ന്യൂദല്‍ഹി: ലോക്പാല്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടതോടെ യുപിഎ സര്‍ക്കാര്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെയും ആശീര്‍വാദത്തോടെയാണ് രാജ്യസഭയിലെ സംഭവങ്ങള്‍ അരങ്ങേറിയതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
അഴിമതിക്കെതിരായ ലോക്പാല്‍ ബില്ലിന്റെ സര്‍ക്കാര്‍ ഭാഷ്യം പാസാക്കുന്നതില്‍ ഇരുസഭകളിലും യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് രാജിയാവശ്യം ഉയര്‍ന്നിരിക്കുന്നത്. രാജ്യസഭയില്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെ നീണ്ട ലോക്പാല്‍ ചര്‍ച്ചക്കൊടുവില്‍ വോട്ടെടുപ്പില്‍നിന്ന് ഒഴിഞ്ഞുമാറിയ കേന്ദ്ര നടപടി അര്‍ധരാത്രിയിലെ നാടകവും രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പാര്‍ലമെന്ററി തട്ടിപ്പുമാണെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാകില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം രാജ്യസഭയില്‍ തടിതപ്പുകയായിരുന്നു.
243 അംഗ രാജ്യസഭയില്‍ ഭരണസഖ്യത്തിന് 93 അംഗങ്ങളാണുള്ളത്. ഇതില്‍ പ്രമുഖ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (6), പുറമെനിന്ന് പിന്തുണക്കുന്ന ബിഎസ്പി (18), എസ്പി (6), ആര്‍ജെഡി (4) എന്നിവര്‍ ബില്ലിനെതിരെ വോട്ടുചെയ്യുമെന്ന് വ്യക്തമാക്കിയതോടെയാണ് യുപിഎ ഭരണകൂടം പ്രതിസന്ധിയിലായത്. സഭ വ്യാഴാഴ്ച വരെ സമ്മേളിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെന്നും പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ന്യായം പറഞ്ഞുമാണ് കേന്ദ്രസര്‍ക്കാര്‍ വോട്ടെടുപ്പ് ഒഴിവാക്കി രക്ഷപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തെ വെറുതെവിടുന്ന പ്രശ്നമില്ലെന്നും അടുത്ത സമ്മേളനത്തിലും ലോക്പാല്‍ പ്രശ്നം ഉന്നയിച്ച് സര്‍ക്കാരിനെ തുറന്നുകാട്ടുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇരുസഭകളിലും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുന്ന സാഹചര്യത്തില്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് ആവശ്യപ്പെട്ടു. ലോക്സഭയിലെയും രാജ്യസഭയിലെയും സംഭവവികാസങ്ങള്‍ തുറന്നുകാട്ടി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലി വ്യക്തമാക്കി.
ധാര്‍ഷ്ട്യം നിറഞ്ഞ ഒരു സര്‍ക്കാരിന്റെ പരാജയമാണ് അതെന്ന് സുഷമാസ്വരാജ് പറഞ്ഞു. ആത്മപരിശോധനക്ക് കേന്ദ്രം തയ്യാറാകണം. ബില്‍ ചവറ്റുകുട്ടയില്‍ തള്ളാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
“സര്‍ക്കാരിന്റെ രാഷ്ട്രീയ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കയാണ്. സര്‍ക്കാരിന്റെ സ്വന്തം വിശ്വാസ്യതയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ആത്മഹത്യയാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍. വോട്ടെടുപ്പില്‍നിന്ന് ഓടിയൊളിക്കുന്ന ഒരു സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ രാഷ്ട്രീയമോ ധാര്‍മികമോ ആയ അവകാശമില്ല,” ജെറ്റ്ലി ചൂണ്ടിക്കാട്ടി. രാജ്യസഭയില്‍ ലോക്പാല്‍ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഒഴിവാക്കാന്‍ കേന്ദ്രം ആസൂത്രണം ചെയ്ത സംഭവങ്ങളാണ് ഇന്നലെ നടന്നത്. ഇതിനായി ഒരു സുഹൃദ്പാര്ട്ടിയുടെ സഹായത്തോടെ സര്‍ക്കാര്‍ സൃഷ്ടിച്ച ബഹളമാണ് സഭയില്‍ നടന്നത്. തങ്ങള്‍ ആഗ്രഹിക്കാത്ത ഭേദഗതികളില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെങ്കില്‍ അത് പാര്‍ലമെന്ററി ജനാധിപത്യത്തിന് ദുഃഖകരമായ ദിനമാണെന്ന് ജെറ്റ്ലി വ്യക്തമാക്കി. ബില്ലില്‍ മൂന്ന് പ്രമുഖ ഭേദഗതികള്‍ മാത്രമാണ് ബിജെപി ആവശ്യപ്പെട്ടിരുന്നത്. വോട്ടിംഗിനുവേണ്ടി സമ്മേളനം നീട്ടാനും സര്‍ക്കാരിന് കഴിയുമായിരുന്നു. ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്ന പാര്‍ലമെന്ററികാര്യമന്ത്രി പി.കെ. ബന്‍സലിന്റെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. പാര്‍ലമെന്ററി സംവിധാനത്തെ അപഹസിക്കുകയാണ്് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. യുപിഎ സര്‍ക്കാരിനെതിരെ ദേശവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും ലോക്പാല്‍ പോരാട്ടത്തെ തെരുവിലേക്കെത്തിക്കുമെന്നും ജെറ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ശക്തമായ അഴിമതി നിരോധന നിയമനിര്‍മാണത്തിന് താല്പര്യമില്ലാത്ത കേന്ദ്രം ആസൂത്രണം ചെയ്ത നാടകമാണ് രാജ്യസഭയില്‍ കണ്ടതെന്ന് ടീം ഹസാരെയും ആരോപിച്ചു. തട്ടിപ്പിന് പിന്നാലെ തട്ടിപ്പ് മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് തെളിയിക്കുന്ന നടപടിയാണ് രാജ്യസഭയില്‍ കണ്ടതെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കേജ്രിവാള് ഗാസിയാബാദില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഓംബുഡ്സ്മാനെ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കിക്കൊണ്ടുള്ള ബില്‍ ദുര്‍ബലം മാത്രമല്ല അപകടകരവുമാണ്. ലോക്സഭയില്‍ 55 ഭേദഗതികളില്‍ പലതും മികച്ചതായിരുന്നു. എന്നാല്‍ ഭൂരിപക്ഷത്തെ ദുരുപയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ അതിനെയെല്ലാം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് കേജ്രിവാള് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: