വര്‍ക്കല : ആധ്യാത്മികതയും ഭൗതികതയും ഗുരുദേവന് സമഞ്ജസമായി സമ്മേളിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ആധ്യാത്മികാചാര്യന്മാരില്‍ ഗുരുദേവന് വേറിട്ട് നില്ക്കുന്നതും അതുകൊണ്ടത്രേ. 79-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് അതിജീവനശേഷി നല്കുവാന് പോന്ന ആദര്‍ശങ്ങളാണ് ഗുരു വിഭാവനം ചെയ്തത്. ഭവിഷ്യത്തുകള്‍ കാലേകൂട്ടി കണ്ടറിഞ്ഞ ഗുരു സമഗ്രമായ ജീവിത വീക്ഷണത്തിന് മുന്‍കരുതല്‍ നല്കി. കേരള നവോത്ഥാനത്തിലെ അനിഷേധ്യ സാന്നിധ്യമാണ് ഗുരുദേവന്. ഒരു ജാതി മതം ഒരു ദൈവം മനുഷ്യന് എന്നത് സാമുദായിക സൗഹാര്‍ദ്ദത്തില്‍ അധിഷ്ഠിതമായ മഹാമന്ത്രമാണ്. കണ്വെന്ഷന് സെന്റര്‍ അടക്കമുള്ള ശിവഗിരിയുടെ ഉന്നമനം സംസ്ഥാനത്തിന്റെ കൂടി ഉന്നമനമായി കണ്ട് സര്‍ക്കാര്‍ സജീവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി തീര്‍ത്ഥാടകര്‍ക്ക് ഉറപ്പ് നല്കി.
ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷനായിരുന്നു.
പുണ്യം തേടിയുള്ള പ്രയാണം മാത്രമല്ല മറിച്ച് കര്മ്മോത്സുകതയിലേക്കുള്ള യാത്രകൂടിയാണ് ശിവഗിരി തീര്‍ത്ഥാടനമെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് അഭിപ്രായപ്പെട്ടു. ശിവഗിരിയില്‍ ഒരു കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഉണ്ടായാല്‍ കേന്ദ്ര ധനപിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുവിഭാവനം ചെയ്ത തൊഴിലധിഷ്ഠിത സംസ്കാരം മനുഷ്യന് പൂര്‍ണ്ണത പ്രദാനം ചെയ്യുന്നുണ്ടെന്ന് മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു.
ജാതി മതാന്ധത തീക്ഷ്ണമായി തിരിച്ചുവരികയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു.
ചടങ്ങില്‍ ഗോകുലം ഗോപാലന്, റ്റി.പി. ശ്രീനിവാസന് (ഐഎഫ്എസ്), ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, അഡ്വ. എ. സമ്പത്ത് എം.പി., എംഎല്‍എമാരായ വര്‍ക്കല കഹാര്‍, ബി. സത്യന്, ഡോ. ഹനുമന്ദറാവു, പി.കെ. ജയപ്രകാശ് നാരായണന് ഐഎഎസ്, നഗരസഭ ചെയര്മാന് കെ. സൂര്യപ്രകാശ്, സ്വാമിമാരായ ഋതംഭരാനന്ദ, അമൃതാനന്ദ, സൂക്ഷ്മാനന്ദ, വിദ്യാനന്ദ, ഗുരുപ്രസാദ് എന്നിവര്‍ സംസാരിച്ചു.
രാവിലെ 7.30ന് ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തിയതോടെയാണ് തീര്‍ത്ഥാടക പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പുലര്‍ച്ചെ മുതല്‍ ശാന്തിവാഹനം, വിശേഷാല്‍ പൂജ, സമൂഹപ്രാര്‍ത്ഥന തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: