ഡമാസ്ക്കസ്: അറബ് ലീഗിന്റെ രണ്ടാം നിരീക്ഷണ സംഘം സിറിയയിലെത്തി. അമ്പത് നിരീക്ഷകരും പത്ത് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഈജിപ്തില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് സിറിയയിലെത്തിയത്. ഇതിനിടെ തിങ്കളാഴ്ച ഹോംസ് നഗരത്തില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 30 പേര് കൂടി കൊല്ലപ്പെട്ടു. പ്രസിഡന്റ് ബാഷര്‍ അന്അവാദിനെതിരെ തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ മനുഷ്യത്വരഹിതമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയാണ് അറബ് ലീഗ് നിരീക്ഷകര്‍ എത്തുന്നത്. നിരീക്ഷകര്‍ ഹോംസ് നഗരം സന്ദര്‍ശിക്കും. ഇവിടെ അറബ് ലീഗുമായുള്ള കരാര്‍പ്രകാരം സമാധാന ശ്രമങ്ങളൊന്നും പ്രസിഡന്റ് കൈക്കൊണ്ടിട്ടില്ലെന്ന് കരുതപ്പെടുന്നു. സൈനിക ടാങ്കുകള്‍ ബാബ അമര്‍ ജില്ലയില്‍ നിരന്നിരിക്കുന്ന ചിത്രങ്ങള്‍ പ്രക്ഷോഭകര്‍ ഇന്റര്‍നെറ്റില്‍ നല്‍കിയിട്ടുണ്ട്. ശവശരീരങ്ങള്‍ രക്തത്തില്‍ക്കുളിച്ച് കിടക്കുന്നതിന്റേയും കാറുകള്‍ വെടികൊണ്ട് തകരുന്നതിന്റേയും ചിത്രങ്ങള്‍ സംഭവങ്ങളുടെ ക്രൂരമുഖം വരച്ചുകാട്ടുന്നവയാണ്. ഒരു കശാപ്പു തന്നെയാണ് നടക്കുന്നതെന്ന് ബാബ അമനില്‍ താമസിക്കുന്ന ഫാദി അഭിപ്രായപ്പെട്ടു. നഗരത്തില്‍ മോര്‍ട്ടാര്‍ ബോംബുകളും പീരങ്കികളും അക്രമം വിതയ്ക്കുന്നതായി അയാള്‍ കൂട്ടിച്ചേര്‍ത്തു. ഈ പ്രക്ഷോഭങ്ങള്‍ ക്രമേണ വര്‍ഗീയ സ്വഭാവം കൈവരിക്കുകയാണ്. പ്രസിഡന്റ് അസാദിന്റെ അലവെറ്റ് വിഭാഗവും പ്രക്ഷോഭകാരികളായ ഭൂരിപക്ഷ സുന്നികളും തമ്മിലാണ് ഏറ്റുമുട്ടലുകള്‍ നടക്കുന്നത്.സിറിയന്‍ തലസ്ഥാനമായ ഡമാസ്ക്കസില്‍ സുഡാനീസ് ജനറല്‍ മുസ്തഫ അല്‍ ദുബിയുടെ നേതൃത്വത്തിലാണ് നിരീക്ഷകര്‍ എത്തിയത്. സിറിയന്‍ ഭരണകൂടമായിരിക്കും തങ്ങള്‍ക്കുവേണ്ട വാഹനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് അദ്ദേഹം വെളിപ്പെടുത്തി. അഞ്ചുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ 10 പേര് വീതമുള്ള സംഘങ്ങളായി നിരീക്ഷകര്‍ തിരിയും. തങ്ങള്‍ ഒരേ ദിവസം തന്നെയാണ് എല്ലാ പ്രദേശങ്ങളും സന്ദര്‍ശിക്കുകയെന്നും അതിനാല്‍തന്നെ സംഭവങ്ങളെ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ സേനക്കൊ പ്രക്ഷോഭകര്ക്കൊ സാധ്യമാവുകയില്ലെന്നും നിരീക്ഷകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: