വാണിജ്യമേഖലയില്‍ വില വര്‍ധന, വ്യാവസായികമേഖലയില്‍ തളര്‍ച്ച, കയറ്റുമതി രംഗത്ത് മാന്ദ്യം, ഇറക്കുമതി രംഗത്ത് വര്‍ധന, ഓഹരി വിപണിയില്‍ നിക്ഷേപക നഷ്ടം, രൂപയുടെ മൂല്യം കൂപ്പുകുത്തി, നിക്ഷേപകമേഖല ആശങ്കയില്‍, സര്‍ക്കാര്‍ ആസ്തികള്‍ വില്‍പ്പനയ്ക്ക്, വളര്‍ച്ചാ നിരക്ക് പിന്നോട്ട്, ബജറ്റ് പ്രതീക്ഷകള്‍ പിന്നോട്ട്, ബജറ്റ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി സാമ്പത്തിക മേഖലയില്‍ 2011 ല്‍ ഇന്ത്യകണ്ട പ്രതിഫലനങ്ങളാണിവ. ആഗോള മാന്ദ്യത്തില്‍ അമേരിക്കയും യൂറോപ്പും ജപ്പാനും എല്ലാം തകര്‍ന്നപ്പോള്‍ 2008 ല്‍ പിടിച്ചുനിന്ന ഇന്ത്യയുടെ സാമ്പത്തിക സമ്പദ്ഘടന വികസന മേഖലകള്‍ 2011 ല്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലായി. ആഗോളമാന്ദ്യം ഭാരത സമ്പദ്മേഖലയില്‍ തിരിച്ചടി സൃഷ്ടിച്ചതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചപ്പോള്‍ തളര്‍ന്നത് സാമ്പത്തികമേഖലയ്ക്കൊപ്പം കോടിക്കണക്കിന് സാധാരണ ജനതയാണ്. വിവാദങ്ങളും അഴിമതിയും നയപരമായും രാഷ്ട്രീയപരമായും ഭരണകൂടത്തെ പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക മേഖല നേരിടേണ്ടിവന്നത് വര്‍ഷങ്ങളായി നേടിയെടുത്ത നേട്ടങ്ങളുടെ തിരിച്ചടിയാണ്.
അമേരിക്കയുടെ റേറ്റിംഗ് കുറച്ചതും യൂറോപ്പിലെ സാമ്പത്തിക തിരിച്ചടിയും ജപ്പാനിലെ സുനാമി പ്രതിഫലനങ്ങളും എണ്ണയുല്‍പ്പാദക രാജ്യങ്ങളിലെ ദേശീയാനുകൂല നയങ്ങളും സ്വകാര്യ മേഖല-കോര്‍പ്പറേറ്റ് ശൃംഖലകളുടെ ശാക്തീകരണവുമെല്ലാം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വന്‍വ്യതിയാനങ്ങളും മാറ്റങ്ങളും സൃഷ്ടിച്ചു. ഇതിന്റെ തിരിച്ചടി നേരിടേണ്ടിവന്നതാകട്ടെ കാര്‍ഷിക മേഖലയും വാണിജ്യമേഖലയുമാണ്.
വാണിജ്യമേഖലയില്‍ 2011 വില വര്ധനവിന്റെതായിരുന്നു. നിത്യോപയോഗ സാധന വിലകള്‍ അനിയന്ത്രിതമായി കുതിച്ചുയര്‍ന്നപ്പോള്‍ സാധാരണ ജനതയുടെ ജീവിത ചെലവുകള്‍ അതിരുകള്‍ താണ്ടി. ഭക്ഷ്യ നാണയപ്പെരുപ്പം മാസങ്ങളോളം രണ്ടക്കത്തില്‍ തുടര്‍ന്നത് സര്‍ക്കാരിന്റെ പരാജയമായാണ് വിലയിരുത്തിയത്.
സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം, വൈരം വിപണികള്‍ റെക്കാര്‍ഡ് വിലകള്‍ സൃഷ്ടിച്ച് മുന്നേറി. 2011 ജനുവരിയില്‍ പവന് 15440 രൂപയായിരുന്ന സ്വര്‍ണ്ണ വില വര്‍ഷാന്ത്യം 20280 രൂപയിലെത്തി. ഡിസംബര്‍ ആദ്യവാരം പവന് 21760 രൂപയെന്ന റെക്കാര്‍ഡ് വിലയും സൃഷ്ടിച്ചു. മുംബൈയില്‍ തങ്കം 10 ഗ്രാമിന് വില ജനുവരിയിലെ 20800 രൂപയില്‍നിന്ന് വര്‍ഷാന്ത്യം 26,850 രൂപയായി വര്‍ധിച്ചു. 29,280 രൂപയാണ് റെക്കാര്‍ഡ് വില. ന്യൂയോര്‍ക്കില്‍ തങ്കം ഔണ്‍സിന് (31.1 ഗ്രാം) ജനുവരിയിലെ 1413 ഡോളര്‍ നിരക്കില്‍നിന്ന് വര്‍ഷാന്ത്യം 1553 ഡോളറായി കൂടി. സപ്തംബറിലെ 1924 ഡോളര്‍ നിരക്കാണ് റെക്കാര്‍ഡ്. വെള്ളിവില ജനുവരിയില്‍ കിലോഗ്രാമിന് 43500 രൂപയില്‍നിന്ന് വര്‍ഷാന്ത്യം 52,000 രൂപയായി ഉയര്‍ന്നു. ഏപ്രിലിലെ 75,020 രൂപയാണ് റെക്കാര്‍ഡ് വില. പ്ലാറ്റിനം വൈരം വിപണിയില്‍ വന്‍ ഡിമാന്റും വിലയില്‍ 30-40 ശതമാനംവരെ വര്‍ധനവുണ്ടായി.
2011 ന്റെ ആദ്യത്തെ ആറുമാസം സാധാരണ നിലയിലായിരുന്ന വ്യാവസായിക മേഖലാ വളര്‍ച്ച മൂന്നാം പാദത്തില്‍ ‘മൈനസ്സ്’ നിലവാരത്തിലെത്തി. നാലാം പാദത്തിലും ഇത് തന്നെയായിരിക്കുമെന്നാണ് വ്യാവസായിക കേന്ദ്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഖാനനം, സംസ്ക്കരണം, ഭക്ഷ്യധാന്യ ഉല്‍പ്പാദനം ഓട്ടോമൊബെയില്‍ തുടങ്ങിയ മേഖലകള്‍ തിരിച്ചടി നേരിട്ടത് സാമ്പത്തിക മേഖലയില്‍ വന്‍ ആഘാതമാണ് സൃഷ്ടിച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ പരാജയപ്പെട്ടതും ഇന്ധന വിലവര്‍ധനവും പലിശനിരക്കുകളിലെ കുതിപ്പുമെല്ലാം വ്യാവസായിക കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയാണുണ്ടാക്കിയത്.
ഓഹരി വിപണിയില്‍ നിക്ഷേപകര്‍ വന്‍നഷ്ടത്തിന്റെ വര്‍ഷമായാണ് 2011 നെ വിലയിരുത്തുന്നത്. 2011 ജനുവരി 3 ന് 20561 പോയന്റ് നിലവാരത്തിലുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 2011 ഡിസംബര്‍ അവസാനം 15700 പോയന്റ് നിലവാരത്തില്‍ കൂപ്പുകുത്തി. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) സൂചികയാകട്ടെ ജനുവരിയിലെ 6157 പോയിന്റില്‍നിന്ന് 4700 പോയിന്റായി കുറഞ്ഞു. 28 ശതമാനം പിന്നോട്ട് വ്യാവസായിക മേഖലയിലെ തകര്‍ച്ചയും ആഗോള ഓഹരി വിപണിയിലെ തളര്‍ച്ചയും ആഗോള മാന്ദ്യവുമെല്ലാം ഓഹരി നിക്ഷേപക മേഖലയില്‍നിന്ന് വിദേശനിക്ഷേപകരെ പിന്‍വലിപ്പിക്കുവാന്‍ പ്രേരണയായി. ഓഹരി വിപണിയിലെ ഒരു വര്‍ഷത്തെ സൂചിക നഷ്ടം മൂന്ന് വര്‍ഷ കാലത്തെ നേട്ടമാണ് ഇല്ലാതാക്കിയത്. ഇതിലൂടെ ഓഹരി നിക്ഷേപകര്‍ക്ക് കഴിഞ്ഞ വര്‍ഷം നഷ്ടമായത് 2034130 കോടിരൂപയാണ്.
ഓഹരി വിപണിയിലെ വിദേശ പങ്കാളിത്തം കുറഞ്ഞതും നിക്ഷേപകര്‍ ഓഹരി വിറ്റഴിച്ചതും ആഗോളമാന്ദ്യത്തില്‍ ഡോളറിന്റേയും സ്വര്‍ണത്തിന്റേയും വിലയിലുണ്ടായ നേട്ടവുമെല്ലാം ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ മൂല്യത്തില്‍ വന്തിരിച്ചടിയുണ്ടാക്കി. വിദേശനാണയ ശേഖരത്തിലെ തളര്‍ച്ചയ്ക്കൊപ്പം ഇറക്കുമതി മേഖലയിലുണ്ടായ അനിയന്ത്രിത ഉല്‍പ്പന്ന-ഓയില്‍ ഇറക്കുമതി വര്‍ധന രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വേഗത വര്‍ധിപ്പിച്ചു. 2011 ജനുവരിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 44 രൂപ 67 പൈസയില്‍നിന്ന് വര്ഷാന്ത്യമിത് 53 രൂപ 28 പൈസ നിരക്കില്‍ കുതിച്ചുയര്‍ന്നു. ഡിസംബര്‍ 15 ന് രൂപയുടെ മൂല്യം 54 രൂപ 60 പൈസ എന്ന കുറഞ്ഞ നിരക്കിലെത്തിയത് സര്‍ക്കാരിനേയും ഇറക്കുമതിക്കാരേയും സാമ്പത്തിക മേഖലയിലും വന്‍ ആശങ്കയ്ക്കിടയാക്കി.
കയറ്റുമതി രംഗത്ത് ആഗോളമാന്ദ്യം തിരിച്ചടിയേകിയത് സമുദ്രോത്പ്പന്നം, കാപ്പി, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍, വാഹന വിപണി തുടങ്ങി സുപ്രധാന മേഖലകളിലെല്ലാം പ്രഹരമേല്‍പ്പിച്ചു. ഇറക്കുമതി രംഗത്താകട്ടെ വന്‍ വര്‍ധനവാണ് പ്രകടമായത്. 2011 വര്‍ഷം കയറ്റുമതി രംഗത്ത് അഞ്ച് ശതമാനം വളര്‍ച്ചപോലും പ്രകടമാക്കാതിരുന്നപ്പോള്‍, ഇറക്കുമതിയിലെ വളര്‍ച്ച 22 ശതമാനം വരെയായി വര്‍ധിച്ചു. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ക്രൂഡ് ഓയില്‍, ഇതര ഇന്ധനങ്ങള്‍ തുടങ്ങിയവയിലുണ്ടായ ഇറക്കുമതി വര്‍ധന സാമ്പത്തിക മേഖലയില്‍ വന്‍ ആഘാതമാണുണ്ടാക്കിയത്. രൂപയുടെ മൂല്യത്തകര്ച്ചയ്ക്കൊപ്പം ഇറക്കുമതിയിലെ വര്‍ധനവും നാണയപ്പെരുപ്പത്തിനും വിലവര്‍ധനവിനും ഇടയാക്കിയ കാരണങ്ങളിലൊന്നായി മാറി.
നിക്ഷേപകര്‍ക്ക് ഇന്‍ഷൂറന്‍സ്, ചില്ലറ വില്‍പ്പന മേഖല, ബാങ്കിംഗ് രംഗം തുടങ്ങിയവയില്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നു നല്കിയ സമീപനമാണ് 2011 ല്‍ പ്രകടമായത്. ഇത് ബാങ്കിംഗ് ഓഹരികള്‍ക്കും സേവന-വില്‍പ്പന ശൃംഖല മേഖലയിലും വന്‍ ആശങ്കയ്ക്കും തിരിച്ചടിക്കും കാരണമായി. വിവാദങ്ങളും രാഷ്ട്രീയതിരിച്ചടിയും എതിരേറ്റതോടെ ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം താല്‍ക്കാലികമായി മരവിപ്പിച്ചത് സര്‍ക്കാരിന് പരാജയമായി മാറി.
പൊതുമേഖല ഓഹരി വില്‍പ്പനയില്‍നിന്നുള്ള വരുമാന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായതും ആഗോളമാന്ദ്യത്തെത്തുടര്‍ന്ന് വാണിജ്യ-വ്യവസായ-ഓഹരി വിപണികളിലുണ്ടായ തകര്‍ച്ചയും സര്‍ക്കാരിന് വന്‍ ആഘാതമാണ് സൃഷ്ടിച്ചത്. വരുമാനത്തെക്കാളേറെ ചെലവ് നടത്തിയ സര്‍ക്കാര്‍ നഷ്ടം നികത്തുന്നതിനും നിലനില്‍പ്പിനുമായി സ്വത്ത് പണയം വെച്ച് 50,000 കോടിരൂപ സമാഹരിക്കാനുള്ള ശ്രമം തുടങ്ങിയത് 2011 ലാണ്. റിസര്‍വ് ബാങ്ക് നയങ്ങളില്‍ അടിക്കടിയുള്ള പലിശനിരക്ക് വര്‍ധന സാമ്പത്തിക മേഖലയില്‍ വന്‍ മാന്ദ്യത്തിനും തിരിച്ചടിയ്ക്കും കാരണമായി. ഒരുവര്‍ഷം തുടര്‍ച്ചയായി പലിശനിരക്ക് വര്‍ധിപ്പിക്കുന്ന ആര്‍ബിഐ നയം റിപ്പോ നിരക്ക് 8.5 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 7.5 ശതമാനവും ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) ആറ് ശതമാനവുമായി ഉയര്‍ന്ന തോതിലായി.
ഇന്ധന വില വര്‍ധനവ് തുടര്‍ക്കഥയായി മാറിയതും ഉയര്‍ന്ന നാണയപ്പെരുപ്പവും വ്യവസായിക തളര്‍ച്ചയും ആഗോളമാന്ദ്യവുമെല്ലാം സാമ്പത്തിക മേഖലയ്ക്ക് പ്രതികൂലമായി മാറിയപ്പോള്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വളര്‍ച്ചാ നിരക്ക് 2010-11 വര്‍ഷം നേടിയ 8.5 ശതമാനത്തില്‍നിന്ന് 2011-12 വര്‍ഷം ഏഴ് ശതമാനത്തിലും താഴെയാകുമെന്ന് പ്രഖ്യാപിച്ചതും കഴിഞ്ഞ വര്‍ഷം തന്നെ. ചൈനയും കൊറിയയും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം ശരാശരി പ്രതിശീര്‍ഷ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യയിലുണ്ടായ തകര്‍ച്ച വന്‍ ആഘാതമായാണ് വിലയിരുത്തുന്നത്. 2011 വര്‍ഷം ഭരണകൂട നയവൈകല്യങ്ങള്‍ മൂലം തിരിച്ചടിയുടെ വര്‍ഷമായി മാറുമ്പോള്‍ 2012 വര്‍ഷം ജനങ്ങള്‍ പ്രതീക്ഷകളുടെ വര്‍ഷമായാണ് കണക്കാക്കുന്നത്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: