ഇസ്ലാമാബാദ്: ‘മെമ്മോഗേറ്റ്’ വിവാദത്തെക്കുറിച്ച് അന്വേഷിക്കണമെന്ന പാക് സുപ്രീംകോടതി ഉത്തരവ് ആസിഫ് അലി സര്‍ദാരി സര്‍ക്കാരിന് വന്‍തിരിച്ചടിയായി. ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ പരിഭ്രാന്തിയുടെ തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണഘടനയനുസരിച്ച് ഇത്തരമൊരു ഹര്‍ജി നല്‍കാനാവുമെന്ന് മുന്നിയമമന്ത്രിയും പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റുമായ ബാബര്‍ അവാനാണ് വ്യക്തമാക്കിയത്.
പാക്കിസ്ഥാനില്‍ സൈനിക അട്ടിമറി നടന്നാല്‍ അമേരിക്കന്‍ സഹായം തേടിയുള്ള വിവാദമായ രഹസ്യരേഖ സംബന്ധിച്ച് അന്വേഷണത്തിന് പാക് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മൂന്ന് അംഗങ്ങളടങ്ങിയ ജുഡീഷ്യല്‍ കമ്മീഷനായിരിക്കും അന്വേഷണം നടത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബലൂചിസ്ഥാന്‍ ഹൈക്കോടതിയിലെ ചീഫ്ജസ്റ്റിസ് ഖ്വാസി ഫായെസ് ഇസയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കൂടാതെ മൂന്ന് ഹൈക്കോടതികളിലെയും ചീഫ്ജസ്റ്റിസുമാരും അന്വേഷണ സംഘത്തിലുണ്ട്. പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്ന പൊതുതാല്പര്യം പരിഗണിച്ച് പരാതിക്കാരന് നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
രഹസ്യരേഖയുടെ ഉത്ഭവം എവിടെനിന്നാണെന്നും അതിന്റെ സുതാര്യതയും ലക്ഷ്യം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ‘ദ ഡെയ്ലി ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക് ഭരണഘടനയുടെ 187 വകുപ്പുപ്രകാരമാണ് അന്വേഷണകമ്മീഷനെ കോടതി നിയമിച്ചിരിക്കുന്നത്.
ഇതിനിടെ, പാക്കിസ്ഥാനില്‍ നേരത്തെ തെരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി വ്യക്തമാക്കി. അടുത്ത പൊതുതെരഞ്ഞെടുപ്പ് 2013 ലായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായും നിയമപരമായും മാത്രമേ അടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടക്കുകയുള്ളൂവെന്നും ഗിലാനി പറഞ്ഞു. മുള്‍ട്ടാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളെക്കുറിച്ചാണ് ചിലര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും എന്നാല്‍ നിയമവും ഭരണഘടനയും അനുസരിച്ചാണ് നാം പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും സൈനിക തലവന്‍ ജെന്‍ അഫ്താഖ് പര്‍വേസ് കയാനിയും തമ്മില്‍ വളരെ നല്ല ബന്ധമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കൂട്ടുമന്ത്രിസഭയുടെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നിലനില്‍ക്കുമെന്നും പാര്‍ലമെന്റ് അതിന്റെ കാലാവധി പൂര്‍ത്തിയാക്കുമെന്നും ഗിലാനി വ്യക്തമാക്കി.
അബോട്ടാബാദ് സംഭവത്തിനുശേഷം രഹസ്യരേഖ സംബന്ധിച്ച് വിവാദങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍, രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പാക് ഭരണകൂടം സമ്മര്‍ദ്ദം നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാന്റെ അറിവിനെക്കുറിച്ച് ചോദിച്ചപ്പോള്‍, വിദേശനയത്തില്‍ യുഎസും നാറ്റോ സേനയുമായുള്ള ഉടമ്പടി പാര്‍ലമെന്റ് അംഗീകരിച്ചിട്ടുള്ളതാണെന്നും ഗിലാനി മറുപടിയായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: