ന്യൂദല്‍ഹി: അഴിമതിക്കെതിരായ പോരാട്ടത്തില്‍ കേന്ദ്രത്തിനെതിരെയുള്ള നിലപാടുകള്‍ പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള സംഘം ശക്തമാക്കി. ലോക്പാല്‍ ബില്ലിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നതുവരെ കാത്തിരിക്കാന്‍ കേന്ദ്രം അഭ്യര്‍ത്ഥിച്ചെങ്കിലും തങ്ങള്‍ നിര്‍ദേശിച്ച നാല് മാറ്റങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്ന് ടീം ഹസാരെ വ്യക്തമാക്കി. മുംബൈയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ഹസാരെ ഉപവസിക്കും.
സിബിഐയെ ഓംബുഡ്സ്മാന്റെ ഭരണപരമായ നിയന്ത്രണത്തില്‍ കൊണ്ടുവരിക, ആരില്‍നിന്നും പരാതിയോ പരാമര്‍ശമോ ഇല്ലാതെതന്നെ സ്വമേധയാ സ്വന്തമായി അന്വേഷണം നടത്താന്‍ ലോക്പാലിനും ലോകായുക്തകള്‍ക്കും അധികാരം നല്‍കുക, ആരോപണവിധേയനായ വ്യക്തിക്ക് പ്രാഥമിക അന്വേഷണവും എഫ്ഐആറിന് മുമ്പ് വാദം കേള്‍ക്കുന്നതിലൂടെയും മുന്നറിയിപ്പ് നല്‍കണമെന്ന വ്യവസ്ഥ മാറ്റുക, ലോക്പാലിന്റെയും ലോകായുക്തകളുടെയും അധികാര പരിധിയില്‍ ക്ലാസ് സി, ഡി ഉദ്യോഗസ്ഥരെ നേരിട്ട് ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളിലാണ് വിട്ടുവീഴ്ച പറ്റില്ലെന്ന് ടീം ഹസാരെ വ്യക്തമാക്കിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട നിയമനിര്‍മാണത്തിലുള്ള ഭേദഗതികള്‍ക്ക് സര്‍ക്കാര്‍ സമ്മതിച്ചാല്‍ മാത്രമേ എംപിമാരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രകടനം നടത്താനുള്ള തീരുമാനം പിന്‍വലിക്കുകയുള്ളൂവെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
ഡിസംബര്‍ 27, 28, 29 തീയതികളില്‍ രാംലീലാ മൈതാനത്ത് സമാന്തര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബില്ലിന്മേലുള്ള പാര്‍ലമെന്റിലെ ചര്‍ച്ച തല്‍സമയം സംപ്രേഷണം ചെയ്യുമെന്നും ടീം ഹസാരെ അംഗം പ്രശാന്ത്ഭൂഷണ് വ്യക്തമാക്കി. എംപിമാരുടെ വസതിക്ക് മുന്നിലെ ധര്‍ണക്കായി അണ്ണാ ഹസാരെ 30ന് ഇവിടെയെത്തും. പാര്‍ലമെന്റില്‍ പ്രകടമാവുന്ന വികാരങ്ങളുടെ അടിസ്ഥാനത്തില്‍ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരില്‍ ആരുടെയെങ്കിലും വസതി തെരഞ്ഞെടുക്കും. ഭേദഗതിക്ക് സര്‍ക്കാര്‍ സമ്മതിച്ചാല്‍ ഈ നീക്കം ഉപേക്ഷിക്കുകയും ചെയ്യും. ശക്തമായ ലോക്പാല്‍ ബില്ലിനെ എതിര്‍ക്കുകയും പാര്‍ലമെന്റിലെ പുതിയ ബില്ലിനെ പിന്തുണക്കുകയും ചെയ്യുന്ന എംപിമാരുടെ വീടുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്താനാണ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതേസമയം, ലോക്പാലിന്റെ കാര്യത്തില്‍ പാര്‍ലമെന്റിന്റെ തീരുമാനത്തിന് കാത്തിരിക്കാന്‍ കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി രാജീവ് ശുക്ല അണ്ണാ ഹസാരെയോട് ആവശ്യപ്പെട്ടു. വളരെ ശക്തവും കാര്യക്ഷമവുമായ ബില്ലാണ് കേന്ദ്രം കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അണ്ണാ ഹസാരെ നയിക്കുന്ന അഴിമതി വിരുദ്ധ പ്രചാരണം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയും അവകാശപ്പെട്ടു. അഴിമതിവിരുദ്ധ പ്രചാരണത്തിന് പിന്നില്‍ വിദേശശക്തികള്‍ ഉണ്ടാവാനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹം കേരളത്തില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
അതേസമയം, ലോക്പാല്‍ ബില്ലിനെ കൂടുതല്‍ ശക്തവും സ്വതന്ത്രവുമാക്കാന്‍ വേണ്ട ഭേദഗതികള്‍ ബിജെപി പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
പാര്‍ലമെന്റില്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ബില്ലിനെ അംഗീകരിക്കുന്നില്ലെന്നും വിദേശനിക്ഷേപ ബില്ലിന്റെ ഗതി തന്നെയായിരിക്കും ഇതിനുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി അനന്തകുമാര്‍ പറഞ്ഞു. ശക്തവും സ്വതന്ത്രവുമായ ലോക്പാല്‍ വേണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ് ഇപ്പോഴത്തെ ബില്ലിന് ഭേദഗതികള്‍ കൊണ്ടുവരുന്നത്. മതത്തിന്റെയോ ന്യൂനപക്ഷങ്ങളുടെയോ അടിസ്ഥാനത്തില്‍ ലോക്പാലില്‍ സംവരണം കൊണ്ടുവരുന്നത് ശരിയല്ലെന്നും അനന്തകുമാര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: