കൊച്ചി: വ്യാജരേഖകള്‍ ചമച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വീട്ടില്‍ കൊണ്ടുപോയതിന് നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസര്‍മാര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. ഡെപ്യുട്ടി കമ്മീഷണര്‍ കെ.എസ് ചന്ദ്രശേഖരന്, സൂപ്രണ്ട് എന്‍.പി സാവിത്രി, പ്രിവന്റീവ് ഓഫീസര്‍ പി.ആര്.പി പണിക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
മാള സ്വദേശിയായ ഷെറി ജോസി എന്നയാളുടെ ഗൃഹപ്രവേശന ചടങ്ങിന് ഗള്‍ഫില്‍ നിന്നും സുഹൃത്തുക്കള്‍ അയച്ചുകൊടുത്ത ഇലക്ട്രോണീക് ഉപകരണങ്ങളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അടിച്ചുമാറ്റിയത്. ഉദ്യോഗസ്ഥര്‍ വലിയ നികുതി വേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ഷെറി ജോസി ഗൃഹോപകരണങ്ങള്‍ വാങ്ങാതെ ഉപേക്ഷിക്കുകയായിരുന്നു.
ഉടമസ്ഥര്‍ ഉപേക്ഷിച്ചുപോകുന്ന സാധനങ്ങള്‍ ന്ശ്ചിത കാലാവധിക്കുള്ളില്‍ ലേലം ചെയ്യണമെന്നാണ് കസ്റ്റംസ് നിയമം. എന്നാല്‍ ഷെറി ജോസിയുടെ സാധനങ്ങള്‍ വ്യാജരേഖ ചമച്ച് മറ്റൊരാളുടെ പേരിലാക്കി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ വീട്ടില്‍കൊണ്ടു പോവുകയായിരുന്നു. ഇങ്ങനെ കൊണ്ടുപോയ ടി.വി അടക്കമുള്ള ഉപകരണങ്ങള്‍ ഡെപ്യുട്ടി കമ്മിഷണര്‍ കെ.എസ് ചന്ദ്രശേഖറിന്റെ ബംഗളുരുവിലെ വസതിയില്‍ നിന്നും സി.ബി.ഐ കണ്ടെടുത്തു.
ചന്ദ്രശേഖരന് കൂട്ടുനിന്നതിനാണ് എന്‍.പി സാവിത്രിക്കെതിരെയും പി.ആര്.പി പണിക്കര്‍ക്കെതിരെയും കേസെടുത്തത്. ഉടമകള്‍ ഉപേക്ഷിച്ചുപോകുന്ന സാധനങ്ങള്‍ വ്യാജരേഖകള്‍ ഉണ്ടാക്കി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ടുപോകുന്നതിന് നിരവധി തെളിവുകള്‍ സി.ബി.ഐക്ക് കിട്ടിയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: