തിരുവനന്തപുരം : കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ലോകായുക്ത റദ്ദാക്കി. നിയമനങ്ങളില്‍ വന്‍ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. 2005 മുതല്‍ തുടര്‍ന്നു വന്ന എല്ലാ നിയമനങ്ങളും റദ്ദാക്കി പുതിയ പ്രവേശനപരീക്ഷ നടത്തി നിയമനം നടത്തണമെന്ന് ലോകായുക്ത ഉത്തരവിട്ടു.
ക്രമക്കേടിന് ഉത്തരവാദികളെന്നു കണ്ടെത്തിയ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. രാമചന്ദ്രന് നായര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. വി. ജയപ്രകാശ്, സിന്‍ഡിക്കറ്റ് അംഗങ്ങളായ ബി.എസ്. രാജീവ്, എ.എ. റഷീദ്, കെ.എ. ആന്‍ഡ്രൂ, എം.പി. റസല്‍ തുടങ്ങിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നു ലോകായുക്ത ശുപാര്‍ശ ചെയ്തു. നിയമനങ്ങളില്‍ അഴിമതിയും സ്വജന പക്ഷപാതവും നടന്നെന്നു ലോകായുക്ത ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 40,000ത്തോളം പേര് പങ്കെടുത്ത എഴുത്തുപരീക്ഷയിലും തുടര്‍ന്നുള്ള ഇന്റര്‍വ്യൂവിലും തിരിമറിനടത്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെയും ഇടതുസംഘടനകളിലെയും നേതാക്കളുടെ ഉറ്റവരെ തിരുകിക്കയറ്റിയെന്നാണ് ആരോപണം.
നേരത്തെ ഉപലോകായുക്തയും അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയിരുന്നു. റാങ്ക്ലിസ്റ്റും 187 അസിസ്റ്റന്റുമാരുടെ നിയമനവും റദ്ദാക്കണമെന്ന് 2008 ഒക്ടോബറില്‍ ഉപലോകായുക്ത ഉത്തരവിടുകയും ചെയ്തു. എന്നാല്‍ വിധിക്കെതിരെ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അപ്പീല്‍ നല്കി. തുടര്‍ന്ന് ഹൈക്കോടതി വിദഗ്ധ സമിതിയെ കമ്മീഷനായി നിയമിച്ചു. കമ്മീഷനും വ്യാപക ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്കി. റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷമാണ് ഉത്തരസൂചിക പുറത്തിറക്കിയെന്നതും ഉത്തരസൂചികയിലെ 20ഓളം ഉത്തരങ്ങള്‍ തെറ്റായിരുന്നെന്നും കമ്മീഷന് കണ്ടെത്തി. ഉത്തരക്കടലാസുകളോ, മാര്ക്ക്ലിസ്റ്റിന്റെ പകര്‍പ്പുകളോ സൂക്ഷിച്ചുവച്ചിരുന്നില്ല. ഇത് രേഖപ്പെടുത്തിയ കമ്പ്യൂട്ടര്‍ തന്നെ നശിപ്പിക്കപ്പെട്ടു. ഉന്നതരുടെ നിര്‍ദ്ദേശപ്രകാരം തെളിവുകള്‍ നശിപ്പിക്കുകയായിരുന്നുവെന്നാണ് കമ്മീഷന് ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സി പി എം തങ്ങളുടെ വേണ്ടപ്പെട്ടവരെ പുറംവാതില്‍ വഴി നിയമിക്കുന്നതിനായി ക്രമക്കേട് കാണിച്ചതിനെതിരെ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവരികയും ഒട്ടേറെ പരാതികള്‍ ഇതേക്കുറിച്ച് ഉയരുകയും ചെയ്തതാണ് അന്വേഷണത്തിന് വഴിതെളിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: