ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിനെക്കുറിച്ച് ഇന്നലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ വിയര്‍ത്തു. ലോക്സഭ നേരത്തെ പാസാക്കിയ ‘ലോക്പാല്‍ ആന്റ് ലോകായുക്താസ് ബില്‍, 2011’ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. നാരായണസ്വാമിയാണ് ഇന്നലെ രാജ്യസഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 27 ന് സഭ പ്രകടിപ്പിച്ച വികാരം ഉള്‍ക്കൊള്ളുന്നതാണ് ബില്ലെന്ന് നാരായണസ്വാമി അവകാശപ്പെട്ടു.
ലോകായുക്തകള്‍ സ്ഥാപിക്കാനുള്ള ബില്ലിലെ വ്യവസ്ഥ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ കേന്ദ്രത്തിന് പ്രോത്സാഹനം നല്‍കുന്നതാണെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെറ്റ്ലി ചൂണ്ടിക്കാട്ടി. ലോക്പാല്‍ ബില്ലിലെ ന്യൂനപക്ഷ ക്വാട്ട, സര്‍ക്കാരിതര സംഘടനകളെ അതില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം, ഓംബുഡ്സ്മാന്റെ പരിധിയില്‍നിന്ന് സിബിഐയെ ഒഴിവാക്കുന്നതിനെയെല്ലാം തങ്ങള്‍ എതിര്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍കൂടി അംഗീകരിക്കാതെ ബില്ലിനെ ബിജെപി പിന്തുണക്കില്ലെന്നും ജെറ്റ്ലി മുന്നറിയിപ്പ് നല്‍കിയിരുന്നു. “നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണെങ്കില്‍ അത് മോശം ചരിത്രമാവരുത്. വരുംതലമുറക്കായി ഒട്ടേറെ ദൗത്യങ്ങളാണ് നാം നീക്കിവെക്കുന്നത്,” അദ്ദേഹം പറഞ്ഞു. സൃഷ്ടിക്കും മുമ്പേ ഒരു സ്ഥാപനത്തെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ദുര്‍ബലമായ ലോക്പാല്‍ ഉണ്ടാക്കിയശേഷം അതിന് ഭരണഘടനാ പദവിയെന്ന പുകമറ സൃഷ്ടിക്കാനാണ് ശ്രമം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ ആവശ്യപ്രകാരമാണ് ഈ നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബില്ലിലെ അസംബന്ധവും അപ്രായോഗികവുമായ മൂന്ന് വ്യവസ്ഥകളെ എതിര്‍ക്കുന്നതായി ജെറ്റ്ലി പറഞ്ഞു.
പ്രോസിക്യൂഷന് ഡയറക്ടറേറ്റോടുകൂടി സിബിഐയെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണം. കാര്യക്ഷമമായ ലോക്പാലിന് സിബിഐയെപ്പോലെ ഫലപ്രദമായ ഒരു അന്വേഷണ ഏജന്‍സി ആവശ്യമാണ്. സര്‍ക്കാരിതര സംഘടനകളെയും ട്രസ്റ്റുകളെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കം പ്രതികാരബുദ്ധിയോടെയുള്ളതാണ്. ഇത് സ്വകാര്യ ജീവിതത്തില്‍ കടന്നുകയറാനുള്ള സംവിധാനം സൃഷ്ടിക്കുന്നതാണ്. ഒന്‍പതംഗ ലോക്പാല്‍ ബെഞ്ചില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ചുരുങ്ങിയത് 50 ശതമാനം സംവരണം വേണമെന്ന നിര്‍ദ്ദേശം നിയമത്തെ കോടതി കയറ്റാന്‍ വഴിതെളിക്കുന്നതാണ്.
ലോക്പാല്‍ നിയമനത്തിനായുള്ള അഞ്ചംഗ പാനലില്‍ സര്‍ക്കാരിനാണ് ഭൂരിപക്ഷം. ലോക്പാലിനെ നീക്കാനുള്ള അധികാരം സുപ്രീംകോടതിയിലും നിക്ഷിപ്തമാണ്. എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളൂ. “സര്‍ക്കാരിന് അനുകൂലമായി ലോക്പാല്‍ പക്ഷപാതപരമായി പെരുമാറിയാല്‍ അതിന്റെ ഗുണഭോക്താവാണ് നിയമനത്തിനെതിരെ അപ്പീല്‍ കൊടുക്കുന്ന കാര്യം തീരുമാനിക്കുക, ജെറ്റ്ലി ചൂണ്ടിക്കാട്ടി. ലോക്പാലിനെ പാവയാക്കിയശേഷം ഭരണഘടനാപദവിയുണ്ടെന്ന് പറയുകയാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ ബില്‍ കടന്നാക്രമണം നടത്തുന്നില്ലെങ്കില്‍ ലോക്പാലിന് ഭരണഘടനാപദവി നല്‍കുന്നതിനെ തന്റെ പാര്‍ട്ടി പിന്തുണക്കും, അദ്ദേഹം വ്യക്തമാക്കി. ബില്ലിലെ ചില വ്യവസ്ഥകളോടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ശരിയാണ്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ ആര്‍ക്കും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട് ശരിയായ ദിശയിലുള്ളതാകുന്നത്.
എന്‍ജിഒകളെ ഓംബുഡ്സ്മാന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന്റെ പേരില്‍ ഭീതി പരത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് ജെറ്റ്ലിയുടെ വാദങ്ങളെ എതിര്‍ത്തുകൊണ്ട് അഭിഷേക് സിംഗ്വി (കോണ്‍.) അഭിപ്രായപ്പെട്ടു.
സിബിഐയെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിലനിര്‍ത്തുന്നതിനെ ബിഎസ്പി അംഗം എസ്.സി. മിശ്രയും വിമര്‍ശിച്ചു. രാഷ്ട്രീയമായി ഏറെ ദുരുപയോഗിക്കപ്പെടുന്ന ഏജന്‍സിയാണ് സിബിഐയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ, രാജ്യസഭയില്‍ സംസാരിക്കുന്നതിനിടെ, കള്ളപ്പണത്തെക്കുറിച്ച് രാംജത്മലാനി (ബിജെപി) നടത്തിയ പരാമര്‍ശം വന്‍ ബഹളത്തിനിടയാക്കി. രാജീവ്ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ഒരു സ്വിസ് ദിനപത്രം ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിമാരില്‍ ഒരാളുടെ പേര് പുറത്തുവിട്ടിട്ടുണ്ടെന്ന് പറഞ്ഞതാണ് പ്രശ്നമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: