പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇരുപത്തൊന്നുവര്‍ഷം ജീവിതം ഹോമിച്ച കറുപ്പസ്വാമിയുടെ കേസിന്റെ ന്യായാന്യായങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല. ജീവപര്യന്തം ലഭിച്ച പ്രതിക്ക് 14 വര്‍ഷം കഴിഞ്ഞാല്‍ ശിക്ഷ ഇളവ് കിട്ടുക സ്വാഭാവികം. എന്നാല്‍ നീതിയുടെ യാതൊരു പരിഗണനയും ലഭിക്കാത്ത സൗമ്യശീലനായ ഈ പ്രതി ദുര്‍ബല തെളിവുകളുടെ പേരില്‍ ഇന്നും ശിക്ഷ അനുഭവിക്കുകയാണ്. എന്നാല്‍ എണ്‍പത്തിരണ്ട് വയസ്സായ ഈ മനുഷ്യന് വേണ്ടി ശബ്ദമുയര്‍ത്താന്‍ മനുഷ്യാവകാശസംഘടനകളോ മറ്റാരുമോ ഇതുവരെ രംഗത്തുവന്നിട്ടില്ല.
കേരളത്തിലെ ജയിലുകളില്‍ ശിക്ഷയനുഭവിക്കുന്നവര് 2906 പേര് ഉണ്ട്. പതിനെട്ട് വയസ്സുമുതലുള്ളവര്‍ ഇക്കൂട്ടത്തില്‍പെടും. കേരളത്തില്‍ എണ്പത്വയസ്സിന് മുകളില്‍ ജീവപര്യന്തം അനുഭവിക്കുന്ന കുറ്റവാളികള്‍ അഞ്ച് പേരാണ്. പതിനാല് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ അനുഭവിച്ചവരെ കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ ഉത്തരവുപ്രകാരം പരിഗണിച്ചില്ല. സമഗ്രമായ പഠനം നടത്താതെയാണ് ഉത്തരവുകള്‍ തയ്യാറാക്കിയത് എന്ന ആരോപണം ഇത് ശരിവെക്കുന്നു. ശിക്ഷയുടെ ആനുകൂല്യം ലഭിച്ച ഇവരില്‍ പലര്‍ക്കും പിഴ അടയ്ക്കാനുള്ള തുക ഇല്ലാത്തതിനാല്‍ പുറത്ത് പോകാന്‍ കഴിഞ്ഞിട്ടില്ല.
സെന്‍ട്രല്‍ ജയിലുകളിലും തുറന്ന ജയിലുകളിലുമായി പ്രായാധിക്യം ചെന്ന തടവുകാര്‍ ഏകദേശം ഒമ്പത് പേരോളം ഉണ്ട്. ഇവര്‍ക്ക് ക്രിമിനല്‍ നടപടി നിയമം 433എ വകുപ്പിന്റെ നിരോധനംമൂലം തടവില്‍ ഇളവ് ലഭിക്കുന്നില്ല. ഭരണഘടനയുടെ 72, 161 എന്നീ അനുഛേദങ്ങള്‍ നല്കുന്ന വിവേചനാധികാരം ശരിയായി ഉപയോഗിച്ചാല്‍ ഈ വൃദ്ധതടവുകാര്ക്ക് ശിക്ഷയില്‍ ഇളവ് കൊടുക്കാന്‍ സാധിക്കും. ഇളവ് കിട്ടുന്ന കുറ്റവാളികള്‍ പുറം ലോകത്ത് ജീവിക്കാന്‍ അര്‍ഹരാണോ എന്ന ചോദ്യം ന്യായമാണ്.അതിന് അവരുടെ പ്രായവും, തടവറയിലെ പെരുമാറ്റവും, ചെയ്ത കുറ്റകൃത്യവും, അത് വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയും പരിഗണിക്കപ്പെടും. ഈ വൃദ്ധര്‍ പുറത്ത് വന്നാലും ഒന്നും സംഭവിക്കില്ലായെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. 60 വയസ്സില്‍ ഒരാള്‍ കൊലപാതകം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സാഹചര്യസമ്മര്ദംകൊണ്ട് ആയിരിക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. കുറ്റകൃത്യം=സാഹചര്യം+വാസന/ പ്രതിരോധം എന്നാണ് പറയപ്പെടുന്നത്. ആരും കുറ്റവാളിയായി ജനിക്കുന്നില്ല എന്നത് നമുക്കറിയുന്ന സത്യം. ജയിലുകളുടെ ലക്ഷ്യം കുറ്റവാളികളെ മാനസാന്തരപ്പെടുത്തി നല്ല പൗരന്മാരായി രൂപന്താരപ്പെടുത്തുക എന്നതാണല്ലോ. ഇതില്‍ ഒരു പരിധിവരെ നീതിപാലകര്‍ വിജയിച്ചിട്ടുണ്ട്.
പതിനാല് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ അനുഭവിച്ചവരില്‍ പ്രധാനി ഉദുമല്പേട്ടക്കാരനായ കറുപ്പസ്വാമിയാണ്. വിധിയുടെ വിളയാട്ടമാവാം ഇയാള്‍ക്ക് അന്യനാട്ടില്‍ വര്‍ഷങ്ങളോളം ഇരുട്ടറയിലെ ഏകാന്തതയില്‍ ജീവിതം ഹോമിക്കാന്‍ ഇടയാക്കിയത്? കറുപ്പസ്വാമിയുടെ ജീവിതം ഒരു കടങ്കഥയാണ്.1990 ഡിസംബര്‍ 14ന് നടന്ന മറയൂരിലെ സ്വാമിനായ്ക്കിന്റയും(80വയസ്സ്),ഭാര്യ ലക്ഷ്മിയുടെയും (62)കൊലപാതക കുറ്റമാണ് ഇയാളില്‍ ചുമത്തപ്പെട്ടത്. നാല്മാസം കറുപ്പസ്വാമി അവിടെ ജോലിചെയ്തിരുന്നു. നാട്ടിലേക്ക് പോയ ഇയാള്‍ സംഭവദിവസം ഇവരുടെ വീട്ടില്‍ വന്നത് സംശയത്തിന്റെ നിഴല്‍ സ്വാഭാവികമായും ഇയാളില്‍ വീഴ്ത്തി. ഡിസംബര്‍ 15 ന് മറയൂര്‍ പോലീസ്റ്റേഷനില്‍ ക്രൈം നംബര് 57/90 ആയി കൊലപാതകുറ്റത്തിന് കേസ് ഫയല്‍ ചെയ്തു.
മുപ്പത്തഞ്ച് വര്‍ഷമായി ചുരുളപ്പട്ടിയില് താമസിക്കുന്ന നായ്ക്കും കുടുംബവും പതിനൊന്നരയേക്കര്‍ സ്ഥലത്തിന്റെ ഉടമകളായിരുന്നു. മക്കള്‍ക്ക് സ്വത്ത് ഭാഗിച്ചുകൊടുത്ത് ബാക്കിയുള്ള അഞ്ചര ഏക്കറിലാണ് നായ്ക്കും ഭാര്യയും താമസിച്ചിരുന്നത്. കാവല്‍ പണിയ്ക്ക് വേണ്ടിയാണ് കറുപ്പസ്വാമിയെ കൊണ്ടുവന്നത്. നാല് മാസത്തോളം ഇയാള്‍ ജോലിചെയ്തു. സംഭവം നടന്ന അന്നുരാവിലെ 100രൂപയ്ക്ക് വേണ്ടി സ്വാമി നായ്ക്കിന്റെ വീട്ടില്‍ ഇയാള്‍ വന്നിരുന്നു. പിറ്റേദിവസം അടുത്തുതാമസിക്കുന്ന പേരക്കുട്ടിയാണ് സംഭവം ആദ്യം കണ്ടത്. കട്ടിലില്‍ കിടന്നിരുന്ന മൃതദേഹത്തില്‍ നായ്ക്കിന്റെ നെറ്റിയിലും മറ്റ് പലഭാഗത്തും വെട്ടേറ്റിരുന്നു. ഭാര്യയെ കഴുത്തില്‍ തുണിചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയിരുന്നത്. ഇവര്‍ ധരിച്ചിരുന്ന അഞ്ച് പവനോളം വിലമതിക്കുന്ന ആഭരണങ്ങളും അലമാരയില്‍ നിന്ന് 1,000 രൂപയും നഷ്ടപ്പെട്ടതായി കണ്ടു. സംഭവസ്ഥലത്തിന് അടുത്തുനിന്ന് രക്തക്കറ പുരണ്ട കത്തിയും കണ്ടെത്തി. സാഹചര്യതെളിവിന്റെ അടിസ്ഥാനത്തില്‍ പോലീസ് കറുപ്പസ്വാമിയ്ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു. മൂന്നാം ദിവസം ഇയാളെ ചിന്നാര്‍ വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. അയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിലെ രക്തക്കറയും ഒരു ടോര്‍ച്ചും നഷ്ടപ്പെട്ട മുതലുകള്‍ അടങ്ങിയ ബാഗും പോലീസ് കണ്ടെടുത്തു. പ്രതി കുറ്റം ഏറ്റുപറഞ്ഞതായി പോലീസ് രേഖപ്പെടുത്തുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് കേസ് തൊടുപുഴ അഡീഷണല്‍ ജില്ലാ കോടിതിയില്‍ വിസ്താരം നടന്നു.
14 ന് രാവിലെ 100 രൂപ ചോദിച്ച് നായ്ക്കിന്റെ വീട്ടില്‍ പോയതും അവിടെനിന്ന് ഭക്ഷണം കഴിച്ചതും കറുപ്പസ്വാമി സമ്മതിക്കുന്നു. പിന്നീട് നായ്ക്കിന്റെ രണ്ടാമത്തെ മകന് ഗോവിന്ദരാജിനെ വഴിയില്‍ അവിചാരിതമായി കാണുകയും അയാള്‍ കറുപ്പസ്വാമിക്ക് രൂപ വാഗ്ദാനം ചെയ്ത് സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. അന്ന് രാത്രി അവിടെ കിടന്നു. പിറ്റേദിവസം രാവിലെ ഗോവിന്ദരാജ് ഒരു ബാഗ് ഏല്പിച്ചു.അത് തമിഴ്നാട്ടിലുള്ള അയാളുടെ മകള്‍ക്ക് കൊടുക്കുവാനും പറഞ്ഞു.ആ ബാഗുമായി പ്രതി പോകുമ്പോള്‍ ആണ് വെളുപ്പിന് ബസ്സ് സ്റ്റോപ്പില്‍ വച്ച് നാലാംസാക്ഷി പൊടിയന് കറുപ്പസ്വാമിയെ കാണുന്നത്. ഗോവിന്ദരാജ് പണത്തിനുവേണ്ടി ശല്യപ്പെടുത്തുന്നതായി സ്വാമി നായ്ക്ക് കറുപ്പസ്വാമിയോട് പറഞ്ഞിരുന്നു. കൃത്യം നടന്ന ദിവസം രാവിലെ മറയൂര്‍ ചെക്ക്പോസ്റ്റില്‍ ബസ്സ് കയറാന്‍ നിന്നതും കറുപ്പസ്വാമി സമ്മതിക്കുന്നു. കൃത്യം നടന്ന ദിവസം പ്രതി നായ്ക്കിന്റെ വീട്ടില്‍ പോയത് കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ തടസ്സമാകുമെന്ന് അറിഞ്ഞിട്ടും കറുപ്പസ്വാമി കോടതിയെ സത്യം ബോധിപ്പിയ്ക്കുകയാണ് ഉണ്ടായത്.
ദുര്‍ബലമായ തെളിവ് നിരത്തിയാണ് പ്രോസിക്യൂഷന് പ്രതിയ്ക്ക് എതിരായി വാദിച്ചത്. നീണ്ട 20 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷവും കറുപ്പസ്വാമി ഇന്നും താന്‍ ഈ കേസില്‍ നിരപരാധിയാണ് എന്ന് പറയുമ്പോള്‍ ദുരൂഹത നീങ്ങുന്നില്ല. അനവധി മുറിവുകള്‍ ഏല്പിക്കാന് ഉപയോഗിച്ച വെട്ടുകത്തിയില്‍ മനുഷ്യരക്തം തന്നെയാണോ എന്ന് തിരിച്ചറിയാന്‍ പോലും പ്രോസിക്യൂഷന് കഴിഞ്ഞില്ല. 22 മുറിവുകള്‍ മരിച്ചയാളുടെ ദേഹത്തില്‍ കണ്ടിരുന്നതായി പോസ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപത്ത് ഉപേക്ഷിക്കപ്പെട്ട ഈ ആയുധത്തില്‍ പ്രതിയുടെ വിരലടയാളവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊല നടത്തിയതിനുശേഷം തേനിവരെ ഉദ്ദേശ്യം 100 കിലോമീറ്റര്‍ പോയ പ്രതി പോലീസിന് അറസ്റ്റ് ചെയ്യാനായി മാത്രം മറയൂരിലേക്ക് വന്നു എന്ന കഥ അവിശ്വസനീയമാണ്. കൊല നടന്ന് മൂന്ന്ദിവസംകഴിഞ്ഞിട്ടും കൊലയാളി ഇതേ വസ്ത്രങ്ങളും കളവുമുതലുമായി മറയൂരില്‍ എത്തി എന്ന പോലീസിന്റെ ഭാഷ്യവും അവിശ്വസനീയം തന്നെ. രണ്ടാംസാക്ഷിയായ ഗോവിന്ദരാജിനെ വിസ്തരിച്ചില്ല എന്നതും ദുരൂഹത ഉണര്‍ത്തുന്നു. മരിച്ച ലക്ഷ്മിയുടെ കഴുത്തിലെ ചരടില്‍ കണ്ട നീളം കൂടിയ മുടി പുരുഷന്റേത് ആണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.ഇത് പ്രതിയുടെയും സ്വാമിനായ്ക്കിന്റെയും അല്ല എന്നും തെളിവുകള്‍ പറയുന്നു.ഇതിനും ശരിയായ ഉത്തരം തരുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഈ കേസിലെ സാഹചര്യത്തെളിവുകള്‍ പൂര്‍ണമായും കറുപ്പസ്വാമിയുടെ പങ്കാളിത്തം തെളിയിക്കുന്നില്ല എന്ന് കാണാം.ആദ്യം വിചാരണചെയ്ത തൊടുപുഴ ജില്ലാകോടതി ദുര്‍ബലമായ തെളിവിന്റെ അടിസ്ഥാനത്തില്‍ കറുപ്പസ്വാമിയെ വെറുതെ വിട്ടു.
പ്രോസിക്യൂഷന് അപ്പീല്‍ ഫയല്‍ ചെയ്തതില്‍ വിചാരണ പൂര്‍ണമല്ല എന്ന നിഗമനത്തില്‍ ഹൈക്കോടതി വീണ്ടും വിചാരണയ്ക്ക് സെഷന്‍സ് കോടതിയിലേക്ക് അയ്ക്കുകയാണ് ഉണ്ടായത്.എന്നാല്‍ കാര്യമായ തെളിവെടുപ്പ് ഒന്നും നടത്താതെ അതേ തെളിവുകള്‍ വച്ച് കറുപ്പസ്വാമിയെ അതേ കോടതിയില്‍ വന്ന മറ്റൊരു ജില്ലാജഡ്ജി ജീവപര്യന്തം ശിക്ഷിക്കുകയാണ് ഉണ്ടായത്. ഈ ശിക്ഷയുടെ ന്യായാന്യായങ്ങള്‍ ഇനി ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഇതേ കോടതി ജീവപര്യന്തം ശിക്ഷിച്ചപ്പോള്‍ കറുപ്പസ്വാമി ഒരു ഒളിച്ചോട്ടത്തിന് മുതിരാതെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഐപിസി 302, 392, 499 എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കുക എന്ന കര്‍ത്തവ്യമാണ് കോടതി ചെയ്തത്.
നമ്മുടെ ജയിലുകളില്‍ ഏറെയും കൊലപാതകം, അബ്കാരിനിയമലംഘനം, ബലാല്‍സംഗം എന്നീ കുറ്റകൃത്യങ്ങളില്‍പ്പെട്ട് നാളുകളായി ശിക്ഷ അനുഭവിക്കുന്നവരാണ്. സംഘംചേര്‍ന്ന് കൊലപാതകം നടത്തിയവരും, വാടകക്കൊലയാളികളും രാഷ്ട്രീയസ്വാധീനത്താല്‍ ജാമ്യം, സെക്യൂരിറ്റി ബോണ്ട്, പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് എന്നിവ എളുപ്പത്തില്‍ വാങ്ങി പുറത്ത് പോകുന്നവരാണ്. ആരും പിന്താങ്ങാനില്ലാത്ത നിരാലാംബര്ക്കുനേരെ മനുഷ്യാവകാശസംഘടനകളും കണ്ണടയ്ക്കുന്നു.ഇതില്‍ കറുപ്പസ്വാമി (82) , പെയിലികുഞ്ഞ് (82), ശങ്കരനാരായണന് (70), മാത്യുമത്തായി (70), ലക്ഷ്മി അമ്മ (76), ബാലകുട്ടി ആചാര്യ (72), കറുപ്പയ്യ (70), നാരായണ നായ്ക്ക് (72) മുതലായവര്്ക്ക് ശിക്ഷ ഇളവിന് ശുപാര്‍ശ ചെയ്യാന്‍ ഉപദേശകസമിതിയും തയ്യാറാവുന്നില്ല.
ഈ കേസിന്റെ വിചാരണയുടെ ഭാഗമായ ഉദ്യോഗസ്ഥരടക്കം ഒരേ സ്വരത്തില്‍ പ്രതിയുടെ പങ്കാളിത്തം നിഷേധിക്കുന്നുവെന്നതും ശ്രദ്ധേയം. ക്രിമിനല്‍ നിയമസംഹിതയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാശയം ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നുള്ളതാണ്. ഒരു പക്ഷേ ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടാല്‍ എത്രയോ മടങ്ങ് മനോവ്യഥ അയാള്‍ അനുഭവിക്കും എന്നുള്ള ചിന്താഗതിയാണ് ഇതിനുപിന്നില്‍. കറുപ്പസ്വാമിയുടെ കഥ ഒരു നിരപരാധിയുടെ ആണോ? അതോ ഒരു കുറ്റവാളിയുടേതോ എന്നതാണ് പ്രശ്നം. 20 വര്‍ഷക്കാലം ജീവിതം തടവറയില്‍ കറുപ്പസ്വാമി ഹോമിച്ചുകഴിഞ്ഞു. എന്നാല്‍ നീതിബോധത്തോടെ വസ്തുതകള്‍ കാണാന്‍ മടിക്കുന്ന പോലീസും പ്രൊബേഷന്‍ ഓഫീസര്‍മാരും ജയില്കമ്മറ്റിയും കറുപ്പസ്വാമിയുടെ ദുരന്തം കണ്ടില്ലെന്നുനടിക്കുന്നു.സ്വാധീനം ചെലുത്താന്‍ കഴിവുള്ളവര്‍ 14വര്‍ഷം കഴിയുന്നതോടെയോ അതിനുമുമ്പോ വേണ്ടത്ര ഇളവ് നേടി പുറത്തിറങ്ങുമ്പോള്‍ സമൂഹത്തിന്റെ മനസ്സാക്ഷിക്ക് മുന്നില്‍ കറുപ്പസ്വാമി ഒരു ചോദ്യചിഹ്നമാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: