തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ ശാരിയുടെ കേരളത്തില്‍ നടത്തിയ രക്തപരിശോധനാ ഫലം തെറ്റെന്ന് സാക്ഷിമൊഴി. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്റിഫിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ ശ്രീവാസ്തവയാണ് സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്.
ശാരിയുടെ 100 എം.എല്‍ രക്തം സ്റ്റേറ്റ് കെമിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ 5.22 മില്ലിഗ്രാം ചെമ്പ് കണ്ടെത്തിയെന്നായിരുന്നു ഫലം. എന്നാല്‍ ഇതേ രക്തം സെന്‍ട്രല്‍ ഫോറന്‍സിക് സയന്റിഫിക് ലാബില്‍ പരിശോധിച്ചപ്പോള്‍ .42 മില്ലീ ഗ്രാം ചെമ്പ് മാത്രമാണ് കണ്ടെത്തിയത്. ഇത് യാതൊരു കാരണവശാലും മരണകാരണമാകില്ലെന്നു അനില്‍ ശ്രീവാസ്തവ മൊഴി നല്കി.
5.22 മില്ലിഗ്രാം ചെമ്പ് ഉണ്ടെന്ന സംസ്ഥാന കെമിക്കല്‍ ലാബ് റിപ്പോര്‍ട്ടിലെ പിശക് ചിലപ്പോള്‍ നടപടി ക്രമങ്ങളിലെ തെറ്റോ അല്ലെങ്കില്‍ കണക്കുകൂട്ടലിലെ പിഴവോ ആകാമെന്നും ശ്രീവാസ്തവ പറഞ്ഞു. ശാരിയുടെ മരണകാരണങ്ങള്‍ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് അനില്‍ ശ്രീവാസ്തവ മൊഴി നല്‍കിയത്.
കേസില്‍ വിധി പറയുന്നത് ഈ മാസം 29ലേക്ക് മാറ്റി. ഇത് അഞ്ചാം തവണയാണ് വിധി പറയുന്നത് മാറ്റി വയ്ക്കുന്നത്. തിരുവനന്തപുരത്തെ സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: