കൊച്ചി: ജീവിതത്തില്‍ ലഭിക്കാമായിരുന്ന സകല സൗഭാഗ്യങ്ങളും തിരസ്കരിച്ച് അധ:സ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മഹാത്മാവായിരുന്നു സ്വാമി ആനന്ദതീര്ഥരെന്ന് ജസ്റ്റിസ് കെ. തങ്കപ്പന് അഭിപ്രായപ്പെട്ടു. അവരുടെ മുന്നോട്ടുള്ള പ്രയാണത്തിനു വിദ്യാഭ്യാസമാണ് ഏക പോംവഴിയെന്ന് നിര്‍ദേശിച്ച അദ്ദേഹം അതിനായി വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിച്ചു. ഉല്പ്പതിഷ്ണുക്കളും ഉന്നതകുലജാതുമായ ഇത്തരം ആളുകളുടെയും കൂടി പ്രയത്നഫലമാണ് ഇന്ന് ഇക്കൂട്ടര്‍ അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ടി.കെ.സി. വടുതല ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം കുട്ടികളുടെ പാര്‍ക്കിനോടനുബന്ധിച്ചുള്ള തീയറ്ററില്‍ സ്വാമി ആനന്ദതീര്‍ഥര്‍ ജയന്തിയോഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് തങ്കപ്പന്.
വ്യക്തിയെന്ന നിലയില്‍ ഉന്നതകുലജാതനായിരുന്നെങ്കിലും ഹരിജനോദ്ധാരണമായിരുന്നു സ്വാമിയുടെ ജീവിതചര്യ. അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. നീതി ലഭ്യമാക്കുന്നതിനായി കോടതിയെയും സമീപിച്ച സ്വാമി തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഒരിക്കലും ആ മാര്‍ഗത്തില്‍ ചരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അയ്യങ്കാളിയെപ്പോലെയുള്ള ഒരു വിപ്ലവകാരിയായിരുന്നു സ്വാമിയെന്ന് വിദ്യാഭ്യാസവകുപ്പ് മുന്‍ഡയറക്ടര്‍ കെ.വി.മദനന് പറഞ്ഞു.അധ:സ്ഥിതജനവിഭാഗങ്ങളെ പിതൃതുല്യമാണ് സ്വാമി സ്നേഹിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ ലാളനയേറ്റ് വളരാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹം വ്യക്തമാക്കി. ഈ ജനവിഭാഗങ്ങള്‍ സ്വന്തംകാലില്‍ നില്ക്കും വിധം കരുത്തരായി മാറണമെന്നായിരുന്നു സ്വാമിയുടെ ആഗ്രഹം. പുതിയ തലമുറ ആ സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് മദനന് മാസ്റ്റര്‍ പറഞ്ഞു.
അംബേദ്കര്‍ വിഭാവന ചെയ്ത ഭരണഘടനയില്‍ അയിത്തവും ജാതിയധിഷ്ഠിതമായ വിവേചനവും നിയമപരമായി നിര്‍ത്തലാക്കിയതോടെ സ്വാമിയുടെ പതിറ്റാണ്ടുകള്‍ നീണ്ടപോരാട്ടങ്ങള്‍ വിജയം കാണുകയായിരുന്നു. ഇന്ന് ഇക്കൂട്ടരുടെ വളര്‍ച്ചയ്ക്ക് വേഗം കൂടിയിട്ടുണ്ട്. അതില്‍ പിന്നാക്കം പോകരുതെന്നും ഇന്നത്തെ എല്ലാ സൗകര്യവും പ്രയോജനപ്പെടുത്തി കൂടുതല്‍ ഉന്നതിയിലെത്തുമ്പോഴേ സ്വാമിയുടെ ജീവിതത്തിനു അര്‍ഥമുണ്ടാകൂവെന്നും മദനന് പറഞ്ഞു.
ഫൗണ്ടേഷന് പ്രസിഡന്റ് കെ.എം. ശരത്ചന്ദ്രന് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ. നാരായണന്, വെണ്ണിക്കുളം മാധവന്, എം.സി.തേവന് മാസ്റ്റര്‍, തങ്കപ്പന് മുളവുകാട്, ഗോവിന്ദന് കണ്ണൂര്‍, പി.കെ. ബാഹുലേയന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല സ്വാഗതവും ജോയിന്റ് സെക്രട്ടറി ബാബു കടമക്കുടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: