അങ്കാറ: തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ ഇറാക്ക് അതിര്‍ത്തിക്കടുത്ത് തുര്‍ക്കി യുദ്ധവിമാനങ്ങളുടെ ആക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. കള്ളക്കടത്തുകാരെ കുര്‍ദിഷ് തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിച്ചതെന്ന് അധികൃതര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഒളിപ്പോരാളികള്ക്കായി തീവ്രവാദി താവളങ്ങളില്‍ വ്യോമാക്രമണം സാധാരണയായി നടക്കാറുണ്ട്. ആഗസ്റ്റ് മാസത്തില്‍ കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടി ഒരു ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരം തെരച്ചിലുകള്‍ ആരംഭിച്ചത്. മുപ്പതുശവശരീരങ്ങള് കരിഞ്ഞ് കിടക്കുകയാണെന്നും ഇവര്‍ പ്രദേശത്ത് കള്ളക്കടത്തു നടത്തുകയായിരുന്നുവെന്നും സിര്‍നാക് പ്രവിശ്യയിലെ ഉളുഡേഴ്സ് നഗരത്തിലെ മേയര്‍ ഫെഹ്മി യാമാന് അറിയിച്ചു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ തുര്‍ക്കിയുടെ ഔദ്യോഗിക വക്താവ് തയ്യാറായിട്ടില്ല. കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടി(പികെകെ)യുടെ തീവ്രവാദികള്‍ ഈ ഭാഗത്തുകൂടി നീക്കം നടത്തുമെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തുകയും വ്യോമാക്രമണമുണ്ടാകുകയും ചെയ്തതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ അവര്‍ തീവ്രവാദികളോ കള്ളക്കടത്തുകാരോ എന്ന് തിരിച്ചറിയുക ദുഷ്ക്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കിയില്‍ ഭീകരവാദി സംഘടനയായി അറിയപ്പെടുന്ന പികെകെ തുര്‍ക്കി സൈന്യത്തിനുനേരെ ഇറാക്ക് മലമുകളില്‍നിന്ന് മിന്നലാക്രമണങ്ങള്‍ അഴിച്ചുവിടാറുണ്ട്. തെക്കുകിഴക്കന്‍ തുര്‍ക്കിയുടെ സൈനിക പോസ്റ്റുകള്‍ ആക്രമിച്ച് പികെകെ 20 തുര്‍ക്കി സൈനികരെ വകവരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് തുര്‍ക്കി ഭരണകൂടം ഭീകരര്‍ക്കെതിരെ നിരന്തരമായ തെരച്ചിലും വ്യോമാക്രമണവും നടത്തുന്നത്. 1984 ലാണ് പികെകെയുമായുള്ള ഏറ്റുമുട്ടലില്‍ 40,000 പേര് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: