ഇസ്ലാമാബാദ്: പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷുജ പാഷ സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട് ഖത്തറിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പാഷ അമേരിക്കന്‍ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് പാക് ദിനപത്രമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക്കിസ്ഥാന് അതിര്‍ത്തിയില്‍ കഴിഞ്ഞ നവംബര്‍ 26 ന് നാറ്റോ ആക്രമണത്തില്‍ 24 പാക്കിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വഷളായ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പാഷ സന്ദര്‍ശനം നടത്തിയതെന്നാണ് സൂചന. എന്നാല്‍ ഒരു മാധ്യമ സംഭാഷണത്തില്‍ പങ്കെടുക്കാനാണ് പാഷ ഖത്തറില്‍ പോയതെന്നാണ് ഗിലാനിയുടെ പ്രസ്താവന. ഇതിന് താന്‍ അനുമതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ ഗിലാനി ദോഹ സന്ദര്‍ശിക്കാനിരിക്കുകയാണ്.
ഇസ്ലാമാബാദിനും വാഷിംഗ്ടണിനും ഇടയില്‍ നിലനിന്നിരുന്ന പ്രായോഗിക ബന്ധം നാറ്റോ ആക്രമണത്തോടുകൂടി ഇല്ലാതായതായും ഇത് പുനരുജ്ജീവിപ്പിക്കാനാണ് സന്ദര്‍ശനംകൊണ്ട് ലക്ഷ്യമിടുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനുമായി സ്വരച്ചേര്‍ച്ചയില്ലാത്ത പാക്കിസ്ഥാന്, താലിബാന് കെട്ടിടത്തിന് സ്ഥലം നല്കിയ ഖത്തറില്വച്ചുതന്നെ അമേരിക്കയുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത് മനപൂര്‍വമാണെന്നും കരുതപ്പെടുന്നു. ഈ മാസം ആദ്യം അഫ്ഗാനിസ്ഥാനില്‍ വെച്ച് നടന്ന ബോണ്‍ കോണ്‍ഫറന്‍സ് പാക്കിസ്ഥാന് ബഹിഷ്കരിച്ചിരുന്നു. അതുപോലെതന്നെ പാക്-യുഎസ്-അഫ്ഗാന് രാജ്യങ്ങള്‍ തമ്മില്‍ നടക്കേണ്ടിയിരുന്ന തൃത്താല ചര്‍ച്ച റദ്ദാക്കുകയും ചെയ്തിരുന്നു.
നാറ്റോ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് അമേരിക്ക തയ്യാറാക്കിയ റിപ്പോര്‍ട്ട് പാക്കിസ്ഥാന് അംഗീകരിക്കുകയുണ്ടായില്ല. ആക്രമണത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെടാനിടയായതില്‍ അമേരിക്ക മാപ്പ് പറയണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടെങ്കിലും പ്രസിഡന്റ് ബരാക് ഒബാമ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. നാറ്റോ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തിയതിനപ്പുറം മറ്റൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: