വൈറ്റില: പേട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റുമരിച്ച സംഭവത്തില്‍ സിപിഎമ്മില്‍ വിവാദം പുകയുന്നു. പ്രതികള്‍ക്ക് പാര്‍ട്ടിനേതൃത്വത്തില്‍ ചിലരുടെ പിന്തുണയുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ധനേഷ് (26)നെ കുത്തിക്കൊന്ന ക്രിമിനലുകളെ ഇതുവരേയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ നേതാക്കളുടെ ഭാഗത്തുനിന്നുള്ള വേണ്ടരീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവുമായി രംഗത്തിറങ്ങണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇക്കാര്യം പാര്‍ട്ടിവേദിയില്‍ ഉന്നയിച്ച പേട്ടയിലെ 6 സിഐടിയു തൊഴിലാളികളെ സസ്പെന്റു ചെയ്തുകൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഇതിനുള്ള മറുപടിനല്‍കിയിരിക്കുന്നത്. വിവരം പുറത്തായതിനെതുടര്‍ന്ന് വിഷയം നാട്ടിലാകെ ചര്‍ച്ചയായിരിക്കുകയാണ്.
പാര്‍ട്ടി തൃപ്പൂണിത്തുറ ഏരിയാസെക്രട്ടറിയുടെ അടുത്ത ബന്ധുവാണ് കൊലനടത്തിയ സംഘത്തില്‍പ്പെട്ട ഒരാള്‍. മരിച്ച ധനേഷിനെ കുത്തിയതാവട്ടെ ജെയിന് എന്ന കുപ്രസിദ്ധ ക്രിമിനലും. കൂട്ടാളി അനീഷു മൊത്താണ് കൃത്യം നടത്തുവാനായി ഇയാള്‍ പേട്ടയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ ഇരുവരും ഗുണ്ടാ,മയക്കുമരുന്ന് മാഫിയാ ബന്ധമുള്ളവരും പലകേസുകളിലും പ്രതികളുമാണ്.
വിനോദ്, ദീപക് എന്നിവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുകൂട്ടുപ്രതികള്. ഇവരെ കൂടാതെ മറ്റൊരാള്‍ പോലീസ് കസ്റ്റഡിയിലുമുണ്ട്. ഇവയൊക്കെയാണ് പ്രതികളെകുറിച്ച് പോലീസ് നല്കുന്ന വിവരം.
കൊലനടത്തിയ പ്രതിയും, കൂട്ടാളികളും രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ പാര്‍ട്ടി ഉപയോഗിച്ചുവരുന്ന ഗുണ്ടാകളാണെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാരണത്താല്‍ തന്നെ പ്രതികള്‍ക്ക് സ്ഥലം വിടാനും ഒളിവില്‍ പോവാനും നേതാക്കളില്‍ ചിലര്‍ സഹായം നല്‍കിയെന്നും ആക്ഷേപമുണ്ട്.
പ്രതികളുടെ നീക്കങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നിരീക്ഷിച്ചുവരുന്നുണ്ട്. നാലുപേര്‍ രണ്ടു സംഘങ്ങളായി പിരിഞ്ഞാണ് ഒളിവില്‍ കഴിയുന്നതെന്നാണ് അന്വേഷണത്തിനു നേതൃത്വം നല്കുന്ന തൃപ്പൂണിത്തുറ സിഐയും സംഘവും നല്കുന്ന വിവരം. പ്രതികള്‍ ഗോവയിലുള്ളതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ചിരിക്കുന്ന സൂചന. ചില ഗുണ്ടാതലവന്മാരും, രാഷ്ട്രീയ നേതാക്കളുമായും ഇവര്‍ ഫോണില്‍ സംസാരിക്കുന്നതായും വിവരമുണ്ട്. പ്രതികള്‍ ഉടന്‍ പിടിയിലായില്ലെങ്കില്‍ പാര്‍ട്ടിക്കത്ത് പ്രശ്നം വീണ്ടും കൂടുതല്‍ വഷളാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: