പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നം രമ്യമായി തീര്‍ക്കണമെന്ന് ആഹ്വാനവുമായി ബിജെപി കോയമ്പത്തൂര്‍ സൗത്ത്, പാലക്കാട് ജില്ലകള്‍ സംയുക്തമായി വാളയാറില്‍ സൗഹാര്ദ്ദശൃംഖല തീര്‍ത്തു. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രശ്നം പരിഹരിക്കുന്നതിന് കോണ്‍ഗ്രസിന് യാതൊരു താല്പര്യവുമില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. രണ്ട് ജനതകള്‍ തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം തകര്‍ക്കാനാണ് ചില ഛിദ്രശക്തികള്‍ ശ്രമിക്കുന്നത്. ബിജെപി അധികാരത്തിലിരുന്നപ്പോള്‍ വാജ്പേയി 200 വര്‍ഷം പഴക്കമുള്ള കാവേരി നദീജല പ്രശ്നം മുഖ്യമന്ത്രിമാരെ ഇരുവശത്തുമിരുത്തി രമ്യമായി പരിഹരിച്ചത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളെ അടിപ്പിക്കുവാനല്ല ശ്രമിക്കേണ്ടത്. ഭാരതത്തിന്റെ ഐക്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന സമീപനമാണ് ചിലര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗോപാലപുരം, ഗോവിന്ദാപുരം എന്നിവിടങ്ങളിലും ബിജെപി സൗഹാര്‍ദ്ദ ശൃംഖലകള്‍ സൃഷ്ടിച്ചു. ഗോവിന്ദാപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് ഉദ്ഘാടനം ചെയ്തു. മുന്‍ എം പി സി പി രാധാകൃഷ്ണന് സംസാരിച്ചു. കേരളത്തിലേക്ക് വരുന്ന പച്ചക്കറികള്‍ തടയുമെന്ന ചില തമിഴ് സംഘടനകളുടെ നിലപാടിന് തമിഴ്ജനത കൂട്ടുനില്‍ക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി സൗത്ത് കോയമ്പത്തൂര്‍ ജില്ല പ്രസിഡന്റ് ബാബ രമേഷ്, പാലക്കാട് ജില്ല പ്രസിഡന്റ് സി.കൃഷ്ണകുമാറിന് പച്ചക്കറികള്‍ നല്‍കുകയും തമിഴ്നാടിന് അര്‍ഹതപ്പെട്ട ജലം നല്‍കുമെന്ന് പറഞ്ഞ് കുടത്തില്‍ വെള്ളവും നല്കി സൗഹൃദം പങ്കിട്ടു.
ബിജെപി പാലക്കാട് ജില്ല പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി തമിഴ്നാട് സംസ്ഥാന സെക്രട്ടറി ശെല്വകുമാര്, തൃശൂര്‍ മേഖല പ്രസിഡന്റ് എന്‍.ശിവരാജന്, ജില്ല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, കോയമ്പത്തൂര്‍ സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി എം.എം.കുമരേഷ്, എ.കെ.ഓമനക്കുട്ടന്, എസ്.ശെന്തില്‍കുമാര്‍, എം.ബാലകൃഷ്ണന്, കെ.ശ്രീകുമാര്‍, എ.കെ.മോഹന്‍ദാസ്, ജി.കെ.കുമരേഷ്, എന്‍.എസ്.ജയപ്രകാശ്, യു.ദിനകര്‍, എ.സുലൈമാന്‍, കെ.ആര്.സുജിത്, ശ്രീജ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: