തിരുവനന്തപുരം: കൊച്ചി മെട്രൊ സംബന്ധിച്ച് അവസാന വാക്ക് ഡി.എം.ആര്.സി മുന്‍ ചെയര്മാന് ഇ. ശ്രീധരന്റേതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡി.എം.ആര്.സിയേക്കാള്‍ ശ്രീധരന്റെ സേവനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവാദങ്ങളില്‍ കുടുങ്ങി ഒരു പദ്ധതിയും തടസ്സപ്പെടരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്റെ താത്പര്യവും നിര്ദേശവുമനുസരിച്ചു പദ്ധതി മുന്നോട്ടു കൊണ്ടുപോകാം. ആഗോള ടെണ്ടര്‍ വിളിക്കുന്ന കാര്യത്തിലും അദ്ദേഹത്തിന് തീരുമാനം കൈക്കൊള്ളാം.
12ന് തിരുവനന്തപുരത്തെത്തുന്ന ശ്രീധരനുമായി ചര്‍ച്ചകള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ മാത്രമല്ല കേരളത്തെ സംബന്ധിക്കുന്ന മറ്റ് പദ്ധതികളായ ഹായ് സ്പീഡ് റെയില്‍ കോറിഡോര്‍ എന്നിവയിലും ശ്രീധരന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നതു ഫണ്ടിങ് കമ്പനി ജെയ്കയുടെ നിബന്ധനയാണ്. 5000 കോടി രൂപയുടെ പദ്ധതി ആഗോള ടെന്‍ഡര്‍ വിളിക്കാതെ അനുവദിച്ചാല്‍ സി.എ.ജിയില്‍ നിന്നുള്ള വിമര്‍ശനങ്ങളും ഉണ്ടായേക്കാം. ഇതൊഴിവാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുറഞ്ഞ ചെലവില്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തിനും മുന്‍ഗണന നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: