തിരുവനന്തപുരം: ആധ്യാത്മിക രംഗത്ത് ഭാരതത്തിന്റെ ഉത്തമസന്താനങ്ങളാണ് ശ്രീബുദ്ധനും ശ്രീനാരായണ ഗുരുവുമെന്ന് ശ്രീലങ്കയിലെ പ്രമുഖ ബുദ്ധ സന്ന്യാസിയും പാര്‍ലമെന്റ് അംഗവുമായ ബദ്ദേഗാമ സ്മിത തേരോ അഭിപ്രായപ്പെട്ടു. ഇരുവരും ശ്രീലങ്കയിലെത്തിയിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. മനുഷ്യരെല്ലാം തുല്യരാണെന്നാണ് ബുദ്ധനും ശ്രീനാരായണ ഗുരുവും പറഞ്ഞത്. ബുദ്ധന് ജാതിയെ എതിര്‍ത്തു. ഗുരുവും ആ വഴിയിലൂടെയാണ് സഞ്ചരിച്ചത്. 30 വര്‍ഷം ശ്രീലങ്കയില്‍ നടന്നത് മനുഷ്യനെ ജാതീയമായി വേര്‍തിരിക്കുന്ന സംഭവങ്ങളാണ്. തന്മൂലം നിരവധി നഷ്ടങ്ങളാണ് ശ്രീലങ്കയ്ക്കുണ്ടായത്. വരും തലമുറയ്ക്കു വേണ്ടി പ്രകൃതിയെ സംരക്ഷിക്കുകയാണ് നമ്മുടെ ജോലി. ശ്രീലങ്കയുമായി നല്ലൊരു ടൂറിസം ബന്ധത്തിന് ഇന്ത്യയും കേരളവും തയ്യാറാകണമെന്നും ഇന്ത്യാക്കാരെ സ്വീകരിക്കാന്‍ ശ്രീലങ്ക തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഴുപത്തിയൊമ്പതാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചു നടന്ന ശ്രീശാരദാ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അധ്യക്ഷനായിരുന്നു. കേരള ചരിത്രത്തില്‍ ചരിത്രം സൃഷ്ടിച്ച മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്ന് ക്രിസ്റ്റോസ്റ്റം പറഞ്ഞു. ഈശ്വരന് മനുഷ്യനില്‍ വലിയ വിശ്വാസമാണ്. ലോകം നശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഈശ്വരന് നമുക്കു തന്നു. നമ്മള് ശരിയായി അതു ചെയ്യുന്നു. ജീവന്റെ മുഖാഗ്രങ്ങളെല്ലാം മരണത്തിന്റെ മുഖാഗ്രങ്ങളായി മാറി. സത്യം സനാതനമാണ്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടാത്തത് ഈശ്വരന്റെ കരുണ കൊണ്ടാണ്. തമിഴ്നാട്ടിലെ ജില്ലകള്‍ക്ക് ജലം കിട്ടുന്നതും ഈശ്വരന്റെ കരുണ കൊണ്ടു തന്നെ. ഈശ്വരന് നമ്മെ വിശ്വസിക്കുന്നതു പോലെ നമ്മളും ഈശ്വരനെ വിശ്വസിക്കണം. സത്യത്തില്‍ ജീവിക്കുന്നവനാണ് ബ്രഹ്മചാരിയെന്നും ക്രിസോസ്റ്റം ചൂണ്ടിക്കാട്ടി.
സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്.മുസ്തഫ മൗലവി, സ്വാമി അസ്പൃശാനന്ദ, തോട്ടം രാജശേഖരന്, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി സംവിധാനന്ദ, പ്രൊഫ.ഗീതാസ്വരാജ് എന്നിവര്‍ സംസാരിച്ചു. ശ്രീശാരദാ ദേവീ സ്തുതികളായി ശ്രീശാരദാമൃതം എന്ന ആഡിയോ സിഡിയും കാവ്യസമാഹാരമായ ശ്രീശാരദാഞ്ജലിയും സമ്മേളനത്തില്‍ പ്രകാശിപ്പിച്ചു. തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ താരം സുകുമാരി നിര്‍വഹിച്ചു. സ്വാമി പ്രകാശാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവര്‍ പങ്കെടുത്തു. ശിവഗിരിയില്‍ ഇന്നു രാവിലെ 6.30ന് തീര്‍ഥാടന ഘോഷയാത്ര നടക്കും. 10ന് തീര്‍ഥാടന സമ്മേളനം കേന്ദ്രമന്ത്രി വീരപ്പമൊയ്ലി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1ന് കാര്‍ഷിക വ്യാവസായിക സമ്മേളനവും വൈകിട്ട് 5ന് സാഹിത്യസമ്മേളനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: