തിരുവനന്തപുരം : കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്നും ഇ. ശ്രീധരനെ ഒഴിവാക്കുന്ന പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒറ്റപ്പെടുന്നു. ശ്രീധരനെയും ദല്‍ഹി മെട്രോയെയും ഒഴിവാക്കാന്‍ ചരടുവലിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്തിന് ദല്‍ഹി മെട്രോയെ ഒഴിവാക്കുന്നുവെന്ന് വ്യക്തമായ ഉത്തരം നല്‍കാന്‍പോലും സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്രമന്ത്രിമാരായ കെ.വി. തോമസും വയലാര്‍ രവിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമൊക്കെ ശ്രീധരന് വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. ഉമ്മന്‍ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താവുന്ന വടിയെന്ന നിലയിലാണ് ഈ നേതാക്കള്‍ വിഷയത്തെ കണ്ടത്. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ദല്‍ഹി മെട്രോ സമയബന്ധിതമായി കൊച്ചി മെട്രോ പൂര്‍ത്തിയാക്കുമെന്ന് ധാരണ പരന്നപ്പോഴാണ് ഇതിന് തുരങ്കംവച്ചുകൊണ്ട് ആഗോള ടെണ്ടര്‍ വിളിക്കാന്‍ തീരുമാനമായത്. ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത് തീരുമാനിച്ചത്.
കോംഗ്കണ്‍ റെയില്‍പ്പാതയും ദല്‍ഹി മെട്രോയും സമയബന്ധിതമായി പൂര്‍ത്തിയാക്കി രാജ്യത്തിന്റെ അഭിമാനമായ ശ്രീധരന് കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുകയും അത് നടപ്പാക്കാന്‍ കേന്ദ്രാനുമതിക്കായി ഏതാനും വര്‍ഷമായി കഠിനാധ്വാനം ചെയ്യുകയുമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കാനാണ് അടിസ്ഥാനസൗകര്യ വികസനത്തിന് കഴിഞ്ഞ സര്‍ക്കാര്‍ 150 കോടിയോളം രൂപയുടെ പദ്ധതി ആവിഷ്കരിച്ചത്. ഡിഎംആര്‍സിയുടെ ഓഫീസ് കൊച്ചിയില്‍ ആരംഭിക്കുകയും അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പാലം നിര്‍മാണത്തിനും മറ്റുമായി 50 കോടി രൂപ അനുവദിക്കുകയുംചെയ്തു. അതുപയോഗിച്ച് കൊച്ചിയില്‍ നിര്‍മാണപ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്. അയ്യായിരം കോടിയോളം രൂപയുടെ നിര്‍മാണപ്രവൃത്തിയും അതിന്റെ കരാറുകളും അഴിമതിക്കുള്ള അവസരമാണെന്ന് കണ്ടാണ് ഇപ്പോള്‍ ഡിഎംആര്‍സിയെയും ശ്രീധരനെയും ഒഴിവാക്കുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും കൊച്ചി മെട്രോ പദ്ധതിയുമായി ഈ ശ്രീധരനെ സഹകരിപ്പിക്കാതിരിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചുകഴിഞ്ഞു. ഫയലുകളുടെ പിന്‍ബലത്തോടെയാണ് ഈ ആരോപണം. കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പ്രത്യേക താല്പര്യമുണ്ടെന്നത് രഹസ്യമല്ല. മെട്രോയുടെ അക്കൗണ്ട് ഒരു സ്വകാര്യ പുത്തന്‍ തലമുറ ബാങ്കില്‍ നിക്ഷേപിച്ചത് വിവാദമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ബന്ധു ജോലിചെയ്യുന്ന കൊല്ലത്തെ സ്വകാര്യ ബാങ്ക് ശാഖയില്‍ രണ്ടുകോടി രൂപ നിക്ഷേപിക്കുകയായിരുന്നു. കൊച്ചിയില്‍ അക്കൗണ്ട് ഉണ്ടായിരിക്കെ കൊല്ലത്ത് പണം നിക്ഷേപിച്ചത് നിയമസഭയില്‍ പ്രതിഷേധത്തിന് വഴിതെളിച്ചു. വ്യക്തമായ ഉത്തരം നല്കാന് അന്ന് ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞതുമില്ല. മാത്രവുമല്ല പിന്നീട് പത്ത് കോടി രൂപയുംകൂടി സ്വകാര്യബാങ്കില്ത്തന്നെ നിക്ഷേപിക്കുകയും ചെയ്തു. ഇ. ശ്രീധരനെപ്പോലെയുള്ള ഒരാള്‍ കൊച്ചി മെട്രോയുടെ തലപ്പത്തെത്തിയാല്‍ ഇത്തരം ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്പോള്‍ പദ്ധതിയുടെ ചുമതല നല്‍കിയിരിക്കുന്നത്. മാനേജിംഗ് ഡയറക്ടറായി ടോം ജോസും സ്പെഷ്യല്‍ ഓഫീസറായി ഏലിയാസ് ജോര്‍ജും. 5000 കോടിയുടെ പദ്ധതിക്കായി ജപ്പാന് കമ്പനികളുമായി മറ്റും ചര്‍ച്ചകള്‍ നടത്തിയത് ഇവരാണ്. ആഗോള ടെന്റര്‍ വിളിച്ചാലേ ജപ്പാന് ധനകാര്യ സ്ഥാപനം പണം നല്‍കൂ എന്നാണ് ഈ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ കഴമ്പില്ല. ലാവലിന്‍ ഉള്‍പ്പെടെയുള്ള പല പദ്ധതികള്‍ക്കും ആഗോള ടെണ്ടര്‍ ഇല്ലാതെ വിദേശ വായ്പ ലഭ്യമായിട്ടുണ്ട്. ദല്‍ഹി മെട്രോയെ നേരത്തെ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചപ്പോള്‍ ഇത്തരമൊരു വാദം ഉയര്‍ന്നിരുന്നുമില്ല.
ഇതിനിടെ കൊച്ചി മെട്രോ റെയില്‍ വിഷയത്തില്‍ ഇ. ശ്രീധരനെ വിശ്വാസത്തില്‍ എടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട്കണ്ട് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. കേന്ദ്രാനുമതി ലഭിച്ച കേരളത്തിന്റെ സ്വപ്ന പദ്ധതിയാണിത്. വിവാദങ്ങളില്‍പ്പെട്ട് പദ്ധതി നീണ്ടുപോകരുത്.
ശ്രീധരനെ വിശ്വാസത്തില്‍ എടുത്തുമാത്രമെ പദ്ധതി നടപ്പിലാക്കാവൂ. ഇത് കേരളത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന് ചെന്നിത്തല മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞു. റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന് മുഹമ്മദുമായും ഈ വിഷയത്തില്‍ ചെന്നിത്തല ചര്‍ച്ച നടത്തി. കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദും ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശ്രീധരന്റെ സേവനം ഏത് വിധത്തിലും തേടുമെന്നാണ് പറയുന്നത്. ഗ്ലോബല്‍ ടെന്‍ഡറിനെക്കാള്‍ വലുതാണ് ശ്രീധരന്റെ സേവനം. ശ്രീധരന്റെ സേവനം ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ ആഗോള ടെന്‍ഡര്‍ പോലും ഉപേക്ഷിക്കും. അദ്ദേഹം അത്രയ്ക്ക് സമര്‍ത്ഥനും വിശ്വസ്തനുമാണെന്ന് ആര്യാടന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: