ഇസ്ലാമാബാദ്: സൈന്യം അധികാരം പിടിച്ചടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ സൈനിക മേധാവി ജനറല്‍ ആഷിക് പര്‍വേസ് കയാനിയേയും ഐഎസ്ഐ തലവന്‍ ജനറല്‍ ലഫ് ജനറല്‍ അഹമ്മദ് ഷൂജ പാഷയേയും നീക്കാന്‍ പാക് സര്‍ക്കാര്‍ ആലോചിക്കുന്നതായി അറിയുന്നു.
ഇപ്പോള്‍ മൂന്നുവര്‍ഷത്തെ കാലാവധി നീട്ടി നല്‍കിയിരിക്കുന്ന കയാനിയേയും ഒരു വര്‍ഷത്തെ സര്‍വീസ് നീട്ടിക്കൊടുത്തിരിക്കുന്ന പാഷയേയുംകുറിച്ച് സര്‍ക്കാരിന് കടുത്ത അസംതൃപ്തിയാണുള്ളതെന്ന് ഒരു ദിനപത്രം വെളിപ്പെടുത്തുന്നു. ഈ രണ്ടുപേരും കഴിഞ്ഞ മാസമുണ്ടായ നാറ്റോ ആക്രമണത്തിന്റെ പേരില്‍ അമേരിക്കയോട് പാക്കിസ്ഥാന് കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചവരാണ്. പാക്കിസ്ഥാനില്‍ ഒരു സൈനിക വിപ്ലവമുണ്ടായാല്‍ അമേരിക്കയുടെ സഹായമഭ്യര്‍ത്ഥിച്ച വിവാദപരമായ കുറിപ്പിനെ സംബന്ധിച്ചും ഇവര്‍ സര്‍ക്കാരിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ഈ വിവാദ കുറിപ്പിനെക്കുറിച്ചുള്ള പരാമര്‍ശത്താല്‍ പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിക്കും മുതിര്‍ന്ന നേതാക്കള്‍ക്കും വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. രാജ്യത്തെ സുരക്ഷ അതിന്റെ രാഷ്ട്രീയ നേതൃത്വംതന്നെ എതിര്‍ക്കുന്നുവെന്ന പ്രചരണത്തോട് നിയന്ത്രണവും ജാഗ്രതയും പാലിക്കാന്‍ പ്രധാനമന്ത്രിയോടും പ്രസിഡന്റിനോടും അടുപ്പമുള്ളവര്‍ അവരെ ഉപദേശിച്ചതായി അറിയുന്നു. ഇവരെ രണ്ടുപേരെയും പുറത്താക്കിയാല്‍ സുരക്ഷയ്ക്ക് എന്ത് സംഭവിക്കുമെന്ന അസുഖകരമായ ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ലെന്ന് ദിനപത്രം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞയാഴ്ചയില്‍ സൈന്യം രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യമായാണ് പെരുമാറുന്നതെന്ന പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ പരാമര്‍ശത്തിന് ശേഷം കയാനിയേയും ഷൂജ പാഷയേയും തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ആറുവര്‍ഷമായി അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്ലാദന് പാക്കിസ്ഥാനില്‍ ഒളിച്ചുതാമസിച്ചത് കണ്ടെത്താനാകാത്ത സൈന്യത്തിന്റെ പരാജയത്തേയും പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: