തിരുവനന്തപുരം: ബോര്‍ഡ്, കോര്പ്പറേഷന് വിഭജനത്തില്‍ ജെ.എസ്.എസിനുണ്ടായിരുന്ന അതൃപ്തി പരിഹരിച്ചുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.ആര്.ഗൗരിയമ്മ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ജെ.എസ്.എസിന് നേരത്തെ മൂന്ന് സ്ഥാനങ്ങളായിരുന്നു സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഈ സ്ഥാനങ്ങളിലേക്ക് ഇന്നും നാളെയുമായി നിയമനം നടക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ജെ.എസ്.എസിനെ യു.ഡി.എഫ് അവഗണിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗൗരിയമ്മ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു നിന്നു.
കാംകോ, വെയര്‍ഹൗസിങ് കോര്പ്പറേഷന് എന്നിവിടങ്ങളിലേക്കുള്ള നിയമനം നാളെ നടക്കും. കര്ഷകതൊഴിലാളീ ക്ഷേമനിധി ബോര്‍ഡിലേക്കുള്ള നിയമനം പിന്നീട് നടക്കും. ഇതുവരെയുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചു കഴിഞ്ഞുവെന്നും ചില വക്കീലന്മാരെ നിയമിക്കുന്ന കാര്യത്തിലാണ് ചില തടസ്സങ്ങളുള്ളതെന്നും ഗൗരിയമ്മ പറഞ്ഞു. ഇക്കാര്യം യു.ഡി.എഫുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.
രാവിലെ ഒമ്പതു മണിയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ജെ.എസ്.എസ് നേതാവ് എ.എന്‍. രാജന് ബാബുവും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: