ന്യൂദല്‍ഹി: 2010ല്‍ മംഗലാപുരത്ത് ഉണ്ടായ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി എയര്‍ ഇന്ത്യയ്ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചു.
അപകടത്തില്‍ മരിച്ച മുഹമ്മദ് റാഫി എന്നയാളുടെ മകനാണ് നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്.ഡി.ആര്) അനുസരിച്ച് ഒരു ലക്ഷം എസ്.ഡി.ആര് തുക ലഭിക്കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നാണയനിധി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കറന്‍സികളുടെ തുകയാണ് എസ്.ഡി.ആര്. ഒരു ലക്ഷം എസ്.ഡി.ആര് എന്നത് ഇന്നത്തെ 75 ലക്ഷം രൂപയ്ക്ക് തുല്യമാണ്. കേസ് ഏപ്രില്‍ മാസം അന്തിമ വാദം കേള്‍ക്കാനായി സുപ്രീംകോടതി മാറ്റി.
2010 മെയ് 22ന് മംഗലാപുരത്തെ ബാജ്പെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ 158 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: