ലഖ്നൗ: ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതി നേതൃത്വം നല്കുന്ന ബിഎസ്പിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കും അഗര്‍വാളിന്റെ ചുവടുമാറ്റത്തോടെ നേരിടേണ്ടിവരിക. ഇദ്ദേഹത്തിന്റെ മകന് നിതിന്‍ അഗര്‍വാളും ബിഎസ്പി വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഹര്‍ദോയി സദറില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ് നിതിന്‍ അഗര്‍വാള്‍.
ബിഎസ്പി നേതൃത്വത്തോടുള്ള അതൃപ്തിയാണ് നരേഷ് അഗര്‍വാള്‍ പാര്‍ട്ടിവിടാന്‍ കാരണം. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന് നിതിന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാത്തതില്‍ കടുത്ത പ്രതിഷേധവും നരേഷിനുണ്ടായിരുന്നു. ബിഎസ്പിയിലെ സമുന്നത നേതാക്കളില്‍ ഒരാളായിരുന്ന നരേഷ് പാര്‍ട്ടിവിട്ടത് ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരുവിധത്തിലും തിരിച്ചടിയാകില്ലെന്ന് ബിഎസ്പി അവകാശപ്പെട്ടു.
അതേസമയം അഗര്‍വാളിന്റെ വരവോടെ യുപിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സമാജ്വാദി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ ബിഎസ്പിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ നരേഷ് അഗര്‍വാള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് എസ്പി തലവന്‍ മുലായം സിംഗ് അഭിപ്രായപ്പെട്ടു. അഗര്‍വാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും പ്രചാരണരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഗര്‍വാള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും വ്യത്യാസം മറന്ന് എല്ലാവരും തെരഞ്ഞെടുപ്പ് ജയത്തിനുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മുലായം സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തുക എസ്പിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: