ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ പതിനഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബലൂചിസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി മിര്‍ മുഹമ്മദ് നസീര്‍ മെന്‍ഗലിന്റെ മകന് ഷഫീഖി മെന്‍ഗലിന്റെ വസതിക്ക് മുന്നിലായിരുന്നു സ്ഫോടനം. എന്നാല്‍ ഷഫീഖ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ സ്ഫോടനത്തില്‍ ഒട്ടേറെ കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ ഒരു സ്ത്രീയും ഒരു കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം, അപകടത്തില്‍ പരിക്കേറ്റവരില്‍ ആറുപേരുടെ നില അതീവ ഗുരുതരമാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. ഷഫീഖും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സ്ഫോടനത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്നും എന്നാല്‍ ഷഫീഖിന്റെ സുരക്ഷാ ഭടന്മാര്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അക്രമികളുടെ ലക്ഷ്യം ഷഫീഖായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് ഇന്‍സ്പെക്ടര്‍ നസീര്‍ കുര്‍ദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 40 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് കാറിലുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് മറ്റൊരു ബോംബ് സ്ഥാപിച്ചിരുന്നുവെങ്കിലും അത് പൊട്ടിത്തെറിച്ചില്ലെന്നും ബോംബ് സ്ക്വാഡ് അത് നിര്‍വീര്യമാക്കിയെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി എന്നിവര്‍ ആക്രമണത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: