ആലുവ: മേത്തര്‍ ക്ലബ്ബിന് ശിവരാത്രി മണപ്പുറം നഗരസഭ പാട്ടത്തിന് നല്‍കിയത് വിവാദമാകുന്നു. ഫുട്ബോള്‍ പരിശീലനത്തിന് എന്ന പേരിലാണ് വടക്കേ മണപ്പുറം ഒരുവര്‍ഷത്തേക്ക് 5,000 രൂപക്ക് മേത്തര്‍ ഗ്രൂപ്പിന് വിട്ടുനല്‍കിയിരിക്കുന്നത്. ഇവര്‍ ഇവിടെ കമ്പിവേലി കെട്ടി തിരിക്കുകയും ചെയ്തിരിക്കുകയാണ്. ഇവിടെ പരിശീലനത്തിന് എന്ന പേരില്‍ എത്തിയ സംഘം താമസിക്കുന്ന ഏലൂക്കരയിലെ ഫ്ലാറ്റിന് സമീപത്തെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കുന്നു. കളിക്കാര്‍ താമസസ്ഥലത്തുനിന്ന് ബൈനോക്കുലര്‍ ഉപയോഗിച്ച് രംഗങ്ങള്‍ വീക്ഷിക്കുന്നതും അല്ലാതെ സ്ത്രീകളെ ശല്യം ചെയ്യുന്നതുമായ പരാതി ബിനാനിപുരം പോലീസ്സ്റ്റേഷനില്‍ ഒതുക്കിത്തീര്‍ത്തു. സഹികെട്ട് പരാതി നല്കിയ കോണ്‍ഗ്രസുകാര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കളിക്കാരുടെ സംരക്ഷകര്‍ ഉന്നതരായ കോണ്‍ഗ്രസുകാരാണ് എന്ന് തിരിച്ചറിഞ്ഞത്. ഒ
രു കേന്ദ്രമന്ത്രിയുടെ മകനാണ് ഫുട്ബോള്‍ ക്ലബിെന്റ കണ്‍വീനര്‍. കോണ്‍ഗ്രസ് ഭരണസ്വാധീനം ഉപയോഗിച്ച് മേത്തര്‍ ഗ്രൂപ്പാണ് സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. ഷാഫി മേത്തര്‍ എന്ന ആളാണ് ഇതിന്റെ നടത്തിപ്പുകാരന്. ശിവരാത്രിക്ക് മാസങ്ങള്‍ മാത്രമിരിക്കെ നഗരസഭയുടെ തീരുമാനം ഹൈന്ദവസംഘടനകളോടുള്ള വെല്ലുവിളിയാണ്. ശിവരാത്രി സമയത്ത് വടക്കേ മണപ്പുറമാണ് കെഎസ്ആര്‍ടിസി പാര്‍ക്കിംഗിന് ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തില്‍ എത്തിയ സമയത്ത് സ്ഥലം പാട്ടത്തിന് നല്കി വിദേശമലയാളിക്ക് വില്പന നടത്തിയ സ്റ്റേഡിയം നിര്‍മിക്കാന്‍ നഗരസഭയുടെ മുന്‍ ചെയര്‍മാന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തില്‍ ചരടുവലികള്‍ നടക്കുകയും വിദേശത്തില്‍ ഫണ്ട് പിരിക്കാനായി വിദേശയാത്ര നടത്താന്തീരുമാനിക്കുകയും ചെയ്തിരുന്നു. ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നതിനെത്തുടര്‍ന്ന് പദ്ധതി പാതിവഴിക്ക് ഉപേക്ഷിക്കുകയായിരുന്നു. പഴയ സ്റ്റേഡിയം നിര്‍മാണം എന്ന ചിലരുടെ ലക്ഷ്യത്തിനുള്ള തുടക്കമാണ് മണപ്പുറം മേത്തര്‍ ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയതിലൂടെ വ്യക്തമാകുന്നത്.
ശിവരാത്രി ആഘോഷത്തിന് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഭക്തജനങ്ങളെക്കൊണ്ട് മണപ്പുറം ശ്വാസംമുട്ടുമ്പോഴാണ് ഉള്ള സ്ഥലം കൂടി സ്പോര്‍ട്സിന്റെ പേരില്‍ സ്വകാര്യവ്യക്തിക്കും വനവല്ക്കരണത്തിന്റെ പേരില്‍ വനംവകുപ്പിനും പതിച്ചു നല്കി ശിവരാത്രി ആഘോഷത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് ബിജെപി ആലുവ ടൗണ്‍ കമ്മറ്റി കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള നീക്കത്തെ ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായി ഉപേക്ഷിച്ചതാണ്. ശിവരാത്രി മണപ്പുറം പൈതൃകസ്മാരകമാണ്. ഇത് നശിപ്പിക്കാനുള്ള ഏത് നീക്കത്തെയും ബിജെപി എതിര്‍ക്കും. മണപ്പുറത്ത് സ്വകാര്യ വ്യക്തി ഗ്രൗണ്ട് നിര്‍മിക്കാനായി കെട്ടിയിരിക്കുന്ന കമ്പിവേലി ശിവരാത്രി ആഘോഷത്തിന് മുമ്പായി പൊളിച്ചുനീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. യോഗത്തില്‍ ബിജെപി ടൗണ്‍ പ്രസിഡന്റ് എ.സി. സന്തോഷ് കര്‍ത്ത അധ്യക്ഷത വഹിച്ചു. എ.എം. ദിനേശ്കുമാര്‍, അനില്‍കുമാര്‍, എം.ജി. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വകാര്യ വ്യക്തി കമ്പിവേലി കെട്ടി വളച്ചെടുത്ത സ്ഥലത്ത് ബിജെപി കൊടിനാട്ടി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: