മാവേലിക്കര: ഓണാട്ടുകരയുടെ ഭാഷ തനിമയോടെ ജനഹൃദയങ്ങളിലേക്കെത്തിച്ച ഓണാട്ടുകരയുടെ സ്വന്തം ഇതിഹാസമാണ് പാറപ്പുറത്തെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാറപ്പുറത്തിന്റെ മുപ്പതാം ചരമവാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഷയുടെ ഭംഗി, പ്രയോഗം, ലാളിത്യം എന്നിവയിലൂടെ പതിരില്ലാതെ ജീവിത സ്പര്‍ശിയായ നോവലുകളാണ് പാറപ്പുറത്തിന്റേത്. വിദ്യാര്‍ഥിയായ കാലം മുതല്‍ തന്നെ പാറപ്പുറത്തിന്റെ ആരാധകനായിരുന്നെന്നും അദ്ദേഹത്തെ പരിചയപ്പെടാന്‍ ലഭിച്ച അവസരം വിനിയോഗിക്കാന്‍ സാധിക്കാതിരുന്നത് തന്റെ ജീവിതത്തിലെ വലിയ നഷ്ടമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മലയാള ജീവിതത്തെ വളരെ കൃത്യതയോടെ വരച്ചുകാട്ടിയ കൃതികളെ അവിദഗ്ധമായി ചിത്രീകരിച്ചിട്ടുപോലും അതിലെ സത്യസന്ധത പ്രേക്ഷകനിലേക്ക് എത്തിച്ചേര്‍ന്നു.
വളര്‍ന്നു വരുന്ന തലമുറ പാറപ്പുറത്തിന്റെ കൃതികള്‍ വായിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മലയാളികള്‍ ആദ്യം ഓര്‍ക്കേണ്ട എഴുത്തുകാരില്‍ ഒരാളുടെ പേര് പാറപ്പുറത്തിന്റേതാകണമെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് അധ്യക്ഷത വഹിച്ചു.
പാറപ്പുറത്തിനെപോലെയുള്ള ഗ്രാമീണ എഴുത്തുകാരെ അനുസ്മരിച്ച് അക്കാദമിയെ ഗ്രാമപ്രദേശങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് പെരുമ്പടവം പറഞ്ഞു. പ്രൊഫ.എം.തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ബാലചന്ദ്രന് വടക്കേടത്ത്, ഡോ.മാത്യു ഡാനിയേല്‍, ജോണ്സാമുവേല്, മേഴ്സി കോശി, ആര്.ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ കുന്നം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ പാറപ്പുറത്ത് സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: