റംഗൂണ്‍: മ്യാന്മറിലെ പ്രധാന നഗരമായ റംഗൂണിലെ വെയര്‍ഹൗസില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടു. 12 പുരുഷന്മാരും 5 സ്ത്രീകളുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ അഗ്നിശമന സേനാംഗങ്ങളാണ്. ഉപ്പ് ഉല്‍പ്പാദനത്തിനാവശ്യമായ രാസവസ്തുക്കള്‍ സംഭരിച്ചുവെച്ചിരുന്ന വെയര്‍ ഹൗസിലാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തെത്തുടര്‍ന്ന് ഇവിടെ നിരവധി നാശനഷ്ടങ്ങളുണ്ടായതായി പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. വെയര്‍ഹൗസിലുണ്ടായ സ്ഫോടനത്തില്‍ തീ മറ്റ് കെട്ടിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.30 ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ഇടയില്പ്പെട്ടതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് പ്രാദേശിക വക്താവ് മാങ്ങ്വിന് വ്യക്തമാക്കി. വലിയ ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ വെയര്‍ഹൗസ് പൂര്‍ണമായും കത്തി നശിച്ചു. എന്നാല്‍ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് തീ നിയന്ത്രണവിധേയമായത്. മ്യാന്മറില് ഓരോ വര്‍ഷവും ശക്തമായ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകാറുണ്ട്. വിഘടനവാദികളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: