ചാരക്കടവ് ഷെറീഫ്, നിലമ്പൂര്‍ ചന്തക്കുന്ന് വട്ടത്തൊടി ഹംസ, കട്ടുപ്പാറ പുല്ലാനിക്കാട്ടില്‍ അബ്ദുള്‍ മജീദ്, പള്ളാരയ്ക്കല് ചെമ്മല വീട്ടില്‍ ഷിഹാബുദ്ദീന്, കണ്ണമംഗലം കുഴിയാട്ടില് മുത്തുമ്മക്കോട് അബ്ദുള്ള, കൊടികുത്തിപ്പറമ്പ് കാടേങ്ങര അബ്ദുള്‍ റഷീദ്, ചെറാതൊടി കാരാട്ട് ഖാലിദ്, കൊടികുത്തിപ്പറമ്പ് പുളിക്കല്‍ ഏറാട്ട്തൊടി ഫൈസല്‍, കൊടികുത്തിപ്പറമ്പ് കരുകുളത്ത് ശിഹാബ്, ചെറാട്ട് തൊടി കാരാട് ഷംസീര്‍, കരുമംഗലം മേലാടം മണ്ണില്‍ സുധീര്‍ എന്ന ബാബു, തളിപ്പറമ്പ് കരിമ്പ നടവിലപ്പുറയില് കോട്ടകത്ത് അയൂബ്, കണ്ണൂര്‍ പെരിനേത്തൂര് കരിയാട്ട് റഹീം, കണ്ണൂര്‍ പെരിങ്ങളം കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: