കടുത്തുരുത്തി : കേരള സര്‍ക്കാരിന്റെ ഒരു കോടിയുടെ കാരുണ്യാ ബംപര്‍ വൈക്കം സ്വദേശി ചന്ദ്രശേഖരന് നായര്‍ക്ക്. കോതനല്ലൂരിലെ വിജയാപാര്ക്ക് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ചന്ദ്രശേഖരന് നായര്‍. വൈക്കം ചെമ്മനത്തുകര പെരുമ്പള്ളി വീട്ടില്‍ അന്തരിച്ച നീലകണ്ഠപിള്ളയുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ് ഇദ്ദേഹം. കോമളവല്ലിയാണ് ഭാര്യ. ശ്രീജിത്ത്, ശ്രീകാന്ത് എന്നിവരാണ് മക്കള്‍. മക്കള്‍ രണ്ടു പേരും ഫ്ലോറിങ്ങ് തൊഴിലാളികളാണ്.
ലോട്ടറി എടുക്കുന്നത് സ്ഥിരം പതിവാക്കിയതിലൂടെ അച്ഛന് നിരവധി കടം ഉള്ളതായി മക്കള്‍ പറഞ്ഞു. ലോട്ടറി എടുത്ത വകയിലുള്ള കടങ്ങള്‍ ആദ്യം വീട്ടണമെന്നാണ് മക്കളുടെ ആഗ്രഹം. പിന്നീട് ഇടിഞ്ഞ് പൊളിഞ്ഞ വീട് മാറ്റി പുതിയത് ഒന്ന് ഉണ്ടാക്കണം. അമ്മ ലക്ഷ്മിക്കുട്ടിയെയും, ഭാര്യയെയും മക്കളെയും നന്നായി നോക്കാന്‍ കഴിയുന്ന തരത്തില്‍ ചെറിയ ഒരു ബിസിനസ് തുടങ്ങണം ഇവയാണ് കോടീശ്വരന്റെ ആഗ്രഹങ്ങള്‍.
തടിക്കച്ചവടക്കാരനായിരുന്ന ചന്ദ്രശേഖരന് നായര്‍ക്ക് 10 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് ആറു വാരിയെല്ലുകള്‍ തകരുകയും ശ്വാസകോശത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചികിത്സകള്‍ക്കായി വളരെയധികം തുക ചെലവായിരുന്നു. ചികിത്സയെ തുടര്‍ന്നും ധാരാളം ബാധ്യതകളുള്ളതായി ചന്ദ്രശേഖരന് നായര്‍ പറഞ്ഞു. പരിക്കുകള്‍ ഭേദമായതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് പശുക്കച്ചവടം തുടങ്ങിയിരുന്നു. ഇതും നഷ്ടമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് സെക്യൂരിറ്റി പണിക്ക് പോകാന്‍ തീരുമാനിച്ചത്.
ആദ്യം കോട്ടയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിയായിരുന്നു. ഡിസംബര്‍ 10 മുതലാണ് കോതനല്ലൂര്‍ വിജയാ പാര്‍ക്ക് ഹോട്ടലിലെ സെക്യൂരിറ്റിയായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടലിന് സമീപത്തെ ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന 50 രൂപ മുടക്കി ഒരു കോടിയുടെ കാരുണ്യ ലോട്ടറി എടുത്തത്. ക്രിസ്തുമസ് ദിവസം രാവിലെ വിജയാ പാര്‍ക്ക് ഹോട്ടലിലെ റിസപ്ഷനിലെ ദിനപത്രത്തില്‍ നിന്നാണ് തനിക്കാണ് ഒന്നാം സമ്മാനം എന്ന് ചന്ദ്രശേഖരന് നായര്‍ ഉറപ്പിച്ചത്.
താന്‍ വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന മനസിലാക്കിയ ലോട്ടറി വില്പ്പനക്കാരന് തോമസ് കോടീശ്വരനെ തിരക്കി നടക്കുകയായിരുന്നു. ഇതിനിടയിലാണ് വിജയാ പാര്‍ക്ക് ഹോട്ടലിലെ സെക്യൂരിറ്റിയാണ് ആളെന്ന് അറിഞ്ഞത്. ഇതോടെ തോമസിന്റെ നേതൃത്വത്തില്‍ കോതനല്ലൂര്ക്കാരെത്തി ചന്ദ്രശേഖരനെ അനുമോദിച്ചു. ബാറിലെത്തുന്നവരും അറിഞ്ഞ് കേട്ടെത്തിയവരും എല്ലാം ചന്ദ്രശേഖരനെ അനുമോദിക്കാനുള്ള തിരക്കിലായിരുന്നു.
ഏതായാലും ഒരു കോടി കിട്ടിയതിന്റെ അമിതാവേശമോ, ആഹ്ലാദമോ ചന്ദ്രശേഖരന് നായരുടെ മുഖത്തില്ലായിരുന്നു. പക്വമതിയായ ഒരു ഗൃഹനാഥന്റെ കെട്ടും മട്ടും വിടാതെയായിരുന്നു പങ്കുവച്ചത്. വീണ്ടു സെക്യൂരിറ്റി ജോലി തുടരണമെന്നാണ് ആഗ്രഹമെന്നാണ് കോടിശ്വരന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: