വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനം ജനമനസ്സുകളെ ശുദ്ധീകരിച്ച് ജീവിതത്തില്‍ ശാന്തിയും സമാധാനവും കൈവരുത്തുന്നതിനുള്ള പവിത്രമായ ആത്മാന്വേഷണമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ അഭിപ്രായപ്പെട്ടു. കര്‍ണ്ണാടകത്തില്‍ ശ്രീനാരായണഗുരുദേവന്റെ ചിന്തകളും ദര്‍ശനങ്ങളും വ്യാപിപ്പിക്കുന്നതിനും സര്‍ക്കാര്‍ അഭിമാനത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഗൗഡ പറഞ്ഞു. എഴുപത്തിയൊമ്പതാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ ജോലി തുടരുന്നതിന് മുമ്പായി ശിവഗിരിയില്‍ എത്തി ഗുരുദേവന്റെ അനുഗ്രഹം നേടാനായത് മഹാഭാഗ്യമാണ്. ഒരു കര്ണ്ണാടകക്കാരന് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പുതുവര്‍ഷത്തിലെ ഈ തീര്‍ത്ഥാടനത്തില്‍ അഭിമാനിക്കുന്നു. ശിവഗിരിയില്‍ നിന്നും അത്ഭുതകരമായ ആത്മനിര്‍വൃതിയും ഉന്മേഷവും സ്വീകരിച്ചുകൊണ്ടാണ് കര്‍ണാടകത്തില്‍ പുതുവര്‍ഷത്തില്‍ ഭരണ നിര്‍വഹണത്തിനായി പോകുന്നതെന്നും ഈ ഭാഗ്യം താനെന്നും ഹൃദയത്തില്‍ പുണ്യവിശുദ്ധിയോടെ സൂക്ഷിക്കുമെന്നും സദാനന്ദഗൗഡ കൂട്ടിച്ചേര്‍ത്തു.
ശിവഗിരി മഠത്തിന്റെ ശാഖ കര്‍ണ്ണാടകയില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി സദാനന്ദഗൗഡ പ്രഖ്യാപിച്ചു. ഗൗഡയെ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പൊന്നാടചാര്‍ത്തി ആദരിച്ചു. ചടങ്ങില്‍ കേന്ദ്രഊര്‍ജ്ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. ശിവഗിരി തീര്‍ത്ഥാടനം നവോത്ഥാനത്തിലേക്കുള്ള തീര്‍ത്ഥാടനമാണെന്നും വര്‍ത്തമാനകാല ദുഃഖങ്ങള്‍ക്ക് ഗുരുവചനങ്ങള്‍ ശമനം നല്‍കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായി സാമ്പത്തിക നീതിയാണ് ഗുരുവിഭാവനം ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന് അഭിപ്രായപ്പെട്ടു.
മതാചാര്യന്മാരില് നിന്നും സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ നിന്നും വ്യത്യസ്തനാണ് ശ്രീനാരായണഗുരുവെന്ന് സമ്മേളനത്തില്‍ ആശംസാപ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് അഭിപ്രായപ്പെട്ടു. വിയോജിക്കുന്നവരെ സ്നേഹംകൊണ്ട് കീഴ്പ്പെടുത്തുന്നതാണ് ഗുരുദേവദര്‍ശനം. എതിര്‍ക്കുന്നവരെ നിരായുധരാക്കി സാമൂഹ്യപരിഷ്കരണത്തിന് ശ്രമിച്ച മഹായോഗിയാണ് ഗുരു. ഭാരതീയ ആത്മീയതയുടെ പ്രതീകമാണ് ശ്രീനാരായണഗുരുവെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. എന്‍എസ്ഡിപി യോഗം മുന്ജനറല്സെക്രട്ടറി എന്‍.ഗോപിനാഥന്, എം.വി.മനോഹരന്, ആര്.പ്രസാദ്, സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവര്‍ സംസാരിച്ചു.
സ്വാമി പ്രകാശാനന്ദ, സമ്പത്ത് എംപി, വര്‍ക്കല കഹാര്‍ എംഎല്‍എ, നഗരസഭാ ചെയര്മാന് സൂര്യപ്രകാശ് എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. സമ്മേളനത്തില്‍ തീര്ത്ഥാടനത്തോടനുബന്ധിച്ചുനടന്ന കലാമത്സര വിജയികള്‍ക്ക് സമ്മാനവിതരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: