മോസ്കോ: ഡിസംബര്‍ 4 ന് നടന്ന റഷ്യന്‍ തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് ഇനിയും വമ്പിച്ച പ്രകടനങ്ങള്‍ പ്രതിപക്ഷം സംഘടിപ്പിക്കുകയാണ്. വ്ലാഡിവോസ്റ്റോക്കില്‍ തെരഞ്ഞെടുപ്പിനെതിരെ നടന്ന പ്രകടനത്തില്‍ പ്രാദേശിക ജനപ്രതിനിധിയായ ആര്ട്ടിയോംസാംസനോവ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. തലസ്ഥാനമായ മോസ്കോയിലെ സഖാരോവ് അവന്യൂവില്‍ 50,000 പ്രകടനക്കാര്‍ അണിനിരക്കുമെന്ന് സംഘാടകള്‍ പ്രതീക്ഷിക്കുന്നു.
ഈയാഴ്ച പ്രകടനക്കാരെ തൃപ്തിപ്പെടുത്താനായി രാഷ്ട്രീയ പരിഷ്കാരങ്ങള്‍ പ്രസിഡന്റ് ഡിമിട്രി മെഡ്വദേവ് പ്രഖ്യാപിച്ചെങ്കിലും അവര്‍ അതില്‍ തൃപ്തരല്ല. പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന്റെ കക്ഷി വിജയിച്ച തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് അവരുടെ ആവശ്യം. വ്ലാഡിവോസ്റ്റോക്കില്‍ പ്രകടനക്കാര്‍ പുടിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി. മോസ്കോ നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 40 ബസുകളില്‍ സുരക്ഷാസേന അധികമായി നഗരത്തില്‍ വിന്യസിച്ചു. മോസ്കോയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രകടനം പ്രതിപക്ഷം സംയുക്തമായി സംഘടിപ്പിച്ചതാണ്. പ്രകടനത്തില്‍ പങ്കെടുക്കാന്‍ 47000 പേര് തയ്യാറാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ പുടിന് തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതപ്പെടുന്നു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം പ്രാദേശിക ഗവര്‍ണര്‍മാരെ നേരിട്ട് തെരഞ്ഞെടുക്കാമെന്ന് പ്രസിഡന്റ് സമ്മതിച്ചതാണ്. എന്നാല്‍ പ്രക്ഷോഭകര്‍ ഈ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: