തിരുവനന്തപുരം: ചെറിയതുറ വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷന് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വെടിവയ്പ് ഒഴിവാക്കാമായിരുന്നുവെന്നും ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 815 പേജ് വരുന്ന റിപ്പോര്‍ട്ടാണ് ജസ്റ്റിസ് കെ. രാമകൃഷ്ണന് സമര്‍പ്പിച്ചിരിക്കുന്നത്.
2009 മെയ് 17നാണ് ചെറിയതുറയില്‍ ആറു പേരുടെ മരണത്തിനും അനവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ പോലീസ് വെടിവയ്പ് ഉണ്ടായത്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു വെടിവയ്പ്. സംഘര്‍ഷം നേരത്തേ തന്നെ പോലീസിന് ഒഴിവാക്കാമായിരുന്നുവെന്നും പോലീസ് യഥാസമയം പ്രവര്ത്തിക്കാതിരുന്നതുകൊണ്ടാണ് വെടിവയ്പില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിലെ 200 പേജുകളില്‍ ചെറിയതുറ പോലെയുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷം ഒഴിവാക്കാനുള്ള ശുപാര്‍ശകളും കമ്മിഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
റിപ്പോര്‍ട്ട് മന്ത്രിസഭ ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും കൂടാതെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും അതിനു ശേഷം ശുപാര്‍ശകളില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഡി.ജി.പി ജേക്കബ് പുന്നൂസ്, അന്നത്തെ ജില്ലാ കളക്ടര്‍ സഞ്ജയ് കൗള്‍, ആര്.ഡി.ഒ കെ.ബിജു, ഐ.ജി ഗോപിനാഥ്, പ്രദേശവാസികള്‍ എന്നിരുള്‍പ്പെടെ നാനൂറോളം പേരെ കമ്മിഷന് വിസ്തരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: