കൊച്ചി: സംസ്ഥാന കേരളോത്സവത്തിന് വൈകീട്ട് നാലു മണിക്കു തിരിതെളിയും. ഉച്ചതിരിഞ്ഞ് 2.30ന് ആരംഭിക്കുന്ന വര്‍ണാഭമായ ഘോഷയാത്രയക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകീട്ട് നാലിന് കളക്ടറേറ്റ് മൈതാനിയിലെ ടാഗോര്‍ നഗര്‍ സ്റ്റേഡിയത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി യുവജന-പട്ടിക വര്‍ഗ്ഗ മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു.
മന്ത്രി പി.കെ.ജയലക്ഷ്മിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി സ്വാഗതം പറയും. ബെന്നി ബെഹനാന് എംഎല്‍എ ആമുഖം നല്‍കും. കേന്ദ്ര സിവില്‍ സപ്ലൈസ് മന്ത്രി പ്രൊഫ.കെ.വി.തോമസ് മുഖ്യപ്രഭാഷണം നടത്തും. സിനിമതാരം സിദ്ദീഖ് കലാമത്സരങ്ങളുടെ ഉദ്ഘാടനവും ഒളിമ്പ്യന്‍ കെ.എം.ബിനു കായിക മത്സരങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. മന്ത്രിമാരായ കെ.ബാബു, വി.കെ.ഇബ്രാഹിംകുഞ്ഞ്, എം.കെ.മുനീര്‍, കെ.ബി.ഗണേഷ് കുമാര്‍, കെ.സി.ജോസഫ്, സി.എന്‍.ബാലകൃഷ്ണന്, കൊച്ചിന് മേയര്‍ ടോണിചമ്മണി, എം.പിമാരായ കെ.പി.ധനപാലന്, പി.ടി.തോമസ്, ജോസ്.കെ.മാണി, പി.സി.ചാക്കോ, എം.ഐ.ഷാനവാസ്, പി.രാജീവ്, ചാള്‍സ് ഡയസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രധാന വേദിയായ രവീന്ദ്രനാഥ ടാഗോര്‍ നഗറില്‍ വൈകീട്ട് നാലു മുതല്‍ ദേശഭക്തി ഗാന മത്സരം ആരംഭിക്കും. നാളെ മുതല്‍ വേദികള്‍ സജീവമാകും. കായികമത്സരങ്ങളില്‍ ഭൂരിപക്ഷം ഇനങ്ങളും നാളെ നടക്കും. യൂണിവേഴ്സിറ്റി ഗ്രൗണ്ട്, മുന്‍സിപ്പല്‍ സ്റ്റേഡിയം, രാജഗിരി പബ്ലിക് സ്കൂള്‍, വരുണ വിദ്യാലയം, പീറ്റേഴ്സ് ഗ്രൗണ്ട്, ഭാരതമാതാ കോളേജ്, കളക്ട്രേറ്റ്, എന്‍ജിഒ ക്വാര്‍ട്ടേഴ്സ്, തൃക്കാക്കര കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലായി കായിക മത്സരങ്ങള്‍ നടക്കും. 36 ഓളം ഇനങ്ങളിലാണ് കായികമത്സരങ്ങള്‍.
കാക്കനാട് പ്രദേശത്ത് തന്നെ ക്രമീകരിച്ച 11 വേദികളിലായി 6500 ലേറെ മത്സരാര്‍ത്ഥികള്‍ സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കും. താരങ്ങളെ വരവേല്‍ക്കാന്‍ ആലുവ, എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാളെ വൈകീട്ട് വരെ അഞ്ചു വീതം വാഹനങ്ങള്‍ ഏര്പെടുത്തിയിട്ടുണ്ട്്. കേരളോത്സവ നഗരിയിലേക്കുള്ള പ്രധാന യാത്രകള്‍ക്ക് 30ബസ്സുകളും കാക്കനാട് കേന്ദ്രീകരിച്ചുള്ള യാത്രകള്‍ക്കായി 25 മിനി വാഹനങ്ങളും സജ്ജമാണ്. 2000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം വിവിധ കോളേജുകളിലായി ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ജഡ്ജ്മാര്‍ക്കും മറ്റും താമസിക്കാനായി പ്രത്യേക സൗകര്യങ്ങളുണ്ട്. പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് മേളയിലെത്തുന്നവര്‍ക്ക് ഭക്ഷണം ~ഒരുക്കുക. മേളയുടെ ഭാഗമായി നടക്കുന്ന ബഹുജന സാംസ്കാരിക ഘോഷയാത്ര ഇന്ന് വൈകുന്നേരം 2.30ന് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ നിന്നു ആരംഭിച്ച് പ്രധാന വേദിയായ സിവില്‍ സ്റ്റേഷനിലെ ടാഗോര്‍ നഗറില്‍ അവസാനിക്കും. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ സംസ്ഥാനത്തിന്റെ പൈതൃകം വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാ-കായിക-സാംസ്കാര-രംഗത്തുള്ളവര്‍ അണിനിരക്കും. സന്തോഷത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം നാടെങ്ങും എത്തിക്കുന്ന 1000 പേരടങ്ങുന്ന സാന്റോ സംഗമവും കുട്ടമ്പുഴ പ്രദേശത്തു നിന്നെത്തുന്ന ആദിവാസികളുടെ നൃത്തസംഗമവും ഘോഷയാത്രയുടെ പ്രത്യേകതയാണ്.
കേരളോത്സവം ചരിത്ര സംഭവമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം മന്ത്രി ജയലക്ഷ്മി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: