ലണ്ടന്‍: മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അനുജ് ബിദ്വെയെ പ്രകോപനമൊന്നുമില്ലാതെ വെടിവച്ച് കൊന്ന കേസില്‍ അറസ്റ്റിലായ മൂന്ന് കൗമാരക്കാരെ ജാമ്യത്തില്‍ വിട്ടയച്ചു. പതിനാറുകാരനെയും പതിനേഴ് വയസുള്ള രണ്ടുപേരെയുമാണ് വിട്ടയച്ചത്. അതേസമയം ബിദ്വെയെ കൊലപ്പെടുത്തിയ ആളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് അമ്പതിനായിരം പൗണ്ട് പ്രതിഫലം പ്രഖ്യാപിച്ചു. ബിദ്വെയുടെ കുടുംബാംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് അയക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.
പൂനെ സ്വദേശിയായ ബിദ്വെ (23) ലാന്‍സസ്റ്റര്‍ സര്‍വകലാശാലയില്‍ മൈക്രോ ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയായിരുന്നു. ക്രിസ്തുമസ് അവധിക്കിടെ മറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാഞ്ചസ്റ്ററിലെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വംശീയ വെറിയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കരുതുന്നു.
മകന് കൊല്ലപ്പെട്ട വിവരം ബ്രിട്ടീഷ് സര്‍ക്കാരോ ലണ്ടനിലെ ഇന്ത്യന്‍ കോണ്സുലേറ്ററൊ തന്നെ അറിയിച്ചിരുന്നില്ലെന്ന് അനുജിന്റെ അച്ഛന് സുഭാഷ് ബിദ്വെ കഴിഞ്ഞദിവസം പരാതിപ്പെട്ടിരുന്നു. ദുഃഖകരമായ വാര്‍ത്ത ഇങ്ങനെ അറിയേണ്ടിവന്ന ബിദ്വെയുടെ കുടുംബത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: