ഒരു നൂറ് വര്‍ഷം മുന്‍പ് ലോകമാന്യ തിലകന് ഗീതാരഹസ്യം എഴുതിത്തീര്‍ത്തു. ഒരു നൂറു വര്‍ഷം മുമ്പ് തന്നെയായിരുന്നു വിഭജിച്ച് ഭരിക്കാനുള്ള ബ്രീട്ടിഷ് സര്‍ക്കാറിന്റെ ക്രൂരതകളും അതിന്റെ പാരമ്യത്തിലെത്തിയത്. പോയവര്‍ഷം ഇതിന്റെ ശതാബ്ദി പൂര്‍ത്തിയാക്കുമ്പോള്‍ ചരിത്രം തനിയാവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നുഎന്നതാണ് ദേശീയ രാഷ്ട്രീയ രംഗത്തിന്റെ ദിനക്കുറിപ്പുകളില്നിന്നും വേര്തിരിച്ചെടുക്കാനാവുന്നത്. സ്വാതന്ത്യം എന്റെ ജന്മാവകാശം അത് ഞാന്‍ നേടിയെടുക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ച തിലകന്റെ ശബ്ദം അഴിമതി രഹിത ഭാരതം എന്റെ ജന്മാവകാശം അത് ഞാന്‍ നേടിയെടുക്കും എന്ന അണ്ണാഹസാരെയുടെ പുതുമുദ്രാവാക്യമായി പരിണമിക്കുന്നതാണ് പോയവര്‍ഷം നല്കിയ ഏറ്റവും വലിയ സൗഭാഗ്യം.
വിഭജനതന്ത്രത്തിന്റെ, ബ്രിട്ടീഷ് കൗശലത്തിന്റെ രൂപാന്തരമാണ് സോണിയയുടെ നേതൃത്വത്തില്‍ യുപിഎ ആവിഷ്കരിച്ച പ്രിവന്‍ഷന്‍ ഓഫ് കമ്മ്യൂണല്‍ ടാര്‍ജറ്റഡ് വയലന്‍സ് (ആക്സസ് ടു ജസ്റ്റീസ് ആന്റ് റിപ്പറേഷന്സ്) ബില്‍, 2011 ല്‍ സ്വതന്ത്രഭാരതം കണ്ട ഏറ്റവും മാരകമായ ബില്‍. അഴിമതി തടയാന്‍ എന്റെ കയ്യില്‍ ദിവ്യാസ്ത്രങ്ങളില്ല എന്ന് വിലപിക്കുന്ന പ്രധാനമന്ത്രിയും അഴിമതി രാജാക്കന്മാരും കനിമൊഴികളും തീഹാര്‍ജയിലില്‍ അഴികളെണ്ണുകയും ചെയ്യുമ്പോള്‍ പോയവര്‍ഷത്തിന്റെ ജാതകം പൂര്‍ത്തിയാവുമോ? ഇല്ല. അത് വിലക്കയറ്റത്തിന്റെ വര്‍ഷമായിരുന്നു. ഭീകരസ്ഫോടനങ്ങളുടെ പെരുമഴയായിരുന്നു. ദേശീയരാഷ്ട്രീയത്തിലെ കിംഗ്മേക്കര്‍മാര്‍ എന്ന് വീമ്പടിച്ചിരുന്ന സിപിഎം കേന്ദ്രത്തിന്റെ ഏറ്റവും വലിയ ജില്ലകളിലൊന്നിന്റെ വലുപ്പം മാത്രമുള്ള ത്രിപുരയിലേക്കൊതുങ്ങുകയും നാലുപതിറ്റാണ്ടിന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ട് വംഗനാടിന്റെ മക്കള്‍ സിപിഎമ്മിനെ മൂലക്കിരുത്തുകയും ചെയ്ത വര്‍ഷമായിരുന്നു രണ്ടായിരത്തിപതിനൊന്ന്. തരുണ്‍ ഗോഗോയിയും ജയലളിതയും ഉമ്മന്‍ചാണ്ടിയും എന്‍. രംഗസ്വാമിയും മുഖ്യമന്ത്രിമാരായ വര്‍ഷം കര്‍ണ്ണാടകയില്‍ എത്തിയപ്പോള്‍ ബി.എസ്. യെദ്യൂരപ്പയെ മാറ്റി സദാനന്ദഗൗഡയെ പകരക്കാരനാക്കുന്ന കാഴ്ചയില്‍ അവസാനിച്ചു.
രാഷ്ട്രീയം തെമ്മാടികളുടെ അവസാനത്തെ ആശ്രയമല്ല എന്ന് തെളിയിക്കാന്‍ കഴിയാതെ പോയി ഇക്കഴിഞ്ഞ വര്‍ഷം കേരളത്തിന്. എം.വി. ജയരാജനും മന്ത്രി ഗണേഷ്കുമാറും പി.സി. ജോര്‍ജ്ജും മറ്റും നടത്തിയ വാചകക്കസര്‍ത്തുകള്‍ രാഷ്ട്രീയ കേരളത്തിന്റെ നിലവാരത്തകര്‍ച്ചയുടെ പ്രകടനമായി മാറി.
സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ലോകമെമ്പാടും പ്രക്ഷോഭങ്ങളുടെ വസന്തം പൂത്തുലഞ്ഞ വര്‍ഷത്തില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും അഴിമതിക്കെതിരായ ലോക്പാല്‍ ബില്ലിനും വേണ്ടി അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ നടന്ന പ്രക്ഷോഭം സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍ച്ചയെ ഓര്‍മ്മിപ്പിക്കുന്നതായി. മധ്യവര്‍ഗ്ഗസമൂഹത്തിന്റെ സമരമെന്നും സോഷ്യല്നെറ്റ്വര്ക്ക് കൂട്ടായ്മയെന്നും ഗോഡ്സെയുടെ അനുയായികള്‍ എന്നൊക്കെ ആക്ഷേപങ്ങളുമായെത്തിയ കോണ്‍ഗ്രസിന് അണ്ണാഹസാരെയുടെ പിന്നില്‍ അണിനിരന്ന പതിനായിരങ്ങള്‍ ചുട്ടമറുപടിനല്‍കി. നവസാങ്കേതികവിദ്യയുടെ അവസരങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ 70 കളില്‍ നടന്ന ലോകസംഘര്‍ഷ വാഹിനിയുടെ പ്രക്ഷോഭ കൊടുങ്കാറ്റിനെ കവച്ചുവെക്കുന്നതായിരുന്നു ഹസാരെയുടെ സമരം. ജനവികാരത്തിന്റെ രസതന്ത്രം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതാണ് ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അനുവര്‍ത്തിക്കുന്ന നയം തെളിയിക്കുന്നത്.
ഒക്ടോബര്‍ 11ന്, ജയപ്രകാശ് നാരായണന്റേയും നാനാജിദേശ്മുഖിന്റേയും രാജ്മാതാ വിജയരാജസിന്ധ്യയുടേയും ജന്മനാളുകള്‍ ഒത്തുവന്ന ദിവസം ലാല്‍കൃഷ്ണ അദ്വാനി ബിഹാറില്‍ നിന്നാരംഭിച്ച യാത്ര രാഷ്ട്രീയ ഇച്ഛാശക്തിയുടേയും സ്ഥൈര്യത്തിന്റെയും യഥാര്‍ത്ഥ രാഷ്ട്രനേതൃത്വത്തിന്റെയും മികവുറ്റപ്രകടനമായി മാറി.
അഴിമതി രാജ്യത്തെ ബാധിച്ചിരിക്കുന്ന കാന്‍സറാണെന്ന കുമ്പസാരത്തിനപ്പുറം രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രിക്കും സൂപ്പര്‍ പ്രധാനമന്ത്രിക്കും കഴിഞ്ഞ വര്‍ഷവും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കേന്ദ്രമന്ത്രിമാരും മറ്റ് ഉന്നതരും കൂട്ടത്തോടെ തീഹാര്‍ ജയിലിലേക്കൊഴുകിയ കാഴ്ചയായിരുന്നു ഇതില്‍ പ്രധാനം. ജനാധിപത്യത്തിലെ കൂട്ടുകക്ഷി മന്ത്രിസഭയുടെ സമ്മര്‍ദ്ദം മുതലാക്കി ചെന്നൈയില്‍ നിന്നും ദേശീയരാഷ്ട്രീയത്തെ വരുതിയിലാക്കിയിരുന്ന കരുണാനിധിയെ നിസഹായനാക്കി വിശ്വസ്തന് രാജയും മകളും എംപിയുമായ കനിമൊഴിയും തീഹാര്‍ ജയിലില്‍ ഉണ്ടുറങ്ങിയത് മാസങ്ങളോളം. ഗെയിംസ് കളിച്ച് കോടികള്‍ മുക്കിയ സുരേഷ് കല്‍മാഡിയും ഇപ്പോഴും തീഹാറില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ ആത്മാര്പ്പണത്തെപ്പോലും വിറ്റുകാശാക്കാന്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നാണിച്ചില്ല എന്നതും 2011 ന്റെ പരിഹാസ്യ മുഖങ്ങളിലൊന്നായിരുന്നു. ആദര്‍ശ് അഴിമതിയില്‍ കുരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന് സ്ഥാനം നഷ്ടപ്പെട്ടെങ്കിലും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല.
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കേന്ദ്രത്തിലുളളവരെ കടത്തിവെട്ടുന്ന മിടുക്കാണ് പ്രകടിപ്പിച്ചത്. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷ ശരിവച്ച ആര്. ബാലകൃഷ്ണപ്പിള്ളയെ ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി കേരളസര്‍ക്കാര്‍ ശിക്ഷ കാലാവധി കഴിയും മുന്‍പെ വിട്ടയച്ചു.
പാമോലിന്‍ ഇറക്കുമതി കേസില്‍ ആഗസ്റ്റ് 8ന് ഉണ്ടായ വിജിലന്‍സ് പ്രത്യേക കോടതിയുടെ വിധി ഉമ്മന്‍ചാണ്ടിക്കെതിരായി അന്വേഷണം നടത്തണമെന്നായിരുന്നുവെങ്കിലും മുഖ്യമന്ത്രിസ്ഥാനം മുറുകെപ്പിടിച്ച് വിജിലന്‍സ് വകുപ്പ് കയ്യൊഴിയാനുള്ള ഉദാരതയാണ് മുഖ്യമന്ത്രി കാണിച്ചത്!
ഇസ്ലാമിക തീവ്രവാദവും മാവോയിസ്റ്റ് ഭീകരതയും കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതാണ് കഴിഞ്ഞവര്‍ഷവും നല്കുന്ന അതീതമായ സൂചന. അഫ്സല് ഗുരുവിനും അജ്മല്‍ കസബിനും നല്കുന്ന സുരക്ഷപോലും സാധാരണപൗരന് നല്കാന് ഭരണകൂടത്തിനായില്ല. ജൂലൈ 11ന് മുംബൈയില്‍ നടന്ന സ്ഫോടനത്തില്‍ 11 പേര്, സപ്തംബര്‍ 7ന് ദല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ 10 പേര്, മരിച്ചവരുടെ പട്ടികനീളുന്നു….. പരിക്കേറ്റവര്‍ ഇതിലുമെത്രയോപേര്. കസബിന്റെ ആഡംബരജീവിതത്തിന് സര്‍ക്കാര്‍ ചെലവാക്കിയത് 11 കോടിയൂപയാണ്. മുംബൈ ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ഹെഡ്ലിയുടെ വിചാരണ ചിക്കാഗോ കോടതിയില്‍ ആരംഭിച്ചപ്പോള്‍ തന്നെ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെങ്കിലും അന്തര്‍ദേശീയ വേദികളില്‍ അത് ഉന്നയിക്കാന്‍ കഴിയാതെ ഭാരതം ദയനീയമായി പരാജയപ്പെട്ടു.
ക്രൈസ്തവ ഭീകരത പ്രാദേശിക വാദങ്ങളായി വടക്കുകിഴക്കന്‍ മേഖലയില്‍ വംശീയ സംഘര്‍ഷങ്ങള്‍ നടത്തിയപ്പോള്‍ ചുവന്ന ഇടനാഴിയും കടന്ന് മാവോയിസ്റ്റ് ഭീകരത കേരളത്തിലെ വനവാസി കുടിലുകള്‍ വരെ എത്തി എന്നതാണ് മറ്റൊരു ദൃശ്യം. വടക്കുകിഴക്കന്‍ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദശക്തികളെ തടയാന്‍ 1958ലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് സായുധ സേന പ്രത്യേകാധികാര നിയമം ‘അഫ്സപ’ നടപ്പിലാക്കിയത്. 1990ല്‍ അത് ജമ്മുകാശ്മീരിലേക്കും വ്യാപിപ്പിച്ചു. എന്നാല്‍ ഇത് പിന്‍വലിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇംറോം ശര്‍മ്മിളയുടെ സമരത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ മാസങ്ങളോളം മണിപ്പൂരിനെ നിശ്ചലമാക്കിയ ഭീകരവാദ നടപടിയും ദേശീയപാതകള്‍ നാലുമാസത്തേക്ക് ഉപരോധിച്ച് ഭരണകൂടത്തെ വെല്ലുവിളിച്ചതും മുഖ്യധാരാമാധ്യമങ്ങള്‍ കാണാതെപോയതും കഴിഞ്ഞവര്‍ഷത്തെ നേട്ടങ്ങള്‍.
തെലുങ്കാനയ്ക്കുവേണ്ടി നടന്ന സമരം 14,000 കോടി നഷ്ടമുണ്ടാക്കി മൂന്നുലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തുകൊണ്ട് മുന്നേറിയപ്പോള്‍ 100 നിയമസഭാംഗങ്ങളുടെ രാജിയില്‍ കലാശിച്ചു. യുപിഎ വിഭജിക്കാനുള്ള തീരുമാനം മായാവതിയുടെ രാഷ്ട്രീയ കണ്ണിന്റെ സൂക്ഷ്മതയാണ് വിളിച്ചുപറയുന്നത്.
വിലക്കയറ്റം പുരോഗതിയുടെ സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രിയുടെ അഭിപ്രായം. കഴിഞ്ഞവര്‍ഷത്തെ വിലക്കയറ്റത്തിന്റെ കുതിപ്പ് കണക്കാക്കിയാല്‍ മന്മോഹന് ഇക്കണോമിക് തിയറിപ്രകാരം ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത് വരും. പെട്രോള്‍ വിലനിയന്ത്രണം എണ്ണക്കമ്പനിക്കാര്ക്ക് തീറെഴുതിക്കൊടുത്തതിന് ശേഷം എത്രതവണ വിലകൂട്ടിയെന്ന് സര്‍ക്കാറിനു തന്നെ അറിയില്ല. കഴിഞ്ഞ വര്‍ഷം മാത്രം പതിനഞ്ചുരൂപയോളമാണ് പെട്രോളിന് വിലവര്‍ദ്ധിപ്പിച്ചത്. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റത്തിനു അടിസ്ഥാനകാരണവും രാജ്യത്തിന്റെ ഈ കോര്‍പ്പറേറ്റു വത്കരണം തന്നെ.
സാധാരണക്കാരന്റെ ജീവിതത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഉപ്പു മുതല്‍ കര്‍പ്പൂരം വരെ സകല സാധനങ്ങള്‍ക്കും പലതവണയാണ് വിലവര്‍ദ്ധിച്ചത്. ഭക്ഷ്യോല്പന്നങ്ങളുടെ വിലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 12% വരെ വിലവര്‍ദ്ധനയുണ്ടായി. പഴം, പാല്, അരി, മാംസം എന്നിവയ്ക്ക് ഇരട്ടിയോളമാണ് വിലവര്‍ദ്ധിച്ചത്. അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന കേരളത്തില്‍ വിലക്കയറ്റം അതിരൂക്ഷവുമായിരുന്നു. ഇതിനുപുറമേയാണ് പാചകവാതക സിലിണ്ടറിന് 50 രൂപ കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ഇറക്കുമതിചെയ്യുന്ന സാധനങ്ങള്‍ക്ക് വന്‍വില നല്‍കേണ്ടിയും വരുന്നു. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ പൊതുജനത്തിന്റെ പ്രതിനിധി ഹര്വിന്ദ്സിംഗ് നവംബര്‍ 4ന് ശരത്പവാറിന്റെ ചെകിടത്തടിച്ചതും കഴിഞ്ഞ വര്‍ഷത്തിന്റെ കാഴ്ചയായിരുന്നു.
‘മാര്‍ക്സിയന്‍ സമത്വസുന്ദരലോകം’ തങ്ങള്‍ക്കും വേണ്ടെന്ന് 2011ല്‍ ബംഗാള്‍ ജനതയും തീരുമാനിച്ചു. മമതാബാനര്‍ജിയുടെ പരിവര്‍ത്തനങ്ങളില്‍ മൂന്നരപതിറ്റാണ്ടിനിടയിലെ കമ്മ്യൂണിസ്ററ് ഏകാധിപത്യം വലിച്ചെറിഞ്ഞ് വംഗനാടും സിപിഎമ്മി നെ പുറന്തള്ളി കേരളവും ഇടതുപക്ഷത്തെ ത്രിപുരയില്‍ ഒതുക്കി. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 196 സീറ്റുണ്ടായ സിപിഎം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റിലേക്ക് ചുരുങ്ങി. 184 സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദീദി റൈറ്റേഴ്സ് ബില്‍ഡിംഗിന്റെ സര്‍വ്വാധിപതിയായി 33 വര്‍ഷത്തെ മാര്‍ക്സിസ്റ്റ് ആക്രമത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ ജനരോഷമിരമ്പിയ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയടക്കം നിരവധിപ്രമുഖര്‍ ദയനീയമായി തോറ്റു.
2ജി സ്പെക്ട്രം അഴിമതിക്കെതിരെയും കുടുംബ വാഴ്ചയ്ക്കെതിരെയും വോട്ടുചെയ്ത തമിഴ്ജനത കനത്ത തിരിച്ചടിയാണ് കലൈഞ്ജര്‍ക്ക് സമ്മാനിച്ചത്. അഴിമതിക്കെതിരെ ജനവികാരം ആളിക്കത്തിയപ്പോള്‍ ഡിഎംകെയ്ക്ക് ലഭിച്ചത് 25 സീറ്റ് മാത്രം. 234 അംഗ നിയമസഭയില്‍ മത്സരിച്ച 160 സീറ്റില്‍ 153ലും ജയിച്ച് എഐഎഡിഎംകെ ഭരണത്തിലേറി. ജയലളിത മൂന്നാം തവണയും മുഖ്യമന്ത്രിയായി. പുതുച്ചേരിയിലും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് തിരിച്ചടിയേറ്റു.
ലോക്പാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിനെതിരെ പ്രചരണത്തിനിറങ്ങിയ അണ്ണാഹസാരെയും സംഘവും ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ മൂന്നാംസ്ഥാനത്തെത്തിച്ച് നാണം കെടുത്തി. ബിജെപി പിന്തുണയോടെ മത്സരിച്ച ഹരിയാന ജനഹിത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് വിഷ്ണോയിയാണ് ജയിച്ചത്. കേരളത്തില്‍ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരണത്തിലെത്തി. നേമം, മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ രണ്ടാമതെത്തി ബിജെപി ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. ജെഎസ്എസ്, സിഎംപി, കോണ്‍ഗ്രസ്സ് (എസ്), ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് (പി.സി. തോമസ്) എന്നീ കക്ഷികള്‍ക്ക് ഒറ്റ സീറ്റുപോലും ലഭിച്ചില്ല.
കര്‍ണാടകയില്‍ ശ്രീരാമലുവിന്റെ വിജയം ആഘോഷിക്കുന്നവര്‍ ബിജെപി കര്‍ണാടകയില്‍ തറപറ്റി എന്ന് ആര്‍ത്തുവിളിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മേറ്റ്ല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപി നേടിയ നേട്ടം കാണാതെ പോയി. ജനുവരി 4ന് നടന്ന ജില്ലാ താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ 30 ജില്ലാപരിഷത്തില്‍ 12 ഇടങ്ങളില്‍ ബിജെപിയാണ് സീറ്റ് നേടിയത്. കോണ്‍ഗ്രസ്സിനും ജനതാദള്‍ എസിനും നാല് വീതം മാത്രം. ബാക്കി 10 എണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.
കേരളം ഇപ്പോഴും വിലകുറഞ്ഞ തര്‍ക്കങ്ങള്‍ക്കിടയിലാണ്. ശുംഭന് പ്രയോഗം എം.വി. ജയരാജനെ ജയിലിനകത്താക്കിയപ്പോള്‍ കോടതിയുടെ ആക്ടിവിസത്തെ വിമര്‍ശിക്കാനാണ് ഏറെപ്പേരും തുനിഞ്ഞത്. മറിച്ച് രാഷ്ട്രീയ രംഗത്തെ ബാധിച്ച ഗുരുതരമായ മൂല്യശോഷണം ആര്‍ക്കും വേദനയായില്ല. മന്ത്രി ഗണേഷ് കുമാറും ആ വഴി പോയപ്പോള്‍ പി.സി. ജോര്‍ജ് പതിവു തെറ്റിക്കാതെ കത്തിക്കയറി. എ.കെ. ബാലനില്‍ നിന്നും പരവ സമുദായത്തെയാകെ പട്ടികജാതിയില്‍ നിന്നും മാറ്റാനുള്ള കുരിശുയുദ്ധത്തിലാണിപ്പോള് പി.സി. ജോര്‍ജ്ജ്.
ഒരുപതിറ്റാണ്ടിനിടയ്ക്ക് കഴിഞ്ഞ വര്‍ഷം മദനി ഏറെ ചര്‍ച്ച ചെയ്യപ്പെടാതെ പോയി എന്ന ദുഃഖം ചിലര്‍ക്കെങ്കിലുമുണ്ടാകാം. മന്ത്രി മുനീറടക്കമുള്ളവര്‍ മുസ്ലീം തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന വീക്കിലീക്സ് ചോര്‍ച്ചകളും ചിലരെ വേദനിപ്പിച്ചു.
മുല്ലപ്പെരിയാര്‍ പ്രശ്നം രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറ്റാന്‍ രാഷ്ട്രീയ കക്ഷികള്ക്കാവുന്നു. പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന കേന്ദ്ര ഭരണകൂടമാകട്ടെ പതിവു നിസ്സംഗത തുടരുന്നു.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: