പെരുമ്പാവൂര്‍: ഇരുപത്തിനാലാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ജനുവരി രണ്ട് മുതല്‍ ആറുവരെ പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കും. ജില്ലയിലെ 14 വിദ്യാഭ്യാസ ഉപജില്ലകളില്‍നിന്നായി 800 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കുമെന്നും 14 വേദികളിലായി നടക്കുന്ന കലോത്സവത്തിന് ഒരുക്കള്‍ അവസാനഘട്ടത്തിലെത്തിയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി രണ്ടിന് രജിസ്ട്രേഷന് ആരംഭിക്കും. മൂന്നിന് രാവിലെ 9ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഡി.മുരളി പതാക ഉയര്‍ത്തും. തുടര്‍ന്ന് 16 മുറികളിലായി രചനാമത്സരങ്ങള്‍ ആരംഭിക്കും. ബാന്റ്മേള മത്സരം ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍ മൈതാനത്ത് നടക്കും. വൈകിട്ട് മൂന്നിന് ബോയ്സ് ഹൈസ്കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഫ്ലാഗ് ഓഫ് ചെയ്യും. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന മികച്ച ടാബ്ലോകള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപാ വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സാജുപോള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കലോത്സവ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു നിര്‍വഹിക്കും. സിനിമാതാരം അനന്യ കലാദീപം തെളിയിക്കും. വിവിധ സമ്മാനദാനങ്ങള്‍ എംപിമാരായ പി.രാജീവ്, കെ.പി.ധനപാലന് തുടങ്ങിയവര്‍ നിര്‍വഹിക്കും. പി.പി.തങ്കച്ചന് മുഖ്യാതിഥിയായിരിക്കും. ഗവ. ഗേള്‍സ് ഹൈസ്കൂള്‍ കെഎന്‍ജി കള്‍ച്ചറല്‍ സെന്റര്‍, ടിബി ഹാള്‍, ഫാസ് ഓഡിറ്റോറിയം, അര്‍ബന്‍ ബാങ്ക് ഒാഡിറ്റോറിയം, വൈഎംസിഎ ഹാള്‍, പ്രീമിയര്‍ കോളേജ് എന്നിവയാണ് വേദികള്‍.
പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കുമുള്ള ഭക്ഷണത്തിനുള്ള വ്യവസ്ഥകള്‍ കലോത്സവവേദികളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനായി പഴയിടം മോഹനന് നമ്പൂതിരിയും സംഘവുമാണ് ഭക്ഷണം പാകം ചെയ്യുന്നത്. പത്രസമ്മേളനത്തില്‍ രക്ഷാധികാരി സാജുപോള്‍ എംഎല്‍എ, സ്വാഗതസംഘം ചെയര്മാന് കെ.എം.എ.സലാം, എം.ഡി.മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: