ന്യൂദല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് ഉന്നതാധികാര സമിതി. പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാനാവില്ലെന്നും സമിതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അടുത്ത മാസം രണ്ടാം വാരം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
ഈ മാസം 24, 25 തീയതികളില്‍ ഉന്നതാധികാര സമിതി രണ്ടു തവണ യോഗം ചേര്‍ന്ന് അന്തിമ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. സമീപകാലത്തുണ്ടായ ഭൂചലനങ്ങളുടെ പശ്ചാത്തലത്തിലാണ് അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. അണക്കെട്ടില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഇതില്‍ ഇടപെടാനാവില്ലെന്നാണ് സമിതി വ്യക്തമാക്കിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടായോ എന്ന് പരിശോധിച്ച സി.ഡി.തട്ടേ അടങ്ങിയ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടും കേരള എം.പിമാരുടെ അപേക്ഷയും ഉന്നതാധികാര സമിതി പരിഗണിച്ചു. ഭൂചലനങ്ങള്‍ അണക്കെട്ടില്‍ കേടുപാടുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, പരിശോധനയ്ക്കെത്തിയ വിദഗ്ധ സംഘത്തിനെതിരെ കേരളത്തിന്റെ പരാതി ഉന്നതാധികാര സമിതിക്ക് ലഭിച്ചിട്ടില്ലെന്ന് ഉന്നതാധികാര സമിതിയംഗം ജസ്റ്റീസ് കെ.ടി തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: