ജയ്പൂര്‍: രാജസ്ഥാനിലെ നഴ്സ് ആയിരുന്ന ഭന്‍വാരി ദേവിയെ രാജസ്ഥാന് മുന്‍മന്ത്രി മഹിപാല്‍ മദിര്ണയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചുവെന്ന് സി.ബി.ഐ. ഭന്‍വാരി ദേവിയുടെ ശരീരം കത്തിച്ച സ്ഥലം കണ്ടെത്തിയതായും സി.ബി.ഐ വ്യക്തമാക്കി.
ഭന്‍വാരിയുടെ ജഡം കത്തിച്ചത് ഒസിയന്‍ ഗ്രാമത്തിനടുത്തുവച്ചാണെന്നു സി.ബി.ഐ കണ്ടെത്തി. അവരുമായി രഹസ്യബന്ധം പുലര്‍ത്തിയ രാജസ്ഥാന് മന്ത്രി മഹിപാല്‍ മദിര്ണയാണ് എല്ലാ ആസൂത്രണവും ചെയ്തത്. കോണ്‍ഗ്രസ് എം.എല്‍.എ മല്‍ഖന്‍ സിങ്, സാഹി റാം, ബിഷ്ണ ഗംഗ് എന്നിവരാണു സഹായികള്‍. ബിഷ്ണയുടെ കാറില്‍ സാഹിറാമാണു ഭന്‍വാരിയെ തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയത്. ബിഷ്ണയാണ് മൃതദേഹം കത്തിച്ചത്.
2011 സെപ്റ്റംബര്‍ ഒന്നാം തീയതി മുതലാണ് ഭന്‍വാരി ദേവിയെ കാണാതായത്. ബന്‍വാരിയുടെ ഭര്‍ത്താവ് അമര്ചന്ദിനും കൊലപാതകത്തില്‍ പങ്കുള്ളതായി സി.ബി.ഐ വ്യക്തമാക്കി. 2011 സെപ്റ്റംബര്‍ എട്ടിനു ബില്ലാര പ്രദേശത്തു തനിച്ചെത്താന്‍ മല്‍ഖന്‍ സിങ് ആവശ്യപ്പെട്ടു. ഇവിടെ വച്ചു തട്ടിക്കൊണ്ടു പോകാനായിരുന്നു പദ്ധതി. തനിയെ എത്തുമെന്ന കാര്യം ഉറപ്പാക്കാന്‍ അമര്ചന്ദിനു 10 ലക്ഷം രൂപയും നല്‍കിയിരുന്നു.
പ്രശ്നം ഒതുക്കാന്‍ മദിര്ണ ശ്രമിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം തുമ്പു കിട്ടാത്തതിനാല്‍ കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: