കൊച്ചി: കയറ്റിറക്കുകൂലി തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച്, വ്യാപാരേതര മേഖലയിലെ കയറ്റിറക്കുകൂലി ഏകീകരിച്ച് കൊച്ചി നഗരത്തെ കേരളത്തിലെ രണ്ടാമത്തെ നോക്കുകൂലി വിമുക്ത നഗരമാക്കി പ്രഖ്യാപിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
പ്രഖ്യാപനത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ എറണാകുളം ഗവ:ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെയും വ്യാപാരി സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും യോഗത്തില്‍ മന്ത്രി അറിയിച്ചതാണിത്.
4-ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നഗരത്തെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കും. തിരുവനന്തപുരം നഗരത്തെയാണ് ആദ്യം നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിച്ചത്. കോഴിക്കോട്, തൃശൂര്‍, കൊല്ലം നഗരങ്ങളെക്കൂടി അടുത്തഘട്ടമായി നോക്കുകൂലി വിമുക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. മറ്റു ജില്ലാ ആസ്ഥാനങ്ങളെക്കൂടി സമയബന്ധിതമായി ഈ പട്ടികയില്‍ കൊണ്ടുവരാനും കേരളത്തെയൊട്ടാകെ നോക്കുകൂലി മുക്ത സംസ്ഥാനമാക്കാനുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വീട്ടുനിര്‍മാണ സാധനങ്ങളുടെയും വീടുപകരണങ്ങളുടേയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണയിച്ചുകഴിഞ്ഞു. ഗൃഹോപകരണങ്ങളുടെ കയറ്റിറക്ക് പൂര്‍ണമായും ഉടമസ്ഥന്റെ വിവേചനത്തില്‍ പെട്ടതാണ്. ഫ്ലാറ്റ് സമുച്ചയങ്ങളും വ്യാപാര സ്ഥാപനങ്ങളും അധികമുളള കൊച്ചിയില്‍ കയറ്റിറക്ക് തര്‍ക്കങ്ങള്‍ താരതമ്യേന കുറവാണെങ്കിലും കയറ്റിറക്കു കൂലി സംബന്ധിച്ച് സമൂഹത്തില്‍ വ്യക്തതയും സുതാര്യതയും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ഒരാനുകൂല്യവും കുറയില്ല. എന്നാല്‍ അവരുടെ പേരില്‍ ജോലി ചെയ്യാതെ പണം തട്ടാന്‍ ആരെയും അനുവദിക്കുകയുമില്ല-മന്ത്രി പറഞ്ഞു.
ഇറക്കേണ്ട സാധനങ്ങളുടെ കൂലി ഉപഭോക്താവിന് പോസ്റ്റ് ഓഫീസ് വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഒടുക്കാനുളള സൗകര്യം പരിശോധിക്കുന്നുണ്ട്. സാധനങ്ങളുടെ പട്ടികയും കൂലിയും നിശ്ചയിക്കുന്നത് സംബന്ധിച്ച് തൊഴിലാളി സംഘടനകളുടെയും വ്യാപാരി സമൂഹത്തിന്റെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും പ്രതിനിധികളടങ്ങുന്ന ഉപസമിതി ജനുവരി ഒമ്പതിനും 10-നും യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. കയറ്റിറക്ക് സാധനങ്ങളുടെ പട്ടികയും നിരക്കും തൊഴില്‍വകുപ്പിന്റെ വെബ്സൈറ്റും റസിഡന്റ് അസോസിയേഷനുകളും മറ്റ് സന്നദ്ധസംഘടനകളും വഴി ജനങ്ങളില്‍ എത്തിക്കും. ഇത് സംബന്ധിച്ച് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡുവഴിയും ജില്ലാ ലേബര്‍ ഓഫീസുവഴിയും പരിഹരിക്കാം. തൊഴില്‍ വകുപ്പിന്റെ ഹെല്പ് ലൈന്‍ വഴിയും പരാതികള്‍ ഉന്നയിക്കാനും പരിഹാരം കാണാനും കഴിയും.
യോഗത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എം.എല്‍.ടോണി വിന്‍സെന്റ്, ജോയിന്റ് ലേബര്‍ കമ്മീഷണര്‍ വിന്‍സെന്റ് അലക്സ്, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് എസ്.തുളസീധരന്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാരായ പി.ജെ.ജോയി, ഇ.വി.നാരായണന് നമ്പൂതിരി, എം.കെ.മോഹന്‍കുമാര്‍ എന്നിവരും അഡ്വ:കെ.പി.ഹരിദാസ്, റ്റി.പി.ഹസന്, പി.പി.അലിയാര് (ഐഎന്റ്റിയുസി), എം.എം.ലോറന്‍സ്, സി.കെ.മണിശങ്കര്‍, റ്റി.എല്‍.അനില്‍കുമാര്‍, ബി.ഹംസ, കെ.കെ.ശിവന്, വി.പി.ചന്ദ്രന് (സിഐറ്റിയു), കോഴിപ്പുറം കലാധരന്‍, എം.പി.പരമേശ്വരന് നായര്‍, സി.വി.ശശി (എഐറ്റിയുസി), അഷ്റഫ് വളളൂരാന് (എസ്റ്റിയു), പി.എം.മദനന്, കെ.റ്റി.വിമലന് (യുറ്റിയുസി-ബി), കെ.റജികുമാര്‍ (ആര്‍എസ്പി-ബി), വി.വി.പ്രകാശന്, എ.ഡി ഉണ്ണികൃഷ്ണന് (ബിഎംഎസ്), വ്യാപാരി സംഘടനകളെ പ്രതിനിധീകരിച്ച് വി.പി.ജോസ്, സി.എ.ജലീല്‍, റസിഡന്‍സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് കുരുവിള മാത്യൂസ്, പി.രംഗദാസപ്രഭു, റ്റി.സി.അയ്യപ്പന്, എം.റ്റി.വര്‍ഗീസ്, പി.എസ്.ആഷിക് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: